മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് യു പി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അഞ്ചുദിവസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സീതാപൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ അധികാരപരിധിക്ക് പുറത്തേക്ക് പോകരുതെന്നും കേസുമായി ബന്ധപ്പെട്ട് പുതിയ ട്വീറ്റുകളോ പരസ്യപ്രസ്താവനകളോ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.
രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്ന സിന്റിക്കേറ്റിന്റെ ഭാഗമാണ് സുബൈറെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സുബൈറിന്റെ ട്വീറ്റുകള്‍ ക്രമസമാധാനത്തിന് ഭംഗം ഉണ്ടാക്കിയെന്നും പുറമേ നിന്നുള്ള സാമ്പത്തിക ഇടപാടും റിമാന്‍ഡ് ചെയ്യാന്‍ കാരണമായെന്നും ആറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.
ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ സുബൈറിന് വധഭീഷണിയുണ്ടെന്നും അദ്ദേഹത്തിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടി ഇന്നലെയാണ് അഭിഭാഷകന്‍ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഹിന്ദു ദൈവങ്ങളെ ‘വിദ്വേഷം വളര്‍ത്തുന്നവര്‍’ എന്നു വിളിച്ചെന്നാരോപിച്ചാണ് സുബൈറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ നേരത്തെ ജാമ്യം തേടി ഡല്‍ഹി മെട്രോപൊളീറ്റന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
2018ലെ ഒരു ട്വീറ്റിന്റെ പേരിലാണ് കലാപാഹ്വാനം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി സുബൈറിനെ അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, വിദേശ ഫണ്ടിങ് നിയന്ത്രണ നിയമം തുടങ്ങിയ വകുപ്പുകളും പിന്നീട് അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു.വ്യാജ വാര്‍ത്തകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്ന ഫാക്ട് ഫൈന്‍ഡിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനാണ് മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍.