ചെന്നൈ; ബി.ജെ.പി തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ രാജ്യത്ത് മതത്തെ ഉപയോഗപ്പെടുത്തുന്നുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. മതം ആളുകളെ ഭിന്നിപ്പിക്കാനുള്ള ഉപകരണമല്ലെന്നും അത് ചെയ്യുന്നവര്‍ യഥാര്‍ത്ഥ ആത്മീയവാദികളാകില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. മതത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ നടക്കുന്നവര്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കായി ഡി.എം.കെ കൊണ്ടുവരുന്ന പദ്ധതികളെ കുറിച്ച് അറിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ബി.ജെ.പി യഥാര്‍ത്ഥ ആത്മീയവാദികളല്ല, അവര്‍ കപടവിശ്വാസികളാണ്, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവര്‍ മതത്തെ ഉപയോഗപ്പെടുത്തുകയാണ്,’ തിരുവണ്ണാമലയില്‍ നടന്ന പൊതുയോഗത്തിലായിരുന്നു സ്റ്റാലിന്റെ പരാമര്‍ശം. താന്‍ ഒരു മതത്തിനും എതിരല്ലെന്നും മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നവര്‍ക്കെതിരാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
ഡി.എം.കെയെയോ സര്‍ക്കാരിനെയോ നയിക്കുന്നത് മതത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.