വാഷിംഗ്ടണ്‍: ചൈനയ്ക്കെതിരായ തന്റെ നിലപാട് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക്. താന്‍ പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ ചൈനയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും.
ഏഷ്യന്‍ സൂപ്പര്‍പവറിനെ, ആഭ്യന്തര, ആഗോള സുരക്ഷയ്ക്ക് ഭീഷണിയായതിനെതിരെ നടപടികള്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി പദത്തിലേക്കുള്ള വോട്ടെടുപ്പിന്റെ പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുകെ-ചൈന ബന്ധം വികസിപ്പിക്കുന്നതില്‍ വ്യക്തവും പ്രായോഗികവുമായ കാഴ്ചപ്പാടുള്ള’ മത്സരത്തിലെ ഏക സ്ഥാനാര്‍ത്ഥി സുനക്ക് മാത്രമാണെന്ന് ചൈനയുടെ ഔദ്യോഗിക മാദ്ധ്യമം അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് സുനക് തന്റെ നിലപാട് വ്യക്തമാക്കിയത്.
ചൈനയുടെ ചാരവൃത്തിയെ ചെറുക്കാന്‍ ബ്രിട്ടന്റെ ആഭ്യന്തര ചാരസംഘടനയായ എംഐ5 ഉപയോഗിക്കും. സൈബര്‍സ്‌പേസിലെ ചൈനീസ് ഭീഷണികളെ നേരിടാന്‍ ‘നാറ്റോ-ശൈലി’ പോലുള്ള അന്താരാഷ്ട്ര സഹകരണം കെട്ടിപ്പടുക്കാന്‍ ശ്രമിക്കും.
ബ്രിട്ടനിലെ 30 കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും അടച്ചുപൂട്ടുക, സംസ്‌കാരത്തിലൂടെയും ഭാഷാ പഠനത്തിലൂടെയും ചൈനീസ് സ്വാധീനം വ്യാപിക്കുന്നത് തടയുക എന്നതും സുനക്കിന്റെ വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുന്നു.