ന്യൂഡല്‍ഹി: ഉടന്‍ തന്നെ നടക്കുന്ന കേന്ദ്ര മന്ത്രി സഭ വികസനത്തില്‍ നടന്‍ സുരേഷ് ഗോപിയെ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട്. സുരേഷ് ഗോപിയുടെ പേരും മെട്രോമാന്‍ ഇ ശ്രീധരന്റെ പേരും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. നേരത്തേ തന്നെ സുരേഷ് ഗോപിയുടെ പേര് ചര്‍ച്ചകളില്‍ ഇടംപിടിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് താത്പര്യമില്ലെന്നാണ് സൂചന. ഇ ശ്രീധനെ നിര്‍ണായക പദവികള്‍ നല്‍കണമെന്ന് ചര്‍ച്ചകള്‍ ഉണ്ട്. നേരത്തേ ശ്രീധരനെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പരിഗണിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇരുവരേയും കൂടാതെ സിവി ആനന്ദ ബോസ്, മുന്‍ ഡി.ജി.പി ജേക്കബ് തോമസ് എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്.
മന്ത്രിസഭയിലേക്ക് പുതുതായി 25 അംഗങ്ങളെ ഉള്‍പ്പെടുത്താനുള്ള സാധ്യതകളാണ് ഉള്ളത്. ഇതില്‍ അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്ക് കൂടുതല്‍ അവസരം ലഭിച്ചേക്കും.ഇത് കൂടാതെ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്കും അവസരം ലഭിക്കുമെന്നാണ് സൂചനകള്‍. സംസ്ഥാനത്ത് നിന്ന് സാധ്യതയുള്ള പേരുകള്‍ ഇവയാണ്
നിലവില്‍ മന്ത്രിസഭയില്‍ 51 അംഗങ്ങളാണ് ഉള്ളത്. പരമാവധി 81 വരെ പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാകും. ഈ സാധ്യത പരമാവധി പ്രയോദജനപ്പെടുത്താണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. അതോടൊപ്പം തന്നെ പല മന്ത്രിമാര്‍ക്കും സ്ഥാന നഷ്ടം സംഭവിച്ചേക്കുമെന്നുള്ള സൂചനയും ഉണ്ട്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കായിരിക്കും പ്രഥമ പരിഗണന.
ഉത്തര്‍പ്രദേശില്‍ നിന്ന് 6 പേര്‍ക്ക് മന്ത്രിസ്ഥാനം ലഭി്ചചേക്കും. കൂടാതെ ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഒഡിഷ, ഡല്‍ഹി,ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും.
ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി, മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തുന്നതില്‍ വലിയ പങ്കുവഹിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, അമസമില്‍ ഹിമന്ത ബിശ്വശര്‍മ്മയ്ക്കായി മുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന് വെച്ച സര്‍ബാനന്ദ സോനാവാള്‍ എന്നിവര്‍ക്ക് മന്ത്രിസഭയില്‍ അവസരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതുകൂടാതെ കേന്ദ്രമന്ത്രിയായിരിക്കെ അന്തരിച്ച എല്‍ജെപി നേതാവ് രാംവിലാസ് പസ്വാന് പകരം പാര്‍ട്ടിയില്‍ നിന്ന് ഒരാള്‍ക്ക് അവസരം നല്‍കും. ചിരാഗ് പസ്വാന് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും എല്‍ജെപിയില്‍ നിന്നും പിളര്‍ന്ന് പുറത്തെത്തിയ പശുപതി പരറസ് മന്ത്രിസ്ഥാനത്തിനായി നീക്കം നടത്തുന്നുണ്ട്. കഴിഞ്ഞ തവണ മന്ത്രിസ്ഥാനം വേണ്ടെന്ന് വെച്ച ജെഡിയുവിനും ഇത്തവണ മന്ത്രിസഭയില്‍ അവസരം നല്‍കിയേക്കും.
എന്തായാലും തിരുമാനം ഉടന്‍ ഉണ്ടാകുമെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നത്. നിലവിലെ സ്വതന്ത്രസഹമന്ത്രിമാരില്‍ പലരേയും ഒഴിവാക്കാനുള്ള സാധ്യതകള്‍ ഉണ്ടെന്നാണ് വിവരം. പുതുമുഖങ്ങള്‍ക്കായിരിക്കും കൂടുതലായി അവസരം ലഭിക്കുക.