തൃശൂര്‍: കൊടകര കുഴല്‍പണ കേസില്‍ കെ സുരേന്ദ്രനെ ചോദ്യം ചെയ്യുമെന്ന് നേരത്തേ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങളായി അതേ കുറിച്ച് മറ്റ് വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിരുന്നില്ല.
സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മറ്റാന്‍ ദേശീയ നേതൃത്വം തീരുമാനിച്ചുകഴിഞ്ഞു എന്ന വാര്‍ത്ത പുറത്ത് വന്ന അതേ ദിവസമാണ്, കൊടകര കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസും നല്‍കപ്പെട്ടിട്ടുള്ളത്.
കെ സുരേന്ദ്രന്റെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ സമയമാണിത്. തിരഞ്ഞെടുപ്പ് കോഴയുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ രണ്ട് കേസുകള്‍ സുരേന്ദ്രനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടും ഉണ്ട്. ഈ ഘട്ടത്തില്‍ പാര്‍ട്ടി സുരേന്ദ്രനെ കൈവിടുമോ അതോ കൂടെ നില്‍ക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
കെ സുരേന്ദ്രനെ പൂര്‍ണമായും പിന്തുണച്ചുകൊണ്ടാണ് ഇപ്പോള്‍ ബിജെപി സംസ്ഥാന നേതൃത്വം രംഗത്ത് വന്നിട്ടുള്ളത്. അവര്‍ പുറത്തിറക്കിയ പത്രകുറിപ്പ് അത് വ്യക്തമാക്കുന്നും ഉണ്ട്.
എന്നാല്‍ കെ സുരേന്ദ്രന്‍ നേതൃത്വം നല്‍കുന്ന സംവിധാനം ആണ് ഇത്തരമൊരു പിന്തുണ നല്‍കിയിട്ടുള്ളത് എന്നത് കൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.
കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് നീക്കാം കേന്ദ്ര നേതൃത്വം തത്വത്തില്‍ തീരുമാനമെടുത്തിട്ടുണ്ട് എന്നാണ് മാതൃഭൂമി പുറത്ത് വിട്ട വാര്‍ത്ത. അങ്ങനെയെങ്കില്‍, പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് കെ സുരേന്ദ്രന് കാര്യമായ പിന്തുണ ഈ ഘട്ടത്തില്‍ പ്രതീക്ഷിക്കാന്‍ ആവില്ല. മറ്റൊരര്‍ത്ഥത്തില്‍ നോക്കിയാല്‍, കേരളത്തിലെ പാര്‍ട്ടിയിലെ ഒരു വിഭാഗം ഒരു ഘട്ടത്തിലും സുരേന്ദ്രനെ പിന്തുണച്ചിട്ടും ഇല്ല.
കെ സുരേന്ദ്രനെ അധ്യക്ഷ പദവിയില്‍ നിന്ന് നീക്കിയാല്‍, ഇപ്പോള്‍ കിട്ടുന്ന പിന്തുണ പോലും പിന്നീട് അദ്ദേഹത്തിന് പാര്‍ട്ടിയില്‍ നിന്ന് ലഭിക്കില്ല എന്ന് ഉറപ്പാണ്.
അധികാര സമവാക്യങ്ങള്‍ മാറുന്ന സാഹചര്യമുണ്ടായാല്‍ കേരളത്തിലെ ബിജെപിയില്‍ ഏറ്റവും അധികം പാര്‍ശ്വവത്കരിക്കപ്പെടുക വി മുരളീധരന്‍ കെ സുരേന്ദ്രന്‍ പക്ഷമായിരിക്കും എന്നത് ഉറപ്പാണ്.