ഭരണപ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തുടര്‍ച്ചയായ ഏഴാം ദിനവും സ്തംഭിച്ച് പാര്‍ലമെന്റ്. സര്‍വകക്ഷി യോഗം വിളിച്ച് നടപടികളുമായി മുന്‍പോട്ട് പോകാനുള്ള സഭാധ്യക്ഷന്മാരുടെ ശ്രമവും പാളി. സംസാരിക്കാന്‍ അനുവദിക്കാതെ സമാന്യ നീതി നിഷേധിക്കപ്പെടുന്നുവെന്ന് പരാതിപ്പെട്ട് സ്പീക്കര്‍ക്ക് രാഹുല്‍ ഗാന്ധി അയച്ച കത്ത് കോണ്‍ഗ്രസ് പുറത്ത് വിട്ടു.
അദാനി വിവാദത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന് പ്രതിപക്ഷവും വിദേശത്ത് പ്രധാനമന്ത്രിക്കും, കേന്ദ്രസര്‍ക്കാരിനുമെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞേ മതിയാവൂയെന്ന് ഭരണ പക്ഷവും ഇന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ഇരുക്കൂട്ടരും നിലപാടിലുറച്ച് നില്‍ക്കുന്നതോടെ സഭാ സ്തംഭനം പതിവ് കാഴ്ച.
അനുനയത്തിനായി രാജ്യസഭ ചെയര്‍മാന്‍ വിളിച്ച യോഗം കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്ക്കരിച്ചു. ലോക് സഭ സ്പീക്കര്‍ വിളിച്ച യോഗത്തില്‍ പ്രതിപക്ഷം പങ്കെടുത്തെങ്കിലും പിന്നീട് ചേര്‍ന്ന സഭയും ബഹളത്തില്‍ മുങ്ങി. സഭ സമ്മേളനം ചേരുന്നതിന് മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ 24 ഫര്‍ഗാനാസിനെ ഈസ്റ്റിന്ത്യ കമ്പനിക്ക് തീറെഴുതിയ ബംഗാള്‍ നാവാബ് മിര്‍ ജാഫറിനെ പോലെയാണ് രാഹുല്‍ ഗാന്ധിയെന്ന് ബിജെപി പരിഹസിച്ചു.
പാര്‍ലമെന്റിനകത്തും പുറത്തും ബിജെപി ആരോപണം ശക്തമാക്കുമ്പോള്‍, ലോക് സഭയില്‍ നിലപാട് വ്യക്തമാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ കത്തിനോട് സ്പീക്കര്‍ പ്രതികരിച്ചിട്ടില്ല.