ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഐ.ടി നിയമം ലംഘിച്ച് ട്വിറ്ററിന്റെ തലപ്പത്ത് വന്‍ അഴിച്ചു പണി. ട്വിറ്റര്‍ ഇന്ത്യയുടെ പരാതി പരിഹാര ഓഫീസര്‍ സ്ഥാനത്തേക്ക് കാലിഫോര്‍ണിയയില്‍ നിന്നുമുളള ജെറെമി കെസ്സെലിനെയാണ് ട്വിറ്റര്‍ പുതുതായി നിയമിച്ചിരിക്കുന്നത്.
പുതിയ ഐ.ടി നിയമസങ്ങളിലെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് ഈ നിയമനം. കഴിഞ്ഞ ദിവസം പദവി ഒഴിഞ്ഞ ഇന്ത്യക്കാരനായ ധര്‍മ്മേന്ദ്ര ചതുറിന് പകരമായാണ് ജെറെമി കെസ്സെലിനെ നിയമിച്ചിരിക്കുന്നത്. പരാതി പരിഹാര ഓഫീസര്‍ ആയി ഒരു ഇന്ത്യക്കാരന്‍ തന്നെ വേണമെന്ന് പുതിയ ഐ.ടി നിയമം വ്യക്തമാക്കുമ്പോഴാണ് ട്വിറ്ററിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം ഉണ്ടാവുന്നത്.
പുതിയ ഐ.ടി നിയമങ്ങളുടെ പേരില്‍ കേന്ദ്ര സര്‍ക്കാരും ട്വിറ്ററുമായി തര്‍ക്കം നിലനില്‍ക്കുമ്പോള്‍ കൂടിയാണ് നിയമത്തിലെ പ്രധാന നിര്‍ദേശത്തെ തന്നെ ലംഘിക്കുന്ന നിയമനത്തിന് ട്വിറ്റര്‍ തയ്യാറായിരിക്കുന്നത്. നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ട്വിറ്ററിന്റെ ‘സേഫ് ഹാര്‍ബര്‍’ നിയമപരിരക്ഷ കേന്ദ്ര ഐ.ടി മന്ത്രാലയം നേരത്തെ നീക്കം ചെയ്തിരുന്നു.
ചീഫ് കംപ്ലയ്ന്‍സ് ഓഫീസറെ നിയമിക്കുന്നത് ഉള്‍പ്പടേയുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നായിരുന്നു കേന്ദ്രത്തിന്റെ നടപടി. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച മാര്‍ഗരേഖ നടപ്പാക്കാനുള്ള സമയം നേരത്തെ കഴിഞ്ഞെങ്കിലും നിയമപ്രകാരമുള്ള നിയമനം നടത്താനോ വിവരങ്ങള്‍ കൈമാറാനോ ട്വിറ്റര്‍ ഇതുവരെ തയാറായിട്ടില്ല.
ഫേസ്ബുക്ക്, വാട്‌സാപ്, യൂട്യബ്, ഗുഗിള്‍ തുടങ്ങിയ പ്ലാറ്റ് ഫോമുകള്‍ കേന്ദ്രം നിലപാട് ശക്തമാക്കിയതിന് പിന്നാലെ മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയിരുന്നു. ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച പുതിയ ഐ.ടി നിയമം മേയ് 25നായിരുന്നു രാജ്യത്ത് പ്രാബല്യത്തില്‍ വരുകയും ചെയ്തിരുന്നു.