പി.പി. ചെറിയാന്‍
ഫോര്‍ട്ട് വര്‍ത്ത് : ജൂലായ് 27 തിങ്കളാഴ്ച പുലര്‍ച്ചെ ഫോര്‍ട്ട് വര്‍ത്ത് ബ്രയാന്റ് ഇര്‍വിംഗ് റോഡിലെ വീടിന് പുറകില്‍ പാര്‍ട്ടി നടത്തിയിരുന്നവര്‍ക്കു നേരെ വെടിവെച്ച പ്രതിയെ ജനകൂട്ടം കല്ലെറിഞ്ഞു കൊലപ്പെടുത്തി.
പ്രതി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും, പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്ന നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രി തുടങ്ങിയ പാര്‍ട്ടിയില്‍ പങ്കെടുത്തു കൊണ്ടിരുന്ന പ്രതി എന്തോ പ്രശ്‌നത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്തു പോകുകയും, മറ്റൊരാളുമായി വീണ്ടും പാര്‍ട്ടിയിലേക്ക് വരികയും ചെയ്തു. തുടര്‍ന്നാണ് പ്രതി ആളുകള്‍ക്കു നേരെ വെടിയുതിര്‍ത്തത്.
വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ പിന്തുടര്‍ന്നു. ഇവര്‍ക്കു നേരേയും പ്രതി വെടിയുതിര്‍ത്തു. ഇതില്‍ പ്രകോപിതരായി ജനകൂട്ടം കയ്യില്‍ കിട്ടിയ കല്ലെടുത്തു പ്രതിക്കു നേരെ എറിയുകയായിരുന്നു. നിലത്തു വീണ പ്രതി അവിടെ കിടന്നു തന്നെ മരിക്കുകയായിരുന്നു.
പോലീസ് മരണം സ്ഥിരീകരിച്ചുവെങ്കിലും, മരണകാരണം വെളിപ്പെടുത്തിയില്ല. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായും ഫോര്‍ട്ട് വര്‍ത്ത് പോലീസ് പറഞ്ഞു.
പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ പരസ്പരം പരിചയമുള്ളവരാണെന്നും, ആരുടെയും പേരു വിവരം ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും, ആരുടെയും പേരില്‍ കേസ്സ് ചാര്‍ജ്ജു ചെയ്തിട്ടില്ലെന്നും ഫോര്‍ട്ട് വര്‍ത്ത് പോലീസ് ഡിപ്പാര്‍ട്ടുമെന്റ് വക്താവ് ട്രേയ്‌സി കാര്‍ട്ടര്‍ പറഞ്ഞു.