മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ മണ്ണിടിച്ചിലില്‍ അമ്പതോളം പേര്‍ മരിച്ചു. കൊങ്കണ്‍ മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ആയിരക്കണക്കന് പേര്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ടു.
ഹെലികോപ്ടറുകള്‍ അടക്കം ഉപയോഗിച്ചാണ് റായ്ഗഡ് ജില്ലയിലെ വെള്ളപ്പൊക്കെ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത്. മുംബൈ നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണിത്.
കുടുങ്ങി കിടക്കുന്നവരോട് വീടിന്റെ മേല്‍ക്കൂരകളിലേക്കും ഉയര്‍ന്ന പ്രദേശങ്ങളിലേക്കും മാറിനില്‍ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇന്നലെ മൂന്ന് മണ്ണിടിച്ചിലുകളിലായിട്ടാണ് 36 പേര്‍ മരിച്ചത്. ഒരിടത്ത് നിന്ന് 32 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മറ്റിടങ്ങളില്‍ നിന്ന് നാല് മൃതദേഹങ്ങളും കണ്ടെത്തി.
പ്രദേശിക ഭരണകൂടങ്ങളുമായും ഉദ്യോഗസ്ഥരുമായും സംസാരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സ്ഥിതിഗതികള്‍ വിലയിരുത്തി.
നാവികസേനയും രണ്ട് രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍, 12 പ്രാദേശിക ദുരിതാശ്വാസ സംഘങ്ങള്‍, രണ്ട് തീര സംരക്ഷണ സേന, ദേശീയ ദുരന്ത നിവാരണ സേനയിലെ മൂന്ന് ടീം തുടങ്ങിയവരെ വെള്ളപ്പൊക്ക പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.