ഡല്‍ഹി: രാഹുല്‍ ഗാന്ധി ഒരു തരത്തിലും പപ്പു അല്ലെന്നും സ്മാര്‍ട്ടായ മനുഷ്യനാണെന്നും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍.
രാഹുലിനെ പപ്പുവായി ചിത്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും വയനാട് എംപിയായ രാഹുല്‍ ഗാന്ധി സമര്‍ഥനായ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. ദാവോസില്‍ ലോക സാമ്ബത്തിക ഫോറം ഉച്ചകോടിക്കിടെ ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
”അദ്ദേഹത്തെ അങ്ങനെ ചിത്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ഞാന്‍ കരുതുന്നു. ഒരു പതിറ്റാണ്ടോളം അദ്ദേഹമായി പല മേഖലകളിലും ഞാന്‍ ഇടപെട്ടിട്ടുണ്ട്. രാഹുല്‍ പപ്പു അല്ല. അദ്ദേഹം മിടുക്കനും ചെറുപ്പവും ജിജ്ഞാസയുമുള്ള മനുഷ്യനാണ്. മുന്‍ഗണനകള്‍ എന്തെല്ലാമാണ്, അടിസ്ഥാന അപകടസാധ്യതകള്‍, അവയെ വിലയിരുത്താനുള്ള കഴിവ് എന്നിവയെക്കുറിച്ച് നല്ല അവബോധം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. അക്കാര്യത്തില്‍ രാഹുലിന് തികഞ്ഞ കഴിവുണ്ടെന്ന് ” രഘുറാം ഇന്ത്യ ടുഡേയോട് പറഞ്ഞു. ഡിസംബറില്‍ ഭാരത് ജോഡോ രാജസ്ഥാനില്‍ പ്രവേശിച്ചപ്പോള്‍ രഘുറാം രാജനും യാത്രയുടെ ഭാഗമായിരുന്നു.
2023 ഇന്ത്യന്‍ സമ്ബദ്‌വ്യവസ്ഥയ്ക്കും ലോകത്തിന്‍റെ മറ്റു ഭാഗങ്ങള്‍ക്കും ബുദ്ധിമുട്ടായിരിക്കുമെന്നും വളര്‍ച്ചയ്ക്ക് ആവശ്യമായ പരിഷ്കാരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ രാജ്യം പരാജയപ്പെട്ടെന്നും യാത്രയില്‍ പങ്കെടുത്ത ശേഷം രഘുറാം പറഞ്ഞിരുന്നു. കോവിഡ് മഹാമാരി മൂലം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന താഴ്ന്ന ഇടത്തരക്കാരെ കണക്കിലെടുത്ത് നയങ്ങള്‍ രൂപീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.