ന്യൂഡല്‍ഹി: 75ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്.
കോവിഡ് മഹാമാരിക്കിടയില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ചെങ്കോട്ടയിലെ ചടങ്ങുകള്‍. ഒളിംപിക്‌സിലെ ഇന്ത്യയുടെ അഭിമാന താരങ്ങള്‍ വിശിഷ്ടാതിഥികളായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.
പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദിയുടെ 8ാം സ്വാതന്ത്ര്യദിന പ്രസംഗമാണ് ഇന്നത്തേത്. സുരക്ഷാ ഭീക്ഷണി കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് ഡല്‍ഹി.
അതിനിടെ, വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ സ്വാതന്ത്ര്യദിനം ‘കിസാന്‍ മസ്ദൂര്‍ ആസാദി സംഗ്രം ദിവസ്’ ആയി ആചാരിക്കും. സമര കേന്ദ്രമായ ഡല്‍ഹി അതിര്‍ത്തികളിലടക്കം രാജ്യവ്യാപകമായി റാലികള്‍ സംഘടിപ്പിക്കും.11 മുതല്‍ 1 മണി വരെയാകും റാലി.
സിംഘു അതിര്‍ത്തിയില്‍നിന്ന് 8 കിലോമീറ്റര്‍ റാലി സംഘടിപ്പിക്കാനാണ് തീരുമാനം. ട്രാക്ടറുകളിലും ബൈക്കുകളിലും ദേശീയപതാകയ്‌ക്കൊപ്പം കര്‍ഷക സംഘടനാ പതാകകളും കെട്ടിയാകും റാലി. ഡല്‍ഹിക്കുള്ളിലേക്ക് റാലി കടക്കില്ലെന്ന് സംഘടന നേതാക്കള്‍ അറിയിച്ചു.
ഹരിയാനയിലെ ജിന്ദില്‍ ട്രാക്ടര്‍ റാലി സംഘടിപ്പിക്കുന്ന കര്‍ഷകര്‍ ഡല്‍ഹിയിലേക്കുള്ള ദേശീയപാത ഉപരോധിക്കും.