Saturday, December 21, 2024

HomeNewsIndiaഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി

ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി

spot_img
spot_img

കൊച്ചി: ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ ലക്ഷദ്വീപ് പോലീസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണവുമായി സിനിമാ പ്രവര്‍ത്തകയും ലക്ഷദ്വീപ് പ്രക്ഷോഭ നേതാവുമായ ഐഷ സുല്‍ത്താന സഹകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്യേണ്ടതുണ്ടെങ്കില്‍ ഇടക്കാല ജാമ്യം നല്‍കണം.

ഒരാഴ്ചയാവും ഇടക്കാല ജാമ്യത്തിന്റെ കാലാവധിയെന്നും 50000 രൂപയുടെ ബോണ്ടിന് കീഴ്‌ക്കോടതി ജാമ്യം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് അഭിഭാഷകന്റെ സാന്നിധ്യമുണ്ടാകണമെന്നും ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. കേസില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിധി പറയുമെന്നും കോടതി പറഞ്ഞു.

പോലീസ് എഫ്.ഐ.ആറില്‍ പറയുന്ന തരത്തില്‍ ദേശദ്രോഹക്കുറ്റം ചെയ്തിട്ടില്ലെന്ന് ഐഷ കോടതിയില്‍ വാദിച്ചു. ഭരണകൂടത്തിന് എതിരായ വനിര്‍ശനം ദേശ ദ്രോഹക്കുറ്റമായി കണക്കാക്കാനാവില്ലെന്ന സുപ്രീംകോടതി അടുത്തിടെ സ്വീകരിച്ച നിലപാടുകളും ഐഷ ചൂണ്ടിക്കാട്ടി. ചാനല്‍ ചര്‍ച്ചയ്ക്കിടെ ആശയവിനിമയം തകരാറിലായതിനാല്‍ ചില തകരാറുകള്‍ ഉണ്ടായെന്നും ഐഷ പറഞ്ഞു.

അതേസമയം ഐഷയുടെ വാക്കുകള്‍ പൂര്‍ണ്ണമായും നിഷ്‌ക്കളങ്കമല്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം കോടതിയില്‍ വ്യക്തമാക്കി. ചര്‍ച്ചയ്ക്കിടെയുണ്ടായ പ്രസ്താവന തിരുത്തുന്നോയെന്ന് അവതാരകന്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഐഷ തിരുത്തലിന് തയ്യാറായില്ല. പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്ന തരത്തില്‍ പിന്നീട് ഫേസ് ബുക്കില്‍ പോസ്റ്റുമിട്ടു.

വിഷയത്തെ ചൈനയുമായി താരതമ്യം ചെയ്തത് ശത്രുരാജ്യങ്ങള്‍ ദുരുപയോഗം ചെയ്‌തേക്കുമെന്ന അവസ്ഥയുണ്ട്. മുസ്ലിം മതവിഭാഗത്തെ കേന്ദ്രത്തിനെതിരെ തിരിയ്ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളുണ്ടായെന്നും ഭരണകൂടം കുറ്റപ്പെടുത്തി.

ജൈവായുധം ഉപയോഗിച്ചുവെന്ന പരാമര്‍ശത്തിന്റെ പേരില്‍ ക്ഷമ ചോദിച്ചതുകൊണ്ട് നിയമ നടപടികള്‍ ഒഴിവാക്കാനാകില്ലെന്നും രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുമെന്നും ഐഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളണമെന്നും ലക്ഷദ്വീപ് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസിനുവേണ്ടി സീനിയര്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ എസ്. മനു വാദിച്ചു.

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. കെ.പി.സി.സി അംഗം നൗഷാദലി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. പരിഷ്‌കാര നിര്‍ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോഴുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എല്‍.പി ഭാട്യ അധ്യക്ഷത വഹിച്ച ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഭരണപരിഷ്‌കരങ്ങള്‍ അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും ഹര്‍ജിക്കാരന്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ കോടതി ഇത് അനുവദിച്ചിരുന്നില്ല. പകരം വിശദീകരണം ആരാഞ്ഞ് കേന്ദ്രത്തിനും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനും കത്തയച്ചു.

പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പ്രാരംഭഘട്ടത്തില്‍ മാത്രമാണെന്നും ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചതിന് ശേഷമാവും പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുക എന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ വിശദീകരണം നല്‍കിയിരുന്നു.

ലക്ഷദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതരീതിയും സംസ്‌കാരവും തകര്‍ക്കുന്ന നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതു തടയണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കരടുകളിന്മേലുള്ള തര്‍ക്കങ്ങളും ശുപാര്‍ശകളും പരിഗണിച്ചതിന് ശേഷം മാത്രമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കൂവെന്നാണ് ദ്വീപ് ഭരണകൂടം കോടതിയെ അറിയിച്ചത്. ഈ വാദം പരിഗണിച്ചാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

ഇതിനിടെ, ലക്ഷദ്വീപില്‍ കവരത്തിയില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നത് നിര്‍ത്തി. റവന്യു ഉദ്യോഗസ്ഥര്‍ സ്വകാര്യ ഭൂമിയില്‍ സ്ഥാപിച്ച കൊടികള്‍ അവര്‍ തന്നെ നീക്കി. ഭൂവുടമകളെ അറിയിക്കാതെ ആയിരുന്നു സ്ഥലം ഏറ്റെടുപ്പ്. ഭരണകൂടത്തിന് എതിരെ പ്രതിഷേധം ശക്തമായതോടെയാണ് നടപടികള്‍ നിര്‍ത്തിയത്. എന്നാല്‍ നടപടികള്‍ ഉപേക്ഷിക്കുകയാണെന്ന സൂചന നല്‍കിയിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments