Friday, April 19, 2024

HomeNewsKeralaലാത്തിക്ക് ബീജമുണ്ടായിരുന്നെങ്കില്‍ ഒരായിരം ലാത്തി കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നു...

ലാത്തിക്ക് ബീജമുണ്ടായിരുന്നെങ്കില്‍ ഒരായിരം ലാത്തി കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നു…

spot_img
spot_img

”ലാത്തിക്ക് ബീജമുണ്ടായിരുന്നു എങ്കില്‍, ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാന്‍ പ്രസവിക്കുമായിരുന്നു…” എന്ന ഗൗരിയമ്മയുടെ വാക്കുകള്‍ കൊടിയ പോലീസ് പീഡനത്തിന്റെ സത്യവാങ്മൂലമായി ചരിത്രത്തില്‍ അവശേഷിക്കുന്നു. നിരോധനാജ്ഞ കാലത്ത് ജയിലില്‍ അനുവഭവിച്ച പീഡനങ്ങളെക്കുറിച്ച്, അന്നത്തെ പോലീസ് രാജിനെക്കുറിച്ച ഗൗരിയമ്മ പറഞ്ഞ ആ വാക്കുകള്‍ ആരുടെ മനസ്സിലും പൊള്ളലേല്‍പ്പിക്കുന്നതാണ്.

പോരാട്ടങ്ങളുടെ വലിയ ചരിത്രമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുള്ളത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമരത്തിലും ജന്മിത്വത്തിനും നാടുവാഴിത്തത്തിനെതിരേയും പോരാടിയ പ്രസ്ഥാനം. നല്ലൊരു നാളേക്കായി പോരാട്ടം നയിച്ചതിന് ഭരണകൂടത്തിന്റെ നിരന്തര പീഡനത്തിന് ഇരയായ നിരവധി നേതാക്കള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുണ്ട്. അത്തരത്തിലുള്ള ഒരു നേതാവായിരുന്നു കെ.ആര്‍ ഗൗരിയമ്മ.

നിരോധനങ്ങളുടെ കാലത്ത് നിരവധി കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങള്‍ക്ക് വിളനിലമായ മണ്ണാണ് ആലപ്പുഴയുടേത്. അത്തരത്തില്‍ ചുവപ്പ് ആഴത്തില്‍ വേരാഴ്ത്തിയ ആലപ്പുഴയുടെ മണ്ണില്‍ നിന്നാണ് കളത്തില്‍ പറമ്പില്‍ ഗൗരിയമ്മയുടെയും രാഷ്ട്രീയ ജിവിതം ആരംഭിക്കുന്നത്. വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലൂടെ ചുവപ്പിന്റെ വഴിയിലേക്ക് ആകൃഷ്ടയായി. കുടുംബ പശ്ചാത്തലവും അതിന് ആക്കം കൂട്ടി.

നിയമ ബിരുദം കരസ്ഥമാക്കിയ ഈ ഈഴവ പെണ്‍കുട്ടി ജാതിവ്യവസ്ഥക്കെതിരെ പോര് നയിച്ചു. പ്രിയപ്പെട്ടവരുടെ ശവശരീരം പായയില്‍ പൊതിഞ്ഞ് കെട്ടി ആറ്റില്‍ താഴ്‌ത്തേണ്ടി വന്നിരുന്ന ജനതക്ക് താങ്ങായി നിന്നു. ആറടി മണ്ണുപോലുമില്ലാത്തവര്‍ക്ക് സ്വന്തം ഭൂമി എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കി നല്‍കി.

വ്യക്തി ജീവിതത്തേക്കാള്‍ ആശയത്തിന് വില കല്‍പ്പിച്ച വ്യക്തിയായിരുന്ന ഗൗരിയമ്മ. ഇതാണ് 1964ല്‍ പാര്‍ട്ടി പിറന്നപ്പോള്‍ സി.പി.ഐക്കൊപ്പം നിന്ന പ്രിയ സഖാവ് ടി തോമസിന് വിട്ട് ഗൗരിയമ്മ സി.പി.എമ്മിന്റെ ഭാഗമായത്. എന്നാല്‍ താന്‍ നെഞ്ചകം കൊണ്ടുനടന്ന പാര്‍ട്ടിയില്‍ നിന്ന് പിന്നീട് പുറത്തായപ്പോഴും ഗൗരിയമ്മ തളര്‍ന്നില്ല. കരഞ്ഞില്ല. പോരാട്ടം തുടര്‍ന്നു.

ആലപ്പുഴ ജില്ലാ വികസന സമിതി രൂപവത്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പുറത്താക്കല്‍ നടപടിയിലേക്ക് നയിച്ചത്. എം.വി.ആറും കെ കരുണാകരനും ചേര്‍ന്ന് ഒരുക്കിയ രാഷ്ട്രീയ കെണിയായിരുന്നു ഇതെന്നാണ് പാര്‍ട്ടി നിരീക്ഷണം. ഈ കെണിയില്‍ ഗൗരിയമ്മ വീണു എന്നതായിരുന്നു പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ പ്രമേയം. എന്നാല്‍ പുറത്താക്കപ്പെട്ടെങ്കിലും ജെ.എസ്.എസ് രൂപവത്ക്കരിച്ച് യു.ഡി.എഫിന്റെ ഭാഗമായി. പിന്നീട് പല തവണ മന്ത്രിയായി.

”കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍ ഗൗരി ഭരിച്ചീടും…” എന്ന് മുദ്രാവാക്യം കേട്ട ആലപ്പുഴയുടെ മണ്ണില്‍ കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍ ഗൗരി ഒറ്റക്കല്ല എന്ന പുതിയ മുദ്രാവാക്യം ഉയര്‍ന്ന് പൊങ്ങി. എന്നാല്‍ ചുവന്ന മനസ്സുമായി വലത് പാളയത്തില്‍ ഏറെ വേരാഴ്ത്താന്‍ അവര്‍ക്കായില്ല. രണ്ട് പതിറ്റാണ്ടിന് ഒടുവില്‍ എല്‍.ഡി.എഫിലേക്ക് ഗൗരിയമ്മ മടങ്ങിയെത്തി.

എ.കെ.ജി സെന്ററിലെത്തിയ ഗൗരിയമ്മയെ പിണറായിയും കോടിയേരിയും ചേര്‍ന്ന് സ്വീകരിച്ചു. ഏറെ വൈകാരികമായായിരുന്നു ഇതിനോട് ഗൗരിയമ്മ നടത്തിയ പ്രതികരണവും. ഒടുവില്‍ ഒരു ജനതയെ പതിറ്റാണ്ടുകള്‍ നയിച്ച വിപ്ലവ നായിക കാലത്തിന്റെ വിളിയില്‍ ചുവപ്പ് പുതച്ച് ഓര്‍മകളിലേക്ക് മടങ്ങുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments