തിരുവനന്തപുരം: സ്ത്രീശാക്തീകരണത്തിന് മാതൃകയാവുകയാണ് കേരളത്തിലെ പുതിയ കലക്ടര്‍മാരുടെ പട്ടിക. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പകുതിയിലേറെ ജില്ലകളുടെ ഭരണം സ്ത്രീകളുടെ കയ്യില്‍ ഏല്‍പ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍. പുതിയ നിയമനങ്ങള്‍ കൂടി വന്നതോടെ 8 ജില്ലകളില്‍ വനിതാ കലക്ടര്‍മാരായി.
കൂടുതല്‍ കരുതല്‍ ജനങ്ങളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഹരിതാ വി കുമാറിനാണ് തൃശൂരിലെ ചുമതല. പി.കെ ജയശ്രീയാണ് കോട്ടയം കളക്ടര്‍. ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് ആണ് പുതിയ കാസര്‍കോട് കളക്ടര്‍. പത്തനംതിട്ടയില്‍ ദിവ്യാ എസ് അയ്യറും. ഈ മാറ്റങ്ങള്‍ വരുത്തുമ്പോഴാണ് സ്ത്രീകള്‍ക്ക് കളക്ടര്‍മാരില്‍ കേരളത്തില്‍ ഭൂരിപക്ഷം കിട്ടുന്നത്.
ദിവ്യാ അയ്യറാണ് പത്തനംതിട്ടയുടെ സാരഥി. തിരുവനന്തപുരത്ത് നവ്‌ജ്യോത് ഖോസയും വയനാട്ടില്‍ അദിലാ അബ്ദുല്ലയും തുടരുകയും ചെയ്യുമ്പോഴാണ് കളക്ടര്‍മാരിലെ സ്ത്രീ ശാക്തീകരണം ചര്‍ച്ചയാകുന്നത്. കാസര്‍കോട്ട് ആദ്യമായാണു വനിതാ കലക്ടറെ നിയമിക്കുന്നത്.
അദീല അബ്ദുല്ല, നവ്‌ജ്യോത് ഖോസ, ദിവ്യ അയ്യര്‍ എന്നിവര്‍ മെഡിക്കല്‍ ഡോക്ടര്‍മാര്‍ കൂടിയാണ്. കോവിഡു കാലത്ത് ഇവരുടെ അറിവ് അതാത് ജില്ലകള്‍ക്ക് ഗുണകരമായി മാറും. വയനാട്ടില്‍ അദീല നടത്തുന്നത് അതിശക്തമായ ഇടപെടലാണ്. കോവിഡിനെ പിടിച്ചു നിര്‍ത്താനും വയനാടിന് കഴിഞ്ഞിട്ടുണ്ട്.
പത്തനംതിട്ടയിലും ദിവ്യാ അയര്‍ സജീവമാകുമ്പോള്‍ അതിവേഗ വ്യാപനത്തിന് കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരവും കോവിഡ് പ്രതിരോധത്തില്‍ മുമ്പിലാണ്. അതാത് ജില്ലകളിലെ കോവിഡ് പ്രതിരോധം ഉള്‍പ്പെടെ നിര്‍ണായക ദൗത്യങ്ങളാണ് കളക്ടര്‍മാര്‍ക്ക് നിര്‍വഹിക്കാനുള്ളത്. അമ്പത് ശതമാനത്തിലേറെ കളക്ടര്‍മാരില്‍ പ്രാതിനിധ്യം സ്ത്രീകള്‍ നേടുകയാണ്.
നിയമസഭയില്‍ 33 ശതമാനം സംവരണം എന്ന ആവശ്യം എങ്ങും എത്താതിരിക്കുമ്പോഴാണു ജില്ലാ ഭരണകൂടങ്ങളുടെ തലപ്പത്തു വനിതാ മേധാവിത്വം. പൊലീസ് മേധാവിയായി സന്ധ്യ എത്തുമെന്ന് കരുതിയവര്‍ക്കും തെറ്റി. ഇത് സര്‍ക്കാരിന്റെ സ്ത്രീശാക്തീകരണ ചിന്തകളില്‍ വെള്ളം ചേരുന്നതായുള്ള ചര്‍ച്ചകള്‍ എത്തി.
ഇതിനിടെയാണ് കളക്ടര്‍മാരുടെ സ്ഥലം മാറ്റത്തിലൂടെ പിണറായി പുതു മാതൃക തീര്‍ക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ശബരീനാഥിന്റെ ഭാര്യയാണ് ദിവ്യാ അയ്യര്‍. രാഷ്ട്രീയ പശ്ചാത്തലം പോലും നോക്കാതെ പത്തനംതിട്ട ജില്ല അവരെ ഏല്‍പ്പിക്കുകയാണ് പിണറായി.
ക്രമസമാധാനത്തിലും മറ്റും കളക്ടര്‍ക്ക് നിര്‍ണ്ണായക റോളുണ്ട്. സ്ത്രീ പീഡനത്തിലും മറ്റും ഇരകള്‍ സമാശ്വാസമായി കളക്ടര്‍മാറുമെന്ന പ്രതീക്ഷയും പൊതു സമൂഹത്തിനുണ്ട്.