കാബൂള്‍: താലിബാന്‍ അധികാരം പിടിച്ചതിനെ തുടര്‍ന്ന് അഫ്ഗാനിസ്താനില്‍ വരുന്നവര്‍ക്ക് അഭയം നല്‍കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്.
കാനഡ, ചിലി, യു.കെ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ് അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കുമെന്ന് അറിയിച്ചിരിക്കുന്നത്. നേരത്തെ പരാമാവധി അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കാന്‍ ലോകരാജ്യങ്ങള്‍ തയാറാവണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിരുന്നു.
അഫ്ഗാനില്‍ നിന്ന് വരുന്ന 5000 പേര്‍ക്ക് നല്‍കുമെന്ന് യു.കെ അറിയിച്ചു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാവും മുന്‍ഗണ നല്‍കുക. നേരത്തെ 5000ത്തോളം അഫ്ഗാന്‍ പൗരന്‍മാരെ സ്വാഗതം ചെയ്യുമെന്നും യു.കെ അറിയിച്ചിരുന്നു.
ഇതിന് പുറമേയൊണ് കൂടുതല്‍ പേരെ സ്വാഗതം ചെയ്യുന്നത്. സാധ്യമായ സഹായമെല്ലാം അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് നല്‍കുമെന്ന് യു.കെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞു. യു.കെയില്‍ അഭയാര്‍ഥികള്‍ക്ക് ഒരു പുതിയ ജീവിതം തുടങ്ങാനാവശ്യമായ സഹായങ്ങളാവും നല്‍കുകയെന്നും അവര്‍ വ്യക്തമാക്കി.
ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയും അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് സഹായവാഗ്ദാനവുമായി രംഗത്തെത്തി. 10 സ്ത്രീ അവകാശ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അഭയം നല്‍കുമെന്നാണ് ചിലി അറിയിച്ചിരിക്കുന്നത്.
ചിലി പ്രസിഡന്‍റ് സെബാസ്റ്റ്യ പിനേറ ബുധനാഴ്ച രാവിലെയാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ താലിബാന്‍ സര്‍ക്കാര്‍ ക്രൂരമായാണ് സ്ത്രീകളോട് പെരുമാറിയതെന്ന് പിനേറ പറഞ്ഞു.
സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി മുന്‍നിരയിലുണ്ടായിരുന്ന സ്ത്രീ അവകാശ പ്രവര്‍ത്തകരെ ചിലി സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.