തിരുവനന്തപുരം: ഡി.ജി.പി പദവി തനിക്ക് അര്‍ഹതപ്പെട്ടതാണെന്ന് അവകാശമുന്നയിച്ച് ഫയര്‍ഫോഴ്‌സ് മേധാവി ഡോ. ബി. സന്ധ്യ. തനിക്ക് അര്‍ഹതപ്പെട്ട ഡി.ജി.പി പദവി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് സര്‍ക്കാറിന് സന്ധ്യ കത്തുനല്‍കി. ലോക്‌നാഥ് ബെഹ്‌റ വിരമിച്ച ഒഴിവില്‍ തനിക്ക് അര്‍ഹതപ്പെട്ട ഡി.ജി.പി പദവി അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം.
സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയെ തെരഞ്ഞെടുക്കാന്‍ യു.പി.എസ്.സി തയാറാക്കിയ മൂന്നംഗ ചുരുക്കപ്പട്ടികയില്‍ വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറിന് പുറമെ സന്ധ്യയും അനില്‍കാന്തുമാണുണ്ടായിരുന്നത്. സീനിയോറിറ്റിയില്‍ നിലവിലെ പോലീസ് മേധാവി അനില്‍ കാന്തിനെക്കാള്‍ മുന്നിലാണ്? സന്ധ്യ.
എ.ഡി.ജി.പിയായിരുന്ന അനില്‍കാന്തിനെ ഡി.ജി.പി ഗ്രേഡ് നല്‍കിയാണ് നിയമിച്ചത്. സന്ധ്യക്ക് ഡി.ജി.പി പദവി നല്‍കിയതുമില്ല.ഒന്നാം പിണറായി സര്‍ക്കാര്‍ പോലീസില്‍ ആദ്യം നടത്തിയ നിയമനം സന്ധ്യയെ ദക്ഷിണമേഖലാ എ.ഡി.ജി.പിയാക്കിയതായിരുന്നു. കോളിളക്കമുണ്ടാക്കിയ ജിഷ കേസിലെ പ്രതിയെ പിടികൂടി സന്ധ്യ കഴിവു കാട്ടി.
പിന്നീട് സ്ഥലം മാറ്റപ്പെട്ട സന്ധ്യയ്ക്ക് ക്രമസമാധാന ചുമതലകള്‍ നല്‍കിയിട്ടില്ല. ഏറെക്കാലം പോലീസിന്റെ സ്ത്രീസുരക്ഷാ പദ്ധതികളുടെ നടത്തിപ്പ് സന്ധ്യയ്ക്കായിരുന്നു. സ്ത്രീസുരക്ഷയെക്കുറിച്ച് ഗുരുതര ചോദ്യങ്ങളുയരുന്ന സാഹചര്യത്തില്‍ പോലീസിന്റെ തലപ്പത്ത് വനിതയെ പരിഗണിക്കാന്‍ സന്ധ്യയെ പരിഗണിക്കുമെന്നും സൂചനകളുണ്ടായിരുന്നു.