Sunday, May 19, 2024

HomeNewsIndiaലോക്‌സഭാ തെരഞ്ഞെടുപ്പ് 2024: 21 സംസ്ഥാനങ്ങളില്‍ ഇന്ന് വോട്ടെടുപ്പ്; രാഷ്ട്രീയപാര്‍ട്ടികള്‍ ആവേശത്തില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024: 21 സംസ്ഥാനങ്ങളില്‍ ഇന്ന് വോട്ടെടുപ്പ്; രാഷ്ട്രീയപാര്‍ട്ടികള്‍ ആവേശത്തില്‍

spot_img
spot_img

ന്യൂഡല്‍ഹി: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തുടക്കമായി. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യം ഘട്ട പോളിംഗ് പുരോഗമിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ 21 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും 102 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്‌നാട് (39) രാജസ്ഥാന്‍ (12), ഉത്തര്‍പ്രദേശ് (8), മധ്യപ്രദേശ് (6), ഉത്തരാഖണ്ഡ് (5), അരുണാചല്‍ പ്രദേശ് (2), മേഘാലയ (2) എന്നിവിടങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്. കൂടാതെ മഹാരാഷ്ട്രയിലേയും അസമിലേയും അഞ്ച് സീറ്റുകളിലും ബീഹാറിലെ 4 സീറ്റുകളിലും ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.

പശ്ചിമ ബംഗാളിലെ 3 സീറ്റുകള്‍, മണിപ്പൂരിലെ രണ്ട് സീറ്റുകള്‍, ത്രിപുര,ജമ്മുകശ്മീര്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ ഓരോ സീറ്റിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നതാണ്. ഇവിടങ്ങളിലെ ബാക്കി സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് അടുത്ത ഘട്ടങ്ങളില്‍ പൂര്‍ത്തിയാക്കും. ആന്ധ്രാപ്രദേശ്, ഒഡിഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. തെരഞ്ഞെടുപ്പ് ആരംഭിച്ചതോടെ കടുത്ത ആവേശത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കിയിട്ടുണ്ട്. ബിജെപി 370 സീറ്റുകള്‍ നേടി അധികാരം ഉറപ്പിക്കുമെന്ന് ഇവര്‍ പ്രതീക്ഷ പങ്കുവെച്ചു.

എന്‍ഡിഎ 400 സീറ്റുകളില്‍ വിജയം ഉറപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ 353 സീറ്റിലാണ് വിജയം കൊയ്തത്. ബിജെപിയ്ക്ക് 303 സീറ്റും ലഭിച്ചിരുന്നു. എന്‍ഡിഎയ്ക്ക് ബദലായി രൂപം കൊണ്ട പ്രതിപക്ഷ സഖ്യമായ ഇന്‍ഡിയും പ്രചരണം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. സഖ്യത്തിനുള്ളിലെ വിള്ളലുകള്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സഖ്യത്തില്‍ ആദ്യം നിലയുറപ്പിച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്‍ഡി സഖ്യമുപേക്ഷിച്ച് പോയത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇതിനുപിന്നാലെ ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലായതും വാര്‍ത്താപ്രാധാന്യം നേടി.

പശ്ചിമ ബംഗാളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെതിരെ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ അണിനിരത്തിയാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചത്. കോണ്‍ഗ്രസുമായി സീറ്റ് വിഭജന ധാരണയുണ്ടാക്കിയിട്ടും പഞ്ചാബിലും മറ്റും തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ അണിനിരത്താനാണ് ആം ആദ്മി പാര്‍ട്ടിയും ശ്രമിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 25 സീറ്റുകളില്‍ 22 ഇടത്തും വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി ഇപ്പോള്‍. പശ്ചിമ ബംഗാളില്‍ തങ്ങളുടേതായ ഇടം കണ്ടെത്താനാകുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.

ഒഡിഷയില്‍ സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടെങ്കിലും സംസ്ഥാനത്ത് കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. ദക്ഷിണേന്ത്യയില്‍ കര്‍ണാടകയില്‍ വിജയം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ തമിഴ്‌നാട്ടിലും കാലുറപ്പിക്കാന്‍ ബിജെപിയെ സഹായിക്കുമെന്നാണ് കരുതുന്നത്. ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും നേരത്തെയുള്ള തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് ഇപ്പോള്‍ ശക്തമായി തിരിച്ചുവരുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്.

ബിജെപി കോട്ടകളായ ബിഹാറിലും ഉത്തര്‍പ്രദേശിലും മികച്ച വിജയം നേടാന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പറഞ്ഞു. തെലങ്കാനയിലേയും കര്‍ണാടകയിലേയും നിയമസഭാ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ ഈ നിരീക്ഷണം. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ജിതേന്ദ്ര സിംഗ്, കിരണ്‍ റിജിജ്ജു, അര്‍ജുന്‍ റാം മേഘ്‌വാള്‍, സഞ്ജീവ് ബാല്യന്‍, മുന്‍ തെലങ്കാന ഗവര്‍ണര്‍ തമിളിശൈ സൗന്ദരരാജന്‍, ലോക്‌സഭയിലെ കോണ്‍ഗ്രസ് ഡെപ്യൂട്ടി ലീഡര്‍ ഗൗരവ് ഗൊഗോയ്, മുന്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ എന്നിവരാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന പ്രധാന സ്ഥാനാര്‍ത്ഥികള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments