ഡെഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവെച്ചു. വെള്ളിയാഴ്ച രാത്രി രാജ്ഭവനിലെത്തിയ റാവത്ത്, ഗവര്‍ണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് കൈമാറി. നാലുമാസം മുന്‍പാണ് ലോക്‌സഭാ എം.പിയായ റാവത്ത് ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിപദത്തിലെത്തുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ ഉപതിരഞ്ഞെടുപ്പുകള്‍ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് റാവത്തിന്റെ രാജി. സെപ്റ്റംബര്‍ പത്തിന് അകമായിരുന്നു റാവത്തിന് നിയമസഭാംഗത്വം നേടേണ്ടിയിരുന്നത്. നിലവില്‍ എം.എല്‍.എ. അല്ലാത്ത അദ്ദേഹത്തിന് മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ ആറുമാസത്തിനകം നിയമഭാംഗത്വം നേടേണ്ടിയിരുന്നു.
ഭരണഘടനാ പ്രതിസന്ധി കണക്കിലെടുക്കുമ്പോള്‍, രാജിവെക്കുന്നതാണ് ഉചിതമെന്ന് ഞാന്‍ കരുതുന്നു. കോവിഡ് 19 കാരണം ഉപതിരഞ്ഞെടുപ്പുകള്‍ നടത്താനാകില്ല റാവത്ത് പ്രതികരിച്ചു. കഴിഞ്ഞ മൂന്നുദിവസമായി ഡല്‍ഹിയിലുള്ള റാവത്ത് ബി.ജെ.പി. ദേശീയ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് രാജി സമര്‍പ്പിക്കാന്‍ നേതൃത്വം അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയത്. പുതിയ നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ ബി.ജെ.പി. എം.എല്‍.എമാര്‍ നാളെ യോഗം ചേരും.