കമ്പോഡിയ: അഞ്ചുവര്‍ഷത്തെ സേവനം കൊണ്ട് നിരവധി പേരുടെ ജീവന്‍ രക്ഷിച്ച മൂഷികന്‍ സേവനം അവസാനിപ്പിച്ച് പടിയിറങ്ങി.
മാഗവ എന്ന പേരുള്ള ആഫ്രിക്കന്‍ എലിയാണ് അഞ്ചുവര്‍ഷത്തെ സേവനത്തിന് ശേഷം തന്റെ ഏഴാമത്തെ വയസില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്.
സര്‍വീസ് കാലയളവിനിടയില്‍ രണ്ടേകാല്‍ ലക്ഷം ചതുരശ്ര മീറ്റര്‍ ഭൂമിയെയാണ് മാഗവ സുരക്ഷിതമാക്കിയത്. അറിയാതെ മനുഷ്യര്‍ കാലെടുത്തു വെച്ചാല്‍ പൊട്ടിത്തെറിക്കുമായിരുന്ന 71 മൈനുകളും 38 മറ്റു സ്‌ഫോടക വസ്തുക്കളും ആ ഭൂമിയില്‍ നിന്ന് കണ്ടെത്തിയാണ് മാഗവ തന്‍റെ ജോലി ഭംഗിയായി നിര്‍വഹിച്ചത്.
താന്‍സാനിയയാണ് മാഗവ എന്ന മുഷിക പ്രതിഭയുടെ സ്വദേശം. 2014 ലായിരുന്നു മാഗവയുടെ ജനനം. ബെല്‍ജിയന്‍ സന്നദ്ധ സംഘടനയായ ‘അപോപോ’യാണ് മാഗവക്ക് പരിശീലനം നല്‍കിയത്. ഭൂമിയില്‍ കുഴിച്ചിട്ട മൈനുകളടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ മണം പിടിച്ച് കണ്ടെത്താനുള്ള പരിശീലനമാണ് മാഗവക്ക് നല്‍കിയത്.
ആ പരീക്ഷണം വന്‍ വിജയമായിരുന്നു. ഒരു ടെന്നീസ് കോര്‍ട്ടിന്‍റെ വലിപ്പമുള്ള സ്ഥലത്ത് മൈനുകളുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്താന്‍ മാഗവക്ക് വേണ്ടി വന്നത് അര മണിക്കുറാണ്. സാധാരണ മെറ്റല്‍ ഡിറ്റക്റ്ററുകളുപയോഗിച്ച് ഇത്രയും ഭാഗം അരിച്ചുപെറുക്കി മൈനുകള്‍ കണ്ടെത്താന്‍ ചുരുങ്ങിയത് നാലു ദിവസമെങ്കിലും വേണ്ടതാണ്. അതാണ് അര മണിക്കൂറു കൊണ്ട് മാഗവ എന്ന മുഷിക പ്രതിഭ പൂര്‍ത്തിയാക്കിയത്.
2016 ലാണ് മാഗവയെ കമ്പോഡിയയില്‍ എത്തിക്കുന്നത്. പിന്നീട് ഓടി നടന്ന് ജോലി ചെയ്യുകയായിരുന്നു മാഗവ. മനുഷ്യര്‍ മൈനുകള്‍ കണ്ടെത്താന്‍ പരിശോധന നടത്തുമ്പോള്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍, ഭാരം കുറഞ്ഞ എലികള്‍ പരിശോധന നടത്തുമ്പോള്‍ ആ ഭീഷണി ഉണ്ടായിരുന്നില്ല. മൈന്‍ കണ്ടെത്തിയാല്‍ മാഗവ ഭുമിയില്‍ ചുരണ്ടി കൊണ്ടിരിക്കും. പിന്നീട് മൈന്‍ നിര്‍വീര്യമാക്കുന്നവര്‍ക്ക് ജോലി എളുപ്പമാകും.
2020 ല്‍ ബ്രിട്ടനല്‍ നിന്ന് ധീരതക്കുള്ള ഉയര്‍ന്ന പുരസ്കാരം മാഗവക്ക് ലഭിച്ചിരുന്നു.
മാഗവക്ക് പ്രായമേറിയതുകൊണ്ടോ ജോലി ചെയ്യാന്‍ കഴിയാത്തതുകൊണ്ടോ അല്ല വിരമിക്കുന്നതെന്ന് പരിശീലകന്‍ പറഞ്ഞു. ഇനി മാഗവക്ക് വിശ്രമിക്കാനും ഇഷ്ടമുള്ള പഴങ്ങളും നട്‌സും കഴിച്ചിരിക്കാനുമുള്ള സമയമാണെന്നും അവര്‍ പറഞ്ഞു. പുതിയതായി പരിശീലനം നല്‍കിയ 20 എലികളെ കൂടി കമ്പോഡിയയില്‍ എത്തിച്ചിട്ടുണ്ട്.