കണ്ണൂര്‍ : 18 കോടി രൂപയും കവിഞ്ഞ് സഹായ ഹസ്തം. ഒന്നര വയസ്സുകാരന്റെ ചികിത്സയ്ക്കായി 7 ദിവസം കൊണ്ട് മലയാളികള്‍ സമാഹരിച്ചത് 18 കോടി രൂപ. സ്‌പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്എംഎ) എന്ന ഗുരുതര രോഗം ബാധിച്ച മുഹമ്മദിനു വേണ്ടിയാണ് ലോക മലയാളികള്‍ കൈകോര്‍ത്തത്.
ഇതേരോഗം ബാധിച്ചു തളര്‍ന്നുപോയ മുഹമ്മദിന്റെ സഹോദരി അഷ്‌റഫയുടെ ശബ്ദസന്ദേശമാണ് കുഞ്ഞു മുഹമ്മദിനു വേണ്ടിയുള്ള സ്‌നേഹപ്രവാഹത്തിനു തുടക്കം കുറിച്ചത്. അനങ്ങാന്‍ പോലും പ്രയാസപ്പെടുന്ന അഫ്‌റയെന്ന പതിനഞ്ചുകാരി വീല്‍ചെയറില്‍ ഇരുന്നു പറഞ്ഞ ഈ വാക്കുകളാണ് ലോകം ഏറ്റെടുത്തത്: ‘‘പെട്ടെന്നു മരുന്നു കൊടുത്താല്‍ എന്റെ കുഞ്ഞനുജനെങ്കിലും രക്ഷപ്പെടും. അതിനായി എല്ലാവരും മനസ്സുവയ്ക്കണം.’’
9 ലക്ഷം മലയാളികള്‍ 200 രൂപ വീതം നല്‍കിയാല്‍ മുഹമ്മദിന് പുതുജീവനേകാമെന്ന സമൂഹമാധ്യമത്തിലെ സന്ദേശം കേരളത്തിലും വിദേശ രാജ്യങ്ങളിലുമുള്ള മലയാളികള്‍ പൂര്‍ണമായി ഏറ്റെടുത്തു. കല്യാശേരി എംഎല്‍എ എം. വിജിനും പഞ്ചായത്ത് പ്രസിഡന്റ് ഫാരീഷയും ഉള്‍പ്പെടുന്ന സഹായ സമിതിയും രൂപീകരിച്ചു.
മാട്ടൂല്‍ സ്വദേശി പി.കെ. റഫീഖിന്റെയും പി.സി. മറിയുമ്മയുടെയും മൂന്നാമത്തെ മകനാണ് മുഹമ്മദ്. ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നുകളിലൊന്നായ സോള്‍ജെന്‍സ്മയാണ് മുഹമ്മദിനു നല്‍കുക. 2 വയസ്സിനു മുന്‍പ് ഒറ്റത്തവണ മരുന്നു കുത്തിവച്ചാല്‍ രോഗം 90 ശതമാനവും ഭേദമാകുമെന്നു കുഞ്ഞിനെ ചികിത്സിക്കുന്ന കോഴിക്കോട് മിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു.
ഒരു വയസ്സു കഴിഞ്ഞിട്ടും കുഞ്ഞിനു നില്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് കഴിഞ്ഞ മാര്‍ച്ചില്‍ രോഗം എസ്എംഎ ആണെന്നു കണ്ടെത്തുന്നത്. പേശികള്‍ക്ക് ബലക്ഷയം സംഭവിക്കുന്ന ജനിതക രോഗമാണിത്.