മലയാളഭൂമി ശശിധരൻനായർ
ന്യൂ ഡൽഹി: ഈ വാർത്ത വായിക്കുമ്പോൾ സത്യമാണോ എന്ന് ആർക്കും ആദ്യം തോന്നാം. എന്നാൽ ഇത് സത്യമാണ്.
1972 ലെ വന്യജീവി സംരക്ഷണനിയമത്തിൽ കേന്ദ്ര സർക്കാർ 2022 ഡിസംബർ 20 ന് ഭേദഗതി വിജ്ഞാപനം പുറപ്പെടുവിച്ചു.
നേരത്തെ നാടൻ കാക്ക (ബലികാക്ക), വവ്വാൽ (വാവൽ), എലി, ചുണ്ടെലി ഇവയെ വന്യജീവി സംരക്ഷണനിയമത്തിന്റെ അഞ്ചാം ഷെഡ്യൂളിൽ ഉൾപ്പെട്ട ക്ഷുദ്രജീവികളായാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ ഈയിടെ പുറപ്പെടുവിച്ച ഭേദഗതി പ്രകാരം ഇവയെ വന്യജീവിസംരക്ഷണനിയമ ത്തിന്റെ രണ്ടാം ഷെഡ്യൂളിലേക്ക് മാറ്റി. ഇതു പ്രകാരം ഷെഡ്യൂൾ രണ്ടിൽ പെട്ട (ബലിക്കാക്ക), വവ്വാൽ (വാവൽ), എലി, ചുണ്ടെലി ഇവ സംരക്ഷണപരിധിയിൽ വന്നു. അഞ്ചാം ഷെഡ്യൂൾ ഇതോടെ റദ്ദായി.
അതിനാൽ ഇനി മുതൽ ഇവയെ കൊന്നാൽ മൂന്നുവർഷം വരെ തടവും 25,000 രൂപ പിഴയുമുണ്ട്. നിയമപരമായി ഇവയെ കൊല്ലണമെങ്കിൽ കേന്ദ്രസർക്കാർ മുൻകൂർ അനുമതി നൽകണം.
1972 ലെ അന്തർദേശീയ വന്യജീവി സംരക്ഷണ സമ്മേളനത്തിൽ (Convention on International Trade on Endangered Species of Wild Fauna and Flora) (CITES) ഇന്ത്യ പങ്കെടുക്കുകയും ആഗോളനിയമത്തിൽ ഒപ്പുവെക്കുകയും ചെയ്തു. ഇതു പ്രകാരം നിയമത്തിൽ കാലാകാലങ്ങളിൽ മാറ്റം വരുത്തുവാൻ സംഘടന ഓരോ രാജ്യങ്ങൾക്കും മാർഗനിർദേശങ്ങൾ നൽകും.
വംശനാശം സംഭവിക്കുന്ന വന്യജീവികളെ ഇന്ത്യയിലെ അതാതു പ്രവിശ്യകളിൽ സംരക്ഷിക്കാൻ നിയമങ്ങളിൽ മാറ്റം വരുത്താൻ ഇന്ത്യ ബാദ്ധ്യസ്ഥമാണ്. ഇതു പ്രകാരമാണ് വന്യജീവി സംരക്ഷണനിയമത്തിൽ ഇന്ത്യ ഈയിടെ ഭേദഗതി വരുത്തിയത്.