അനില്‍ ആറന്മുള
ചിക്കാഗോ: അതിതീവ്രമായിരുന്ന കോവിഡ് മഹാമാരിയില്‍ നിന്നും കലാരംഗം ഉയിര്‍ത്തെഴുനേല്‍ക്കുന്നതിന്റെ ശം ഖൊലിയായി കേരള കലോത്സവം 2021. കേരളത്തില്‍ അരങ്ങേറിയിരുന്ന യൂത്ത് ഫെസ്റ്റിവല്‍ പോലെ ഒരുപക്ഷെ അതിനേക്കാള്‍ ഒരുപടി മികച്ച രീതിയില്‍ ഈ യുവജനോത്സവം സംഘടിപ്പിക്കുന്നത് എന്‍.എസ്.എസ് ഓഫ് ചിക്കാഗോ ആണ്.
കലാരംഗത്തെ മികച്ച പ്രതിഭകള്‍ സംഘാടകരായും വിധികര്‍ക്കളായും എത്തുന്നു എന്നത് കേരളകലോത്സവത്തിന്റെ ശോഭ കൂട്ടുന്നു. സംഗീത സംവിധായകന്‍ ഗോപീസുന്ദര്‍, ഗായകരായ സുധീപ് കുമാര്‍, വിവേകാനന്ദ്, വാദ്യ കലാകാരന്‍ വരുണ്‍ സുനില്‍ തുടങ്ങിയവരാണ് ജഡ്ജിങ് പാനലില്‍ ഉള്ളത്. പ്രമുഖ നടന്‍ വിജയ് ബാബു, നടി ഭാവന എന്നിവര്‍ പരിപാടിയുടെ അഭ്യുദയകാംഷികള്‍ ആയി ഒപ്പമുണ്ട്.
അമേരിക്ക-കാനഡ ഉള്‍പ്പെടുന്ന വടക്കേ അമേരിക്കയില്‍ നിന്നുള്ള നാലു വയസിനും പതിനെട്ടു വയസ്സിനും ഇടയിലുള്ള കുട്ടി കള്‍ക്കുവേണ്ടിയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സബ് ജൂനിയര്‍ (4-8 -), ജൂനിയര്‍ (9-13) സീനിയര്‍ (14-18) എന്നീ വിഭാഗങ്ങള്‍ പ്രായ പരിധി അനുസരിച്ച് ആയിരിക്കും മത്സരങ്ങള്‍. എല്ലാ വിഭാഗത്തില്‍ നിന്നും കലാ തിലകം, കലാ പ്രതിഭ ഉള്‍പ്പടെ നിരവധി സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരള നടനം ഉള്‍പ്പടെ 56 ല്‍ അധികം ഇനങ്ങള്‍ അവതരിപ്പിക്കുവാനുള്ള അവസരമുണ്ട്.
വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ ഓണ്‍ലൈന്‍ ആയി നടക്കുന്ന മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പറിനൊപ്പം കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടിയുടെ വിഡിയോയും keralakalolsavam.us എന്ന സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. അപ്‌ലോഡ്‌ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31, 2021 ആണ്.
മത്സരങ്ങളുടെ സംഘാടകരായി പ്രവര്‍ത്തിക്കുന്നത് ചിക്കാഗോയിലെ പല വേദികളിലും വിസ്മയം തീര്‍ത്തിട്ടുള്ള ചെണ്ട വാദ്യ കലാകാരനും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ ശ്യാം എരമല്ലൂര്‍, സൈക്കോളജിസ്റ്റും മൈ കര്‍മ്മ എന്ന ചാരിറ്റബിള്‍ സംഘടനയുടെ സ്ഥാപകയുമായ ദേവി ജയന്‍, അന്താരാഷ്ട്ര വേദികളിലും സൂര്യാ ഫെസ്റ്റിവല്‍ പോലുള്ള വേദികളിലും നിരവധി തവണ നിറഞ്ഞാടിയിട്ടുള്ള പ്രശസ്ത മോഹിനിയാട്ടം കലാകാരിയും കൊറിയോഗ്രാഫറുമായ ശ്രീവിദ്യ വിജയന്‍ എന്നിവരാണ്.
പ്രശസ്ത സിനിമാ സംവിധായകനും നിര്‍മാതാവുമായ ജയന്‍ മുളങ്ങാട് കോര്‍ഡിനേറ്റര്‍ ആണ്. യോഗേഷ് വിജയന്റെ നേതൃത്വത്തില്‍ യോക്കോ സര്‍വീസസ് ആണ് ഈ മെഗാ ഇവന്റിന് വെബ് സൗകര്യമൊരുക്കുന്നത്. ടോക്കിങ് ചോക്‌സ്, ഡോ. രാമദാസ് പിള്ള, ഡോ. ശ്രീകുമാര്‍ മാടശ്ശേരി എന്നിവര്‍ പരിപാടിയുടെ സ്‌പോണ്‍സര്‍മാരാണ്.
സ്മിത മേനോന്‍ (ന്യൂയോര്‍ക്), സോനാ നായര്‍ (മിനിയപോളിസ്), ദേവിക നായര്‍ (ന്യൂജേഴ്‌സി), അഞ്ജലി ജയറാം (ഫിലാഡല്‍ഫിയ), റുബീന സുധര്‍മന്‍ (ന്യൂജേഴ്‌സി), ഗീത നായര്‍ (ഇന്ത്യാനാ), ആതിര സുരേഷ് (ലോസാന്‍ജലസ്), ലക്ഷ്മി നായര്‍ (അറ്റ്‌ലാന്റ), ദേവിക രാജേഷ് (ഡിട്രോയിറ്റ്), അര്‍ച്ചന തമ്പി (വാഷിംഗ്ടണ്‍ ഡി.സി), മിനി നായര്‍ (കാനഡ), കാമ്യ പിള്ള (സാന്‍ ഹോസെ), ആതിര നായര്‍ (നോര്‍ത് കരോലിന) എന്നിവര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇവന്റ് ചെയേര്‍സ് ആയി പ്രവര്‍ത്തിക്കുന്നു.
മത്സരത്തിന്റെ പൂര്‍ണ വിവരങ്ങളും നിബന്ധനകളും keralakalolsavam.us എന്ന വെബ് സൈറ്റില്‍ ലഭിക്കും.