Monday, May 27, 2024

HomeNerkazhcha Specialആയിരം പൂര്‍ണചന്ദ്ര ദര്‍ശനത്തില്‍ പണ്ടത്തെ കൊച്ചു 'സിംപ്‌സണ്‍'

ആയിരം പൂര്‍ണചന്ദ്ര ദര്‍ശനത്തില്‍ പണ്ടത്തെ കൊച്ചു ‘സിംപ്‌സണ്‍’

spot_img
spot_img

കേരള രാഷ്ട്രീയത്തിലെ ‘ക്ഷോഭിക്കുന്ന യൗവനം’ വയലാര്‍ രവി ആയിരം പൂര്‍ണ ചന്ദ്രന്‍ കണ്ട ദിവസമായിരുന്നു ജൂണ്‍ നാലാം തീയതി. ‘വിശ്രമം’ എന്നത് 84-ാം വയസ്സിലും അപരിചിതമായൊരു വാക്കാണ് വയലാര്‍ രവിക്ക്.

അന്‍പതാണ്ടു നീണ്ട പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ക്കു തിരശീല വീണപ്പോഴും വിശ്രമമല്ല, അദ്ദേഹത്തിന്റെ വഴി. രാഷ്ട്രീയത്തില്‍ മനസ്സര്‍പ്പിച്ചു കൊണ്ടു തന്നെ എഴുത്തു ജീവിതത്തിലാണിപ്പോള്‍ അദ്ദേഹം.

വയലാര്‍ രവിയുടെ പാര്‍ലമെന്ററി ജീവിതത്തിന്റെ സുവര്‍ണ ജൂബിലി ദിനം ഇക്കഴിഞ്ഞ മാര്‍ച്ച് 19 ആയിരുന്നു. 1971 ല്‍ ചിറയിന്‍കീഴില്‍ നിന്ന് ആദ്യമായി ലോക്‌സഭയിലെത്തിയ രവി സത്യപ്രതിജ്ഞ ചെയ്തത് മാര്‍ച 19-ാം തീയതിയായിരുന്നു.

ഇടവേളകളോടെയാണെങ്കിലും, കഴിഞ്ഞ 50 വര്‍ഷവും ഏതെങ്കിലും നിയമനിര്‍മാണ സഭയില്‍ അംഗമായിരുന്നു വയലാര്‍ രവി. 24 വര്‍ഷം രാജ്യസഭാംഗം, 9 വര്‍ഷം ലോക്‌സഭാംഗം, 9 വര്‍ഷം നിയമസഭാംഗം, 8 വര്‍ഷം കേന്ദ്ര കാബിനറ്റ് മന്ത്രി, 4 വര്‍ഷം സംസ്ഥാനമന്ത്രി…പോരേ പൂരം.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ വയലാര്‍ എന്ന ഗ്രാമത്തില്‍ 1937 ജൂണ്‍ നാലാം തീയതിയാണ് ജനനം. കോണ്‍ഗ്രസ് കുടുംബമായിരുന്നു രവിയുടേത്. അച്ഛന്‍ കോണ്‍ഗ്രസ് നേതാവും സഹകരണ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവുമായ എം.കെ കൃഷ്ണന്‍.

അമ്മ മഹിള കോണ്‍ഗ്രസ് അധ്യക്ഷ ആയിരുന്ന ദേവകി കൃഷ്ണന്‍. ‘സിംപ്‌സണ്‍’ എന്ന ഓമനപ്പേരില്‍ വീട്ടില്‍ വിളിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന് വയലാര്‍ സ്‌കൂളില്‍ ചേര്‍ന്നപ്പോള്‍ അവിടത്തെ അദ്ധ്യാപകന്‍ ദാമോദരന്‍പിള്ളയാണ് എം.കെ രവീന്ദ്രന്‍ എന്ന പേരു നിര്‍ദ്ദേശിച്ചത്. അന്‍പതുകളുടെ പകുതിയില്‍ വിദ്യാര്‍ഥിരാഷ്ട്രീയം തലയ്ക്കുപിടിച്ച് ആലപ്പുഴ എസ്.ഡി കോളജില്‍ എത്തിയപ്പോള്‍ ഏവരുടെയും പ്രിയപ്പെട്ട ‘വയലാര്‍ രവി’ ആയി.

ആലപ്പുഴ എസ്.ഡി. കോളേജില്‍ വച്ച് കെ.എസ്.യു എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ രൂപീകരണത്തിനും വളര്‍ച്ചയ്ക്കും നിര്‍ണ്ണായമായ പങ്ക് വഹിച്ച രവി വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്നു. 1957 മേയ് 30ന്ആലപ്പുഴ മുല്ലക്കലിലെ താണു അയ്യര്‍ ബില്‍ഡിങ്ങില്‍ വെച്ചാണ് കേരളാ സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്ന കെ.എസ്.യു രൂപം കൊള്ളുന്നത്.

കെ.എസ്.യുവിന്റെ ആദ്യ പ്രസിഡന്റ്് ജോര്‍ജ്ജ് തരകനും സെക്രട്ടറി രവിയും ഖജാന്‍ജി സമദ് എന്നയാളുമായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് എല്ലാ ക്യാമ്പസുകളിലും കയറിയിറങ്ങി വയലാര്‍ രവി കെ.എസ്.യുവിന്റെ പ്രവര്‍ത്തനം വ്യാപകമാക്കി.

എറണാകുളം മഹാരാജാസ് കോളേജില്‍ ബിരുദപഠനം തുടരുവാനെത്തിയ രവിയുടെ പ്രവര്‍ത്തനമേഖല അതോടെ എറണാകുളം ജില്ലയായി. മഹാരാജാസ് കോളേജില്‍ പഠിക്കുന്ന കാലത്ത് കണ്ടുമുട്ടിയ മേഴ്‌സി രവി എന്ന മിടുമിടുക്കി പിന്നീട് അദ്ദേഹത്തിന്റെ പ്രണയിനിയും ജീവിതസഖിയുമായി. 1964 ജൂണ്‍ 9നു ആയിരുന്നു ഇവരുടെ വിവാഹം. കിഡ്‌നി തകരാര്‍ മൂലം മേഴ്‌സി രവി 2009 സെപ്തംബര്‍ 5ന് അന്തരിച്ചു.

വിവാഹത്തെപ്പറ്റി വയലാര്‍ രവി ഇപ്രകാരം പറയുന്നു…”മഹാരാജാസില്‍ വച്ചാണു മേഴ്‌സിയെ പരിചയപ്പെടുന്നത്. പ്രണയം പൂവിട്ടു. ഞാന്‍ വയലാറില്‍ നിന്നുള്ള ഈഴവ സമുദായാംഗമാണ്. മേഴ്‌സി കത്തോലിക്കയും. കൊടുമ്പിരിക്കൊണ്ട പ്രണയത്തിനൊടുവില്‍ മേഴ്‌സി വീട്ടില്‍ നിന്നിറങ്ങി. കൊച്ചിയിലെ സുഹൃത്ത് കെ.എം.ഐ മേത്തറുടെ കാര്‍ ഞാന്‍ ഏര്‍പ്പാടു ചെയ്തിരുന്നു. പള്ളിയിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ മേഴ്‌സിയുമായി ഞാന്‍ റജിസ്ട്രാര്‍ ഓഫിസിലേക്കു കുതിച്ചു. ഉമ്മന്‍ ചാണ്ടിയും ആന്റണിയും ഞങ്ങളുടെ വിവാഹത്തിനു സാക്ഷികളായി…”

പ്രമുഖ കോണ്‍ഗ്രസ്സ് നേതാവായിരുന്ന വി.കെ കൃഷ്ണമേനോനാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരു. കെ.എസ്.യുവിന്റെ നാലാം സമ്മേളനത്തില്‍ വെച്ച് രവി സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വയലാര്‍ രവി ആദ്യമായി മത്സരിച്ചത് 1971ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍.

ചിറയിന്‍കീഴ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് അദ്ദേഹം കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടു. 1972ല്‍ എ.ഐ.സി.സി. പ്രവര്‍ത്തകസമിതി അംഗമായി.

അടിയന്തരാവസ്ഥയ്ക്ക് ശേഷം1977ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രവി വീണ്ടും ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭാംഗമായി. പക്ഷേ, 1978ല്‍ കോണ്‍ഗ്രസ്സ് രണ്ടായി പിളര്‍ന്നു. കേരളത്തില്‍ ആന്റണി ഗ്രൂപ്പ് എന്നറിയപ്പെട്ടിരുന്ന (എ) ഗ്രൂപ്പിലായിരുന്നു വയലാര്‍ രവി.

1978ല്‍ ഇടതുമുന്നണിയില്‍ ചേര്‍ന്നെങ്കിലും പക്ഷേ, ഏറെക്കാലം ഈ സഹകരണം നിലനിന്നില്ല. അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് 1981ല്‍ ആന്റണി ഗ്രൂപ്പ് ഇടതുപക്ഷത്തുനിന്നും വിട്ടുപിരിഞ്ഞു. വയലാര്‍ രവി കോഴിക്കോടു നടത്തിയ ‘കണ്ണിനു കണ്ണ്, പല്ലിനു പല്ല്’ എന്ന പ്രസംഗമാണ് ആന്റണി കോണ്‍ഗ്രസ് ഇടതുപക്ഷവുമായി ബന്ധം സ്ഥാപിക്കുന്നതിന് തുടക്കമിട്ടത്.

1981ല്‍ മാതൃകക്ഷിയായ കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തിയ വയലാര്‍ രവി 1982ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ചേര്‍ത്തലയില്‍ നിയമസഭാംഗമായി. 1982-1987ലെ കെ കരുണാകരന്‍ മന്ത്രിസഭയില്‍ അദ്ദേഹം ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. മുഖ്യമന്ത്രി കെ കരുണാകരുമായുള്ള ഒരു വഴക്കിന്റെ പേരില്‍ അദ്ദേഹം 1982ല്‍ മന്ത്രി സ്ഥാനം രാജി വച്ചു. 1987ല്‍ വീണ്ടും ചേര്‍ത്തലയില്‍ നിന്നു തന്നെ നിയമസഭയില്‍ അംഗമായി.

1991 മുതല്‍ 1998 വരെ കെ.പി.സി.സി. പ്രസിഡന്റായും 1994 മുതല്‍ 2000 വരെ രാജ്യസഭാംഗമായും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായും വയലാര്‍ രവി പ്രവര്‍ത്തിച്ചു.

2006 മുതല്‍ 2014 വരെ കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രിയായിരുന്നു വയലാര്‍ രവി. പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സും കോണ്ട്രിബ്യൂട്ടറി പെന്‍ഷനും തുടങ്ങിവെച്ചത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്. വിവിധരാജ്യങ്ങളുമായി തൊഴില്‍ കരാറുകള്‍ ഒപ്പുവെച്ചതും ലിബിയന്‍ കലാപസമയത്ത് അടിയന്തരമായി അവിടത്തെ പ്രവാസി ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ സംഭാവനകളാണ്.

പാര്‍ട്ടിയുടെ ദേശീയതലത്തിലുള്ള തളര്‍ച്ചയില്‍ അതീവ ദുഖിതനാണിപ്പോള്‍ വയലാര്‍ രവി. ”നെഹ്‌റു കുടുംബത്തിന്റെ പിന്തുണ പാര്‍ട്ടിക്ക് ആവശ്യമാണ്. അങ്ങനെയല്ലാതിരുന്ന കാലത്തുണ്ടായ പ്രശ്‌നങ്ങള്‍ അറിയാമല്ലോ..? നരസിഹറാവു പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് നേരിട്ട് ആവശ്യപ്പെട്ടയാളാണു ഞാന്‍. ഇപ്പോള്‍, കൂട്ടായി പരിശ്രമിച്ചു മുന്നോട്ടുപോകണം. പാര്‍ട്ടിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള കാര്യങ്ങള്‍ സോണിയാജിയുടെ ശ്രദ്ധയില്‍ പെടുത്തും…” അദ്ദേഹം പറഞ്ഞു.

ആറു പതിറ്റാണ്ടിലധികം നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ഇന്ദിരാഗാന്ധി മുതല്‍ രാഹുല്‍ ഗാന്ധി വരെയുള്ള കോണ്‍ഗ്രസ് പ്രസിഡന്റുമാരെ അടുത്തു കണ്ടയാളാണു രവി. ലീഡര്‍ കെ കരുണാകരനും എ.കെ ആന്റണിക്കുമൊപ്പം സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞാടിയ നേതാവ്. കത്തോലിക്കാ വിശ്വാസിയായ മേഴ്‌സിയെ ജീവിതസഖിയാക്കിയ വിപ്ലവകാരി.

മൂന്നു മക്കളുണ്ട്. മകന്‍ രവികൃഷ്ണ ചെന്നൈയിലും മകള്‍ ലിസ റോഹന്‍ ദുബായിലും ഇളയ മകള്‍ ഡോ. ലക്ഷ്മി രവി കൊച്ചിയിലും താമസിക്കുന്നു. രാജ്യസഭാംഗത്വ കാലാവധി അവസാനിച്ചതിനു പിന്നാലെ, ഡല്‍ഹി ജീവിതത്തിനു വിരാമമിട്ട വയലാര്‍ രവി കൊച്ചിയിലേക്കു താമസം മാറ്റിയിരുന്നു. വാഴക്കാലയിലെ വസതിയില്‍ മകള്‍ ലക്ഷ്മിക്കൊപ്പമാണിപ്പോള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments