Friday, October 11, 2024

HomeNewsIndiaകല്യാണ്‍ സിങ്ങിന്റെ മരണത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അനുശോചിച്ചു

കല്യാണ്‍ സിങ്ങിന്റെ മരണത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അനുശോചിച്ചു

spot_img
spot_img

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്റെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കല്യാണ്‍ സിങ്ങിന്റെ മരണത്തില്‍ വാക്കുകളാല്‍ പ്രകടിപ്പിക്കാനാവുന്നതിന് അപ്പുറം ദുഃഖിതനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യതന്ത്രജ്ഞനും മികച്ച ഭരണാധികാരിയും മഹാനായ മനുഷ്യനുമായിരുന്നു കല്യാണ്‍ സിങ്ങെന്നും ഉത്തര്‍ പ്രദേശിന്റെ വികസനത്തില്‍ മറക്കാനാകാത്ത സംഭാവന നല്‍കിയിരുന്നെന്നും മോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കല്യാണ്‍ സിങ്ങിന്റെ മകന്‍ രാജ് വീറിനോട് സംസാരിച്ചതായും അനുശോചനം അറിയിച്ചതായും മോദി പറഞ്ഞു.

കല്യാണ്‍ സിങ്ങിന് ജനങ്ങളുമായി ‘മാന്ത്രികബന്ധ’മുണ്ടായിരുന്നെന്ന് രാഷ്ട്രപതി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ തുടങ്ങിയവരും അനുശോചനം അറിയിച്ചു.

രക്തത്തിലെ അണുബാധ, മറ്റ് വാര്‍ധക്യസഹജമായ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയെ തുടര്‍ന്ന് ജൂലൈ നാലിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഡയാലിസിസിന് വിധേയനാക്കിയിരുന്നു.

യു.പിയിലെ അത്രൗളിയില്‍ 1932 ജനുവരി അഞ്ചിനാണ് കല്യാണ്‍ സിങ്ങിന്റെ ജനനം. രണ്ടുതവണ ഉത്തര്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായിട്ടുണ്ട്. 1991 ജൂണ്‍ മുതല്‍ 1992 ഡിസംബര്‍ വരെയും 1997 സെപ്റ്റംബര്‍ മുതല്‍ 1999 നവംബര്‍ വരെയുമാണ് യു.പി. മുഖ്യമന്ത്രിയായിരുന്നത്.

ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് കല്യാണ്‍ സിങ് ആയിരുന്നു സംസ്ഥാന മുഖ്യമന്ത്രി. 2014 മുതല്‍ 2019 വരെ രാജസ്ഥാന്റെ ഗവര്‍ണര്‍ പദവിയും കല്യാണ്‍ സിങ് വഹിച്ചിട്ടുണ്ട്.

ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു പിന്നാലെ കല്യാണ്‍ സിങ് രാജിവെച്ചു. അതേദിവസം തന്നെ അന്നത്തെ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിടുകയും ചെയ്തു. ബാബ്‌റി മസ്ജിദ് തകര്‍ക്കല്‍ കേസില്‍ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്കൊപ്പം കല്യാണ്‍ സിങ്ങും പ്രതിചേര്‍ക്കപ്പെട്ടിരുന്നു.

ഗൂഢാലോചനക്കുറ്റമായിരുന്നു സിങ്ങിനു മേല്‍ ചുമത്തിയിരുന്നത്. എന്നാല്‍ പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന പ്രചാരണത്തിന് ഉറച്ചപിന്തുണ നല്‍കിയിരുന്നവരില്‍ പ്രമുഖനായിരുന്നു കല്യാണ്‍ സിങ്.

സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്നു കല്യാണ്‍ സിങ്. സ്വദേശമായ അലിഗഢിലായിരുന്നു പ്രവര്‍ത്തനം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കല്യാണ്‍ സിങ്ങിന് ഉത്തര്‍ പ്രദേശില്‍ അധ്യാപകനായി ജോലി ലഭിച്ചു.

1967ല്‍ അത്രൗളി മണ്ഡലത്തില്‍നിന്നാണ് ആദ്യം ജനവിധി തേടുന്നത്. 1969, 1974, 1977, 1980, 1985, 1989, 1991, 1993, 1996, 2002 എന്നീ വര്‍ഷങ്ങളില്‍ ഇതേ മണ്ഡലത്തില്‍ മത്സരിച്ചു. ഇക്കാലയളവില്‍ ഒരുതവണ 1989ല്‍ മാത്രമാണ് അദ്ദേഹം പരാജയപ്പെട്ടത്. ബാക്കി ഒന്‍പതു തവണയും വിജയിച്ചു. 1980ല്‍ ഉത്തര്‍ പ്രദേശ് ബി.ജെ.പി. ജനറല്‍ സെക്രട്ടറിയായി. 1984ല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പദത്തിലുമെത്തി.

1999ല്‍ ബി.ജെ.പി വിട്ട കല്യാണ്‍ സിങ് രാഷ്ട്രീയ ക്രാന്തി പാര്‍ട്ടി രൂപവത്കരിച്ചു. 2002ല്‍ ആര്‍.കെ.പി. സ്ഥാനാര്‍ഥിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചു. 2004 ജനുവരിയില്‍ സിങ് ബി.ജെ.പിയില്‍ തിരികെയെത്തി.

എന്നാല്‍ 2009ല്‍ വീണ്ടും ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവെച്ചു. 2010ല്‍ ജന്‍ ക്രാന്തി എന്ന പാര്‍ട്ടി രൂപവത്കരിച്ചു. 2013ല്‍ ജന്‍ ക്രാന്തി പാര്‍ട്ടി ബി.ജെ.പിയില്‍ ലയിച്ചു. 2014ല്‍ സിങ് വീണ്ടും ബി.ജെ.പിയിലെത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments