കവരത്തി: ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിട്രേറ്ററായ പ്രഫുല്‍ പട്ടേലില്‍ കഴിഞ്ഞ 5 മാസക്കാലമായി നടത്തുന്ന ഭരണ പരിഷ്‌ക്കാരങ്ങള്‍ക്ക് എതിരെ രോഷം പുകയുന്നു. ‘സേവ് ലക്ഷദ്വീപ്’ എന്ന ക്യാംപെയ്‌ന് ഒപ്പം രാഷ്ട്രീയ നേതാക്കളും സിനിമാസാംസ്‌ക്കാരിക പ്രവര്‍ത്തകരും അടക്കം അണിനിരന്ന് കഴിഞ്ഞു. ലക്ഷദ്വീപില്‍ വിചിത്രമായ ഭരണ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുന്ന പ്രഫുല്‍ പട്ടേലിനെ കേന്ദ്രം തിരിച്ച് വിളിക്കണം എന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കുന്നു.
ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന ദിനേശ്വര്‍ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതിന് പിന്നാലെ 2020 ഡിസംബറില്‍ ആണ് പ്രഫുല്‍ പട്ടേലിനെ കേന്ദ്ര സര്‍ക്കാര്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയോഗിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആഭ്യന്തര സഹമന്ത്രി ആയിരുന്നു പ്രഫുല്‍ പട്ടേല്‍. ചുമതലയേറ്റ് 5 മാസം പിന്നിടുമ്പോഴാണ് പ്രഫുല്‍ പട്ടേല്‍ വിവാദങ്ങളില്‍ മുങ്ങിയിരിക്കുന്നത്.
പ്രഫുല്‍ പട്ടേല്‍ നടപ്പാക്കിയ നിയമപരിഷ്‌ക്കാരങ്ങള്‍ക്ക് എതിരെയാണ് വ്യാപക പ്രതിഷേധം ഉയരുന്നത്. കൊവിഡ് ഒന്നാം തരംഗത്തില്‍ രാജ്യമാകെ മഹാമാരി പടരുമ്പോഴും പിടികൊടുക്കാതിരുന്നു ലക്ഷദ്വീപ്. എന്നാല്‍ പ്രഫുല്‍ പട്ടേല്‍ ചുമതല ഏറ്റെടുത്തതിന് പിന്നാലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെന്നും ഇത് ദ്വീപില്‍ കൊവിഡിന്റെ അതിതീവ്ര വ്യാപനത്തിന് കാരണമായി എന്നുമാണ് ആരോപണം ഉയരുന്നത്.
കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പാടാത്ത ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പാക്കിയതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ലക്ഷദ്വീപിലെ അങ്കണവാടികള്‍ക്ക് താഴിട്ടു. ലക്ഷദ്വീപിലെ ആളുകളുടെ പ്രധാന ജീവിത മാര്‍ഗങ്ങളിലൊന്നാണ് മത്സ്യബന്ധനം. മത്സ്യത്തൊഴിലാളികളുടെ ഷെഡുകളടക്കം പൊളിച്ച് നീക്കപ്പെട്ടു. തീരദേശ സംരക്ഷണ നിയമത്തിന്റെ പേരിലാണ് ഈ നടപടി.
മദ്യനിരോധനം നിലനില്‍ക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്. ഇവിടെ ബാറുകള്‍ തുറക്കുന്നതായും ആരോപണം ഉയരുന്നു. ടൂറിസം വികസനത്തിന്റെ പേരിലാണിത് എന്നാണ് ആളുകള്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ലക്ഷദ്വീപില്‍ ഗോമാസം നിരോധനം നടപ്പിലാക്കാനും അഡ്മിനിട്രേറ്റര്‍ നീക്കം നടത്തുന്നതായി പരാതികളുയരുന്നു. ഏറ്റവും ഒടുവില്‍ ഡയറി ഫാമുകള്‍ അടച്ച് പൂട്ടി അമൂലിന് വഴിയൊരുക്കാനുളള നീക്കം നടക്കുന്നതായും ആരോപണം ഉയരുന്നു.
സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധമാണ് ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ ഉയരുന്നത്. ഈ കൊവിഡ് പ്രതിസന്ധി കാലത്ത് ദ്വീപ് ജനതയും സമാധാനവും ജീവിതവും സംസ്‌ക്കാരവും തകര്‍ക്കുന്ന തരത്തിലുളള ഇടപെടലുകളില്‍ നിന്നും പിന്‍വാങ്ങണമെന്നും അഡ്മിനിസ്‌ട്രേറ്ററെ കേന്ദ്രം തിരിച്ച് വിളിക്കണം എന്നുമാണ് ആവശ്യം ഉയരുന്നത്. പ്രഫുല്‍ പട്ടേലിന് ഏകാധിപത്യ നിലപാട് ആണെന്നും കേന്ദ്രം തിരിച്ച് വിളിക്കണം എന്നും ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ ആവശ്യപ്പെട്ടു.