ഇന്ത്യക്കാരി സിരിഷ ബാന്‍ഡ്ല ബഹിരാകാശ യാത്രാസംഘത്തില്‍. ശതകോടീശ്വരനും വെര്‍ജിന്‍ ഗലാക്റ്റിക്കിന്റെ മേധാവിയുമായ റിച്ചഡ് ബ്രാന്‍സന്‍ ഉള്‍പ്പെടെ 6 പേരാണു യാത്രാസംഘത്തിലുള്ളത്. ഇതിന്റെ കിടിലന്‍ ട്രെയിലര്‍ വിഡിയോയും പുറത്തിറങ്ങിയിരുന്നു. ഇക്കൂട്ടത്തില്‍ ഒരിന്ത്യക്കാരിയുമുണ്ട്.
തെലുങ്ക് വേരുകളുള്ള സിരിഷ ബാന്‍ഡ്ല. ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ നിന്നുള്ള സിരിഷ പിന്നീട് വളര്‍ന്നതും പഠിച്ചതുമെല്ലാം യുഎസിലെ ടെക്സസിലുള്ള ഹൂസ്റ്റണിലാണ്. യാത്ര വിജയമായാല്‍ കല്‍പന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജയായി സിരിഷ മാറും. ബഹിരാകാശത്തെത്തുന്ന ഇന്ത്യന്‍ വേരുകളുള്ള അഞ്ചാമത്തെ വ്യക്തിയും.
യുഎസിലെ പര്‍ഡ്യൂ സര്‍വകലാശാലയില്‍ നിന്നു ബിരുദവും ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ നിന്നു മാനേജ്മെന്റ് ബിരുദാനന്തര ബിരുദവും സിരിഷ നേടിയിട്ടുണ്ട്. തുടര്‍ന്ന് ടെക്സസില്‍ എയ്റോസ്പേസ് എന്‍ജിനീയറായും പിന്നീട് കമേഴ്സ്യല്‍ സ്പേസ് ഫ്ളൈറ്റ് ഫെഡറേഷനില്‍ സ്പേസ് പോളിസി വിദഗ്ധയായും ജോലി നോക്കി.
2015 ല്‍ ആണ് സിരിഷ വെര്‍ജിന്‍ ഗലാക്റ്റിക് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇപ്പോള്‍ കമ്പനിയുടെ ഗവണ്‍മെനന്റ് അഫയേഴ്സ് വിഭാഗം വൈസ് പ്രസിഡന്റാണ്. പ്രധാനമായും ഗവേഷണമാണ് സിരിഷയുടെ യാത്രയുടെ ലക്ഷ്യം. ബെഥ് മോസസ് എന്ന മറ്റൊരു വനിത കൂടി യാത്രാ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വെര്‍ജിന്‍ ഗലാക്റ്റിക്കിന്റെ ചീഫ് ആസ്ട്രനോട്ടായ ബെഥ്, കമ്പനിയുടെ ആദ്യ മനുഷ്യവാഹകദൗത്യത്തിന്റെ ഭാഗമായിരുന്നു.
വിഎസ്എസ് യൂണിറ്റി എന്ന വെര്‍ജിന്‍ ഗലാറ്റിക്കിന്റെ റോക്കറ്റ് പ്ലെയിനിലാണു സിരിഷയുള്‍പ്പെടെ സംഘം യുഎസിലെ ന്യൂമെക്സിക്കോയിലെ വെര്‍ജിന്‍ ഗലാറ്റിക് സ്റ്റേഷനില്‍ നിന്നു യാത്ര തുടങ്ങുന്നത്. ഒരു മണിക്കൂര്‍ മുതല്‍ 75 മിനിറ്റ് വരെ നീണ്ടു നില്‍ക്കുന്നതാണു യാത്ര.
സിരിഷയുടെ മുത്തശ്ശന്‍ ഇന്നും ഗുണ്ടൂരില്‍ ജീവിക്കുന്നുണ്ട്. മുന്‍ കൃഷിഗവേഷകനായ ബന്‍ഡ്ല രാഗയ്യ ഇന്നു അവിടത്തെ ജനാപ്ഡു ഗ്രാമത്തില്‍ വിശ്രമജീവിതം നയിക്കുകയാണ്