കോട്ടയം: ഡെന്നീസ് ജോസഫിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണ്. കേവലം വാക്കുകള്‍ കൊണ്ട് വരച്ച് കാണിക്കാനാവുന്നതല്ല ഡെന്നീസ് ജോസഫ് എന്ന പ്രതിഭയുടെ രചനാ വിലാസം. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരെയും സൂപ്പര്‍ താരങ്ങളെയും സംഭാവന ചെയ്തത് ഡെന്നീസ് ജോസഫിന്റെ തൂലികയാണ്. ഇന്ന് മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് ആ സൂപ്പര്‍ താരങ്ങള്‍ കൈപ്പിടിച്ച് കയറ്റുമ്പോള്‍ അതിന്റെ നേട്ടങ്ങള്‍ ഡെന്നീസ് ജോസഫിന് കൂടി അര്‍ഹതപ്പെട്ടതാണ്.
മമ്മൂട്ടിയോടുള്ള ഇഷ്ടം എപ്പോഴും ഡെന്നീസ് ജോസഫിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം തന്നെ മമ്മൂട്ടിക്ക് യോജിച്ചവയായിരുന്നു.
അവയുടെ കഥാപാത്ര രൂപീകരണം പരിശോധിച്ചാലും മനസ്സിലാവുമായിരുന്നു. എന്നാല്‍ മോഹന്‍ലാലിനും അവ ഇണങ്ങുമെന്ന് അദ്ദേഹത്തിന് ലഭിച്ചിരുന്ന അവസരങ്ങളിലൂടെ അദ്ദേഹം തെളിയിച്ചു. ഈറന്‍ സന്ധ്യ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു ഡെന്നീസ് ജോസഫിന്റെ അരങ്ങേറ്റം.
മമ്മൂട്ടിയെ നിരാശാ കാമുകനായും മനസ്സില്‍ കനലൊളിപ്പിച്ച മനുഷ്യനായും ഡെന്നീസ് ജോസഫ് അവതരിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. നിറക്കൂട്ടായിരുന്നു ഭാര്യയെ മറ്റൊരാള്‍ കൊന്ന കുറ്റത്തിന് ജയിലില്‍ കഴിയുന്ന രവി വര്‍മ എന്ന കഥാപാത്രം മമ്മൂട്ടി അവതരിപ്പിച്ച ചിത്രം. ഈ ചിത്രം വലിയ ഹിറ്റായിരുന്നു. എന്റെ ഭാര്യയാണ്, അമ്മയാണ് മേഴ്‌സി എന്ന ഡയലോഗൊക്കെ പില്‍ക്കാലത്ത് മലയാളത്തിലെ കള്‍ട്ട് ക്ലാസിക് ഡയലോഗാണ്. മമ്മൂട്ടി സ്‌പെഷല്‍ ജൂറി അവാര്‍ഡും ലഭിച്ചു. അടുത്ത ചിത്രം ജോഷിക്ക് വേണ്ടിയൊരുക്കിയ ശ്യാമയായിരുന്നു. അതിലും നായകന്‍ മമ്മൂട്ടി. അതും വലിയ ഹിറ്റായി.
മലയാള സിനിമയില്‍ മമ്മൂട്ടി താരമായി മാറിയ സമയത്താണ് മറ്റൊരാള്‍ സൂപ്പര്‍ താരമായി മാറുന്നത്. 1986ല്‍ ഡെന്നീസ് ജോസഫിന്റെ തൂലികയില്‍ പിറന്ന രാജാവിന്റെ മകനായിരുന്നു ആ ചിത്രം. മമ്മൂട്ടി ചെയ്യില്ലെന്ന് പറഞ്ഞ് തള്ളിയ ചിത്രമായിരുന്നു അത്. രാജാവിന്റെ മകന്‍ മോഹന്‍ലാലിന്റെ തലവര മാറ്റുകയും ചെയ്തു. വിന്‍സെന്റ് ഗോമസ് എന്ന അതുല്യ കഥാപാത്രമാണ് അതിലൂടെ പിറന്നത്. മമ്മൂട്ടി തന്റെ കരിയറിന് ചിത്രത്തിന്റെ സംവിധായകന്‍ തമ്പി കണ്ണന്താനത്തിന്റെ സിനിമ ചെയ്യുന്നത് ദോഷകരമാകുമോ എന്ന ഭയത്തില്‍ നിന്നാണ് പിന്‍മാറിയത്. കണ്ണന്താനം മുമ്പ് ചെയ്ത അഞ്ച് സിനിമകളും പരാജയമായിരുന്നു. എന്നാല്‍ രാജാവിന്റെ മകന്‍ വന്‍ ഹിറ്റായി മാറി. മോഹന്‍ലാല്‍ അതോടെ സൂപ്പര്‍ താരവുമായി.
മമ്മൂട്ടിയുടെ കരിയറില്‍ തുടര്‍ പരാജയങ്ങള്‍ വന്നതോടെ ഒരുവേള സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് പുറത്താകും എന്ന് ഉറപ്പിച്ചിരുന്ന ഘട്ടമായിരുന്നു. എന്നാല്‍ മമ്മൂട്ടിയെ ഇന്ന് കാണുന്ന സൂപ്പര്‍ താരമാക്കി മാറ്റിയതും ഡെന്നീസ് ജോസഫാണ്. ജി കൃഷ്ണമൂര്‍ത്തി എന്ന ജി.കെയുടെ പ്രതികാരത്തിന്റെ കഥയാണ് ന്യൂഡല്‍ഹി എന്ന ചിത്രം പറഞ്ഞത്. തന്നെ ജയിലിലില്‍ അടച്ച് ദ്രോഹിച്ചവരോട് പ്രതികാരം ചെയ്യുന്ന പത്രത്തിന്റെ എഡിറ്ററാണ് ജി.കെ. കൊലപാതകങ്ങള്‍ മറ്റൊരു പത്രത്തിലും ഇല്ലാത്ത വിധം എക്‌സ്‌ക്ലൂസിവായി സ്വന്തം പത്രത്തില്‍ നല്‍കി അമ്പരിപ്പിക്കുന്നയാളായിരുന്നു ജി.കെ. ആ ചിത്രം 250 ദിവസം കേരളത്തില്‍ പ്രദര്‍ശിപ്പിച്ചു. പല ഭാഷകളിലും റീമേക്കുകള്‍ വന്നു. മമ്മൂട്ടി മെഗാതാരമായി. ഹോളിവുഡ് സിനിമകളുടെ ശൈലിയായിരുന്നു ആ ചിത്രത്തിന്.
ഡെന്നീസ് ജോസഫിന്റെ വിജയഗാഥ അവിടെ നിന്നും തുടരുകയായിരുന്നു. നായര്‍ സാബ് എന്ന മിലിട്ടറി പശ്ചാത്തലത്തിലുള്ള ചിത്രം വീണ്ടും മമ്മൂട്ടിക്കൊരു ബമ്പര്‍ ഹിറ്റ് സമ്മാനിച്ചു. അച്ചായന്‍ കഥാപാത്രങ്ങളിലെ ആല്‍ഫാ മെയില്‍ സ്വഭാവമുള്ള കഥാപാത്രമായി മമ്മൂട്ടി എത്തിയ സംഘം വലിയ തരംഗമായി. അത്തരം കഥാപാത്രങ്ങള്‍ പിന്നീട് പല തവണ മലയാളത്തില്‍ ആവര്‍ത്തിക്കപ്പെട്ടു. ആ ചിത്രവും ജോഷിയുടെ സംവിധാനത്തിലായിരുന്നു. സൂപ്പര്‍ താരങ്ങളെ ഒന്നിപ്പിച്ച നമ്പര്‍ 20 മദ്രാസ് മെയിലും വലിയ തരംഗമായി മാറി.
മനു അങ്കിളിലൂടെ ഡെന്നീസ് ജോസഫ് സംവിധായകനായും തിളങ്ങി. മമ്മൂട്ടിക്ക് കോമഡി വഴങ്ങില്ലെന്ന് പറഞ്ഞവര്‍ക്കുള്ള അടിയായിരുന്നു ഈ ചിത്രം. സുരേഷ് ഗോപിയുടെ മിന്നല്‍ പ്രതാപനെന്ന ചെറിയ വേഷവും ശ്രദ്ധിക്കപ്പെട്ടു. മികച്ച കുട്ടികളുടെ ചിത്രത്തിന് ദേശീയ അവാര്‍ഡും മനു അങ്കിളിന് ലഭിച്ചു. പിന്നീട് ഇന്ദ്രജാലം, കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ്, ഗാന്ധര്‍വം, എഫ്.ഐ.ആര്‍, ആകാശദൂത് തുടങ്ങിയ വമ്പന്‍ ഹിറ്റുകളും അദ്ദേഹം സമ്മാനിച്ചു. അഥര്‍വം, അപ്പു, തുടര്‍കഥ, അഗ്രജന്‍ തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.
ഒമര്‍ ലുലുവിനൊപ്പം ചേര്‍ന്ന് ഒരു തിരിച്ചുവരവിന് ഒരുങ്ങുകയായിരുന്നു ഡെന്നീസ് ജോസഫ്. പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തില്‍ ബാബു ആന്റണിയായിരുന്നു നായകന്‍. ഈ ചിത്രം പുറത്തിറങ്ങും മുമ്പാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. അദ്ദേഹം സൂപ്പര്‍ താരങ്ങളെ ഉണ്ടാക്കിയത് തട്ടുപ്പൊളിപ്പന്‍ ചിത്രങ്ങളിലൂടെയല്ല. അതുവരെ മലയാള സിനിമ കാണാത്ത മാസ് സിനിമകളായിരുന്നു എല്ലാം. ഒരിക്കല്‍ പോലും ബോറടിപ്പിക്കാത്ത ചിത്രങ്ങള്‍. സില്‍ക്ക് സ്മിതയ്ക്ക് അഥര്‍വത്തിലൂടെ കരിയറിലെ തന്നെ ബെസ്റ്റ് റോളായിരുന്നു ഡെന്നീസ് ജോസഫ് നല്‍കിയിരുന്നത്.