ന്യൂയോര്‍കില്‍നിന്നു ഡെല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികയുടെ ദേഹത്തു മൂത്രമൊഴിച്ചതിന് പൊലീസ് അറസ്റ്റുചെയ്ത ശങ്കര്‍ മിശ്ര നിലവില്‍ 14 ദിവസത്തെ റിമാന്‍ഡിലാണ്. പരാതി നല്‍കിയ പ്രായമുള്ള സ്ത്രീയുടെ സീറ്റില്‍ മൂത്രമൊഴിച്ചത് താനല്ലെന്നും, അവര്‍ സ്വയം മൂത്രമൊഴിച്ചതാണെന്നുമാണ് കേസ് പരിഗണിക്കുന്ന ഡെല്‍ഹി കോടതിയില്‍ ശങ്കര്‍ മിശ്ര പറഞ്ഞത്.
മിശ്രയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹി പൊലീസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സെഷന്‍സ് കോടതി മിശ്രയ്ക്ക് നോട്ടി സ് അയച്ചിരുന്നു. ശങ്കര്‍ മിശ്രയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള മെട്രൊപ്പൊളീറ്റന്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെതിരെ ഡെല്‍ഹി പൊലീസ് സമര്‍പ്പിച്ച ഹര്‍ജി അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഹര്‍ജ്യോത് സിങ് ഭല്ലയാണ് പരിഗണിക്കുന്നത്.
ശങ്കര്‍ മിശ്ര സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കഴിഞ്ഞ ദിവസം മെട്രൊപൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോമള്‍ ഗാര്‍ഗ് തള്ളിയിരുന്നു. അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ മിശ്രയ്ക്ക് ജാമ്യം നല്‍കുന്നത് ശരിയല്ലെന്ന നിരീക്ഷണത്തോടെയാണ് ഇത്.
നവംബര്‍ 26ന് ന്യൂയോര്‍കില്‍നിന്ന് ഡെല്‍ഹിയിലേക്കു വരികയായിരുന്ന എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ ബിസിനസ് ക്ലാസ് യാത്രികനായ ശങ്കര്‍ മിശ്ര, 70 വയസ്സുള്ള കര്‍ണാടകക്കാരിയുടെ ദേഹത്തേക്ക് മദ്യലഹരിയില്‍ മൂത്രമൊഴിച്ചെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് യുഎസ് ആസ്ഥാനമായുള്ള വെല്‍സ് ഫാര്‍ഗോ എന്ന ബഹുരാഷ്ട്ര ധനകാര്യ കംപനിയുടെ ഇന്‍ഡ്യ ചാപ്റ്റര്‍ വൈസ് പ്രസിഡന്റായിരുന്ന ഇയാളെ, കംപനിയില്‍നിന്ന് പുറത്താക്കിയിരുന്നു.
നവംബറിലാണ് സംഭവം നടന്നതെങ്കിലും അടുത്തിടെയാണ് വാര്‍ത്ത പുറത്തുവന്നതും മിശ്രയെ അറസ്റ്റുചെയ്യുന്നതും.