കോട്ടക്കല്‍: കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും മെഡിക്കല്‍ ഡയറക്ടറുമായ പദ്മഭൂഷണ്‍ ഡോ. പി.കെ വാര്യര്‍ അന്തരിച്ചു.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോട്ടക്കലിലെ വസതിയായ കൈലാസ മന്ദിരത്തില്‍ വെച്ചായിരുന്നു അന്ത്യം. നൂറ് വയസായിരുന്നു. ആയര്‍വേദ ചികിത്സയ്ക്ക് നല്‍കിയ സംഭവനയ്ക്ക് രാജ്യം പദ്മശ്രീയും പദ്മഭൂഷണും നല്‍കി ആദരിച്ച ആയുര്‍വ്വേദ ആചാര്യന്‍ കൂടിയായിരുന്നു പി.കെ വാര്യര്‍.
കഴിഞ്ഞ ജൂണ്‍ എട്ടിനാണ് പി.കെ വാര്യരുടെ ശതാബ്ദി ആഘോഷം നടത്തിയത്. കേരളത്തിന്റെ ചികിത്സാ പെരുമ ലോകത്തിന്റെ നെറുകയിലെത്തിച്ചതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ അമരക്കാരനായിരുന്നു പി.കെ വാര്യര്‍.
കഠിന പ്രയത്‌നത്തിലൂടെയും പരീക്ഷണങ്ങളിലൂടെയും അദ്ദേഹം ആയുര്‍വേദത്തെ ലോകത്തിന് പൂര്‍ണമായും പരിചയപ്പെടുത്തി കൊടുത്തു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയുര്‍വേദ ചികിത്സാ രീതികള്‍ പഠിക്കാനായി നിരവധി പേരാണ് കേരളത്തിലെത്തിയത്.
പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരുമടക്കം വി.വി.ഐപികള്‍ ഡോ പി.കെ വാര്യരുടെ സ്‌നേഹസ്പര്‍ശം തേടി കോട്ടക്കലിലേക്ക് എത്തിയിരുന്നു.
മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ എന്ന ഗ്രാമത്തില്‍ 1921 ജൂണ്‍ 5 നാണ് പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാരിയര്‍ ജനിക്കുന്നത്. ശ്രീധരന്‍ നമ്പൂതിരിയുടെയും പന്ന്യംപള്ളി കുഞ്ഞിവാരസ്യാരുടെയും മകനായിട്ടായിരുന്നു ജനനം.
കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വൈദ്യപഠനം പൂര്‍ത്തിയാക്കിയത് വൈദ്യരത്‌നം പിഎസ് വാര്യര്‍ ആയുര്‍വേദ കോളേജിലായിരുന്നു.
ആര്യവൈദ്യശാലയുടെ സ്ഥാപകനായ ഡോ. പി.എസ് വാര്യരുടെ അനന്തരവന്‍ കൂടിയാണ് ഡോ. പി.കെ വാര്യര്‍. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തന്നെ പി.എസ് വാര്യരുടെ കാലശേഷം വൈദ്യശാല ഏറ്റെടുത്ത് നടത്തി.
അത് അന്താരാഷ്ട്ര തലത്തിലേയ്ക്ക് വളര്‍ത്തിയെടുക്കുന്നതിലും ഡോ പികെ വാര്യര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ആയുര്‍വേദ ശാസ്ത്രത്തിന് മുഖം നല്‍കിയ പ്രതിഭ എന്ന രീതിയിലാണ് പികെ വാര്യരെ ലോകം ആദരിക്കുന്നത്.
‘സ്മൃതി പര്‍വ്വം’ എന്ന പി.കെ വാര്യരുടെ ആത്മകഥയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെമ്പാടും പിന്നീട് രാജ്യത്തിന് പുറത്തേക്കും കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചത് ഡോ പികെ വാര്യരാണ്. 1999ല്‍ പത്മശ്രീയും 2009ല്‍ പത്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.