Friday, June 7, 2024

HomeNewsIndiaകേരളത്തിന്റെ ആദ്യ ഗഗനചാരി പ്രശാന്തിന്റെ മനം കവര്‍ന്ന നടി ലെന

കേരളത്തിന്റെ ആദ്യ ഗഗനചാരി പ്രശാന്തിന്റെ മനം കവര്‍ന്ന നടി ലെന

spot_img
spot_img

എ.എസ് ശ്രീകുമാര്‍

ബഹിരാകാശത്ത് മനുഷ്യരെ എത്തിക്കുന്ന ഇന്ത്യയുടെ ‘ഗഗന്‍യാന്‍’ എന്ന അഭിമാന ദൗത്യത്തിന്റെ സംഘത്തലവനായി പാലക്കാട്ടുകാരന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരുടെ പേര് ഇന്നലെ തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യപിച്ചപ്പോള്‍ മലയാളത്തിന്റെ ശ്രദ്ധേയയായ നടി ലെനയും ഒരു സര്‍പ്രൈസ് വെളിപ്പെടുത്തല്‍ നടത്തി…”ഇത് എന്റെ ജീവിത പങ്കാളി…” എന്ന്.

പ്രശാന്തുമായുള്ള വിവാഹത്തിന്റെ സസ്‌പെന്‍സ് പൊട്ടിച്ചുകൊണ്ട് ലെന ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റ് ഇങ്ങനെ… ”ഇന്ന്, 2024 ഫെബ്രുവരി 27-ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യന്‍ എയര്‍ഫോസ് ഫൈറ്റര്‍ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ക്ക് ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശ യാത്രിക വിംഗുകള്‍ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണ്. ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാന്‍ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങില്‍ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാന്‍ ഞാന്‍ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു…”

ബഹിരാകാശത്തെ നക്ഷത്രങ്ങളുടെ കാവലുള്ള ഭ്രമണപഥത്തിലേക്ക് പറക്കാന്‍ പോകുന്ന പ്രശാന്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴാണ് നാം അറിയുന്നതെങ്കില്‍ നടി ലെന മലയാളികള്‍ക്ക് സുപരിചിതയാണ്. പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത് ചിറ്റിലഞ്ചേരി വിളമ്പില്‍ ബാലകൃഷ്ണന്‍ നായരുടെയും തിരുവഴിയാട് പൂളങ്ങാട്ട് പ്രമീളയുടെയും രണ്ടാമത്തെ മകനാണ്.

നാലാം ക്ലാസുവരെ പ്രാഥമിക വിദ്യാഭ്യാസം എഞ്ചിനിയരായ അച്ഛന്റെ ജോലിസ്ഥലമായ കുവൈത്തിലും പിന്നീട് പ്ലസ് ടു വരെ പല്ലാവൂര്‍ ചിന്മയ വിദ്യാലയത്തിലുമാണ് പഠിച്ചത്. പാലക്കാട് അകത്തേത്തറ എന്‍എസ്എസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരിക്കെ നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ (എന്‍.ഡി.എ) ചേര്‍ന്നു. ഇവിടെ പരിശീലനം പൂര്‍ത്തിയാക്കി 1999 ജൂണില്‍ വ്യോമസേനയുടെ ഭാഗമായി. 1999-ല്‍ കമ്മിഷന്‍ഡ് ഓഫീസറായാണ് വ്യോമസേനയിലെ തുടക്കം.

മോണ്ട്‌ഗോമറിയിലെ മാക്‌സ്‌വെല്‍ എയര്‍ഫോഴ്‌സ് ബേസിലുള്ള യു.എസ് എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടിയ ആളാണ് പ്രശാന്ത് 1998-ല്‍ ഇദ്ദേഹം ഹൈദരബാദ് വ്യോമസേന അക്കാദമിയില്‍ നിന്ന് സ്വോര്‍ഡ് ഓഫ് ഓണര്‍ നേടിയിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തോളമായി ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള പരിശീലനത്തിലാണ് പ്രശാന്തും ഗ്രൂപ്പ് കാപ്റ്റന്‍ അജിത് കൃഷ്ണന്‍, ഗ്രൂപ്പ് കാപ്റ്റന്‍ അംഗദ് പ്രതാപ്, വിംഗ് കമാന്റര്‍ ശുബാന്‍ഷു ശുക്ല എന്നിവരും.

ഗഗന്‍യാന്‍ ദൗത്യത്തിനായി നൂറു കണക്കിനുപേരെ പ്രാഥമിക ആരോഗ്യ-ശാരീരിക പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു. കര്‍ശന പരിശോധനകളില്‍ മിക്കവരും പരാജയപ്പെട്ടു. തുടര്‍ന്നുണ്ടാക്കിയ ഷോര്‍ട്ട് ലിസ്റ്റില്‍ നിന്നാണ് പ്രശാന്ത് ഉള്‍പ്പെടെ നാല് വ്യോമസേനാ പൈലറ്റുമാരെ അന്തിമമായി തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദൗത്യസംഘത്തെ പ്രഖ്യാപിച്ചപ്പോള്‍ ലോകമലയാളികളും ആഹ്ലാദത്തിന്റെ മേഘച്ചിറകിലേറി.

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിലാണ് താനെന്നും രാജ്യത്തിന് അഭിമാന ദൗത്യത്തിന്റെ ഭാഗമായ പ്രശാന്ത് ബാലകൃഷ്ണനെ വിവാഹം കഴിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ലെന പറയുന്നു. 2013-ലെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ലെന 2004 ജനുവരി 16-ന് പ്രമുഖ തിരക്കഥാകൃത്തായ അഭിലാഷിനെ വിവാഹം ചെയ്‌യ്തിരുന്നു. അസോസിയേറ്റ് സംവിധായകനായി ‘സാള്‍റ്റ് ആന്‍ഡ് പെപ്പര്‍’ സിനിമയിലൂടെയും പിന്നീട് 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലെ തിരക്കഥയിലൂടെയും പ്രശസ്തനായി. പിന്നീട് ഇരുവരും 2011-ല്‍ വിവാഹ ബന്ധം വേര്‍പെടുത്തി.

വിവാഹ മോചനത്തെക്കുറിച്ച് ലെന പറഞ്ഞ വാക്കുകള്‍ അന്ന് വൈറലായിരുന്നു… ”അഭിലാഷ് എന്റെ ബാല്യകാല സുഹൃത്തായിരുന്നു. ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെയാണ് കല്യാണം കഴിച്ചത്. പിന്നെ കുറേ കാലം കല്യാണം കഴിച്ച് ജീവിച്ച ശേഷം ആറാം ക്ലാസ് മുതല്‍ നീ എന്റെ മുഖവും ഞാന്‍ നിന്റെ മുഖവുമല്ലേ കണ്ടുകൊണ്ടിരിക്കുന്നത്, നീ കുറച്ച് പോയി ലോകമൊക്കെ ഒന്ന് കാണ്, ഞാനും പോയി ഒന്നും കാണട്ടെ എന്ന് പറഞ്ഞ് ഞങ്ങള്‍ ഡിവോഴ്‌സ് ചെയ്തു. വളരെ ഫ്രണ്ട്‌ലിയായാണ് പിരിഞ്ഞത്…”

തൃശൂരിലെ സെവന്ത്‌ഡേ അഡ്വന്റിസ്റ്റ് സ്‌കൂളിലും ഹരിശ്രീ വിദ്യാ നിഥി സ്‌കൂളിലുമായിരുന്നു ലെനയുടെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് വിദൂര വിദ്യാഭ്യാസത്തിലൂടെ കൊമേഴ്‌സില്‍ ബിരുദം നേടി. പഠിക്കുന്നതിനിടക്ക് നാടക ട്രൂപ്പ് തുടങ്ങാനായി പദ്ധതിയിട്ടിരുന്ന ലെനയെ പ്രിന്‍സിപ്പലാണ് സംവിധായകന്‍ ജയരാജിനെ പരിചയപ്പെടുത്തുന്നത്. ജയരാജിന്റെ സ്‌നേഹത്തിന് പുറമെ കരുണം, ശാന്തം എന്നീ സിനിമകളില്‍ അഭിനയച്ചു.

പ്രജ്യോതി നികേതന്‍ എന്ന പുതുക്കാടുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബിരുദ പഠനം ചെയ്യുന്ന സമയത്ത് ‘രണ്ടാം ഭാവം’ എന്ന സിനിമയില്‍ അഭിനയിച്ചു. രണ്ടാം ഭാവത്തിലെ അഭിനയത്തിനു ശേഷം മനഃശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കി. തുടര്‍ന്ന് മുംബൈയിലെ ഒരു ആശുപത്രിയില്‍ സൈക്കോളജിസ്റ്റായി ജോലി ചെയ്തു. എഷ്യാനെറ്റിന്റെ യുവര്‍ ചൊയ്‌സ് എന്ന പരിപാടിയില്‍ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കള്‍ പക്ഷി, ഓഹരി തുടങ്ങിയ പരമ്പരകളിലും പ്രത്യക്ഷപ്പെട്ടു.

2011-ല്‍ റിലീസ് ചെയ്ത ട്രാഫിക് എന്ന സിനിമയാണ് ലെനയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. പിന്നീട് സ്‌നേഹ വീട്, സ്പിരിറ്റ്, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. എന്ന് നിന്റെ മൊയ്തീന്‍, ഉസ്താദ്, മൈ ബോസ്, ഗദ്ദാമ, ബിഗ് ബി, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, ഒരു ചെറു പുഞ്ചിരി, വര്‍ണ്ണക്കാഴ്ചകള്‍ തുടങ്ങിയ സിനിമകളിലും തിളങ്ങി.

”വിവാഹ വാര്‍ത്ത പുറത്തുവന്നതോടെ നിരവധി ആളുകളാണ് വിളിക്കുകയും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്യുന്നത്. അതില്‍ വളരെ അധികം സന്തോഷമുണ്ട്. ജനങ്ങള്‍ എന്നെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയതിനു നന്ദി…” ലെന പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments