ന്യൂഡല്‍ഹി: പ്രതിരോധത്തിനായി ഒന്നിച്ച് നില്‍ക്കുമെന്ന് ചൈനയ്‌ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യയും അമേരിക്കയും.
ഇരു രാജ്യങ്ങളും സംയുക്തമായി നടത്തിവരുന്ന സൈനിക അഭ്യാസ പ്രകടനത്തിന് ഒക്ടോബറില്‍ തുടക്കമാകും. നിലവില്‍ തായ്‌വാനിലും മറ്റ് തന്ത്ര പ്രധാന മേഖലകളിലും അന്താരാഷ്‌ട്ര സമൂഹത്തെ വെല്ലുവിളിച്ച് അധിനിവേശത്തിന് ശ്രമിക്കുകയാണ് ചൈന. ഇതിനെതിരെ ഒന്നിച്ച് നില്‍ക്കുമെന്ന ആഹ്വാനം കൂടിയാണ് ഇത്തവണത്തെ ഇന്ത്യ- അമേരിക്ക സംയുക്ത സൈനിക അഭ്യാസ പ്രകടനം.
രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ നടത്താനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ 14 ന് ആരംഭിക്കുന്ന പരിപാടി 31ന് അവസാനിക്കും. ഉത്തരാഖണ്ഡിലെ ഔലിയിലാണ് ഇരു രാജ്യങ്ങളിലെയും സൈനികര്‍ ഒന്നിക്കുക.
പ്രതിരോധ മേഖലയിലെ ധാരണ, സഹകരണം, പരസ്പര പ്രവര്‍ത്തന ക്ഷമത എന്നിവ വര്‍ദ്ധിപ്പിക്കുക ലക്ഷ്യമിട്ടുകൊണ്ടാണ് ഇന്ത്യയും- അമേരിക്കയും അഭ്യാസ പ്രകടനങ്ങള്‍ക്കായി ഒന്നിക്കുന്നത്. ചൈനയുടെ വെല്ലുവിളി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിര്‍ണായക അഭ്യാസ പ്രകടനങ്ങള്‍ സംഘടിപ്പിക്കാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.
കഴിഞ്ഞ വര്‍ഷം അലാസ്‌കയിലായിരുന്നു അഭ്യാസ പ്രകടനങ്ങള്‍.