പിതൃസ്മരണ പുതുക്കി ആയിരങ്ങള്‍ വാവുബലിയര്‍പ്പിച്ചു. ദക്ഷിണായനത്തിലെ പ്രഥമ അമാവാസി. 12 വാവുകളുണ്ടെങ്കിലും കര്‍ക്കടക വാവിനു പ്രാധാന്യം കൂടും. പിതൃശാപം ഒഴിവാക്കാനും അതില്‍ നിന്നു മോക്ഷം നേടാനും പഴയ തലമുറ അമാവാസി നാളില്‍ ശ്രാദ്ധമൂട്ടറുണ്ട്. വടക്കന്‍ കേരളത്തില്‍ പഴയ തലമുറ 12 വാവും ആചരിച്ചിരുന്നു. പിന്നീടത് 4 വാവുകളായി മാറി. തുലാം കുംഭം, മേടം, കര്‍ക്കടകം എന്നീ മാസങ്ങളിലാണ് 4 വാവുകള്‍. ഇതില്‍ പ്രധാനം കര്‍ക്കടക വാവു തന്നെ.
ഭവനത്തിലും ക്ഷേത്രത്തിലും പുണ്യനദികളിലും വാവുബലി നടത്തി. വാവുബലിയും വാവ് ഒരിക്കലുമൊക്കെയായി വാവിന് ഏറെ പ്രത്യേകതകളുണ്ട്. തമിഴ് ബ്രാഹ്മണ സമൂഹം 12 വാവുകളും ആചരിക്കാറുണ്ട്. എന്നാല്‍ ഇവര്‍ക്കിടയില്‍ വാവുബലിയില്ല.

തര്‍പ്പണം മാത്രമേയുള്ളൂ. അവര്‍ എള്ളും ജലവും മാത്രമാണ് ഉപയോഗിക്കുന്നത്. മറ്റുള്ളവര്‍ക്കു വാവുബലിയാണ്. അവര്‍ അതിനു ചോറ് ഉപയോഗിക്കും. മാത്രവുമല്ല മദ്യവും മാംസവും ഗുരു കാരണവന്മാര്‍ക്കു നിവേദിക്കുന്ന സമ്പ്രദായവുമുണ്ട്. തെയ്യം കുലപതി കരിവെള്ളൂരിലെ മണക്കാടന്‍ ഗുരുക്കളുടെ സമാധി മണ്ഡപത്തില്‍ കര്‍ക്കടക വാവ് പ്രസിദ്ധമാണ്.
കര്‍ക്കടക വാവിനു പിതൃതര്‍പ്പണം നടത്താന്‍ പുതുതലമുറ കൂടുതലും ആശയിക്കുന്നത് ക്ഷേത്രങ്ങളെയാണ്. പഴയ കാലത്തു കോലസ്വരൂപത്തിലുള്ളവര്‍ വിഷ്ണു പാദവും അള്ളട സ്വരൂപത്തിലുള്ളവര്‍ ശൈവ പാദവുമായിരുന്നു പ്രധാനമായും സ്വീകരിച്ചിരുന്നത്.
എന്നാല്‍ കോലസ്വരൂപത്തിലെ വിഷ്ണു പാദ സങ്കല്‍പമായിരുന്ന രാമന്തളിയിലെ നരയന്‍ കണ്ണൂര് ക്ഷേത്രം നാവിക അക്കാദമിക്ക് അകത്തായതോടെ ആ സൗകര്യം ഇല്ലാതായി.
കോവിഡ് പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങളിലും തീര്‍ഥസ്ഥാനങ്ങളിലും ഇത്തവണയും ബലിതര്‍പ്പണമില്ല. ബലിതര്‍പ്പണത്തിനു സാധ്യതയുള്ള ക്ഷേത്രങ്ങളിലെല്ലാം കര്‍ക്കടക വാവിനു സൗകര്യമൊരുക്കാറുണ്ടായിരുന്നു. എന്നാല്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തവണ മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലും ബോര്‍ഡിനു കീഴില്‍ വരാത്ത പ്രധാന ക്ഷേത്രങ്ങളിലും ബലിതര്‍പ്പണം ഒഴിവാക്കിയിട്ടുണ്ട്.
ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും പ്രദേശികമായി നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വീടുകളില്‍ തര്‍പ്പണം നടത്താനുള്ള ഒരുക്കത്തിലാണു വിശ്വാസികള്‍. പിതൃക്കള്‍ക്കു വേണ്ടി ചെയ്യുന്ന തിലഹോമം, പിതൃ നമസ്ക്കാരം എന്നീ പൂജകള്‍ ക്ഷേത്രങ്ങളില്‍ നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണു ഭക്തജനങ്ങള്‍ക്കു പ്രവേശനം.