രാജ്യത്ത് പുതിയ ജിപിഎസ് അധിഷ്ഠിത ടോള്‍ പിരിവ് സംവിധാനം ഏർപ്പെടുത്താൻ ലക്ഷ്യമിടുന്നതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. നിലവിലെ ടോൾ സമ്പ്രദായം ഒഴിവാക്കി സാറ്റലൈറ്റ് അധിഷ്‌ഠിത സേവനം കൊണ്ടുവരുമെന്ന് ചൊവ്വാഴ്ചയാണ് അദ്ദേഹം അറിയിച്ചത്. ഇതിലൂടെ ഏകദേശം 10000 കോടി അധിക വരുമാനം ലഭിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
രാജ്യത്തെ ഹൈവേകളിൽ ടോൾ പിരിവിനായി ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ് ) ഉടൻ നടപ്പാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. മികച്ച വരുമാനം നൽകുന്നതിനോടൊപ്പം ഇത് ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനും സഹായിക്കുമെന്ന് കരുതുന്നു. ഹൈവേ ശൃംഖലയിൽ നിന്നുള്ള റെക്കോർഡ് വരുമാനത്തിനായിരിക്കും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഇതോടെ സാക്ഷ്യം വഹിക്കുക എന്നും നിതിൻ ഗഡ്കരി വിലയിരുത്തി.
ജിഎൻഎസ്‌എസ് ടോള്‍ വരുമാനത്തിലേക്ക് ഇതുവഴി 10,000 കോടി രൂപ അധികം എത്തുമെന്നും നിലവിലെ സംവിധാനത്തിലുള്ള പ്രശ്നങ്ങൾ 99 ശതമാനവും പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ടോൾ ഉപയോക്താക്കൾക്ക് യാതൊരു തരത്തിലുള്ള അസൗകര്യവും ഉണ്ടാകാതിരിക്കാൻ ഇന്ത്യയിൽ സുതാര്യവും കാര്യക്ഷമവുമായ ജിഎൻഎസ്എസ് അടിസ്ഥാനമാക്കിയുള്ള ടോൾ സംവിധാനം ഒരുക്കുമെന്നും കേന്ദ്ര ഗതാഗത മന്ത്രി ഉറപ്പ് നൽകി. ഈ വർഷം അവസാനത്തോടെ പുതിയ സംവിധാനം നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം പുതിയ സംവിധാനം നടപ്പിലാക്കാൻ ചുമതലപ്പെടുത്തുന്ന ഏജൻസിയെ എൻഎച്ച്‌എഐ ഇതുവരെ അന്തിമമാക്കിയിട്ടില്ല. എന്നാൽ ഹൈവേകളിൽ ജിഎൻഎസ്‌എസ് അടിസ്ഥാനമാക്കിയുള്ള ടോള്‍ മാനേജ്മെൻ്റ് സംവിധാനം പ്രവർത്തനക്ഷമമാക്കാൻ കഴിയുന്ന ആഗോള കമ്പനികളില്‍ നിന്ന് നേരത്തെ ടെൻഡർ ക്ഷണിച്ചിരുന്നു.രണ്ട് വർഷത്തിനുള്ളില്‍ ഇത് നടപ്പിലാക്കിക്കൊണ്ട് ഇന്ത്യയുടെ ദേശീയ പാതയുടെ 50,000 കിലോമീറ്ററെങ്കിലും പിന്നിടാനാണ് സർക്കാർ ലക്ഷ്യം ഇടുന്നത്.
ഇത് നടപ്പിലാക്കിയ ശേഷം ഫാസ്ടാഗ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സംവിധാനം പൂർണ്ണമായും ഇല്ലാതാകും. ഓരോ വാഹങ്ങളിലെയും റേഡിയോ ഫ്രീക്വൻസി ഐഡൻ്റിഫിക്കേഷൻ (RFID ) ജിപിഎസിന്റെ സഹായത്തോടെ ടോള്‍ പിരിവ് നടത്താൻ ഉപയോഗപ്പെടുത്തും. കൂടാതെ ഹൈവേകളിൽ വെർച്വൽ ടോൾ ബൂത്തുകളും സജ്ജീകരിക്കും. ചലിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റുകൾ തിരിച്ചറിയാൻ കഴിയുന്ന ക്യാമറകളും ഇതിനോടൊപ്പം സ്ഥാപിക്കും. ആളുകൾ സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ച് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നായിരിക്കും തുക ഈടാക്കുക.