വനം വകുപ്പിന്റെ കൂട്ടിലായ ധോണി എന്ന പി.ടി ഏഴാമനെ പരിപാലിക്കാന്‍ പുതുതായി നിയമിച്ച രണ്ടുപേര്‍ ചുമതലയേറ്റു.തമിഴ്നാട് ടോപ് സ്ലിപ്പിലെ ആന പരിശീലനകേന്ദ്രത്തിലെ കാട്ടാന വിദഗ്ധരായ മണികണ്ഠനും മാധവനുമാണ് ധോണിയിലെത്തിയത്.
കുങ്കിയാനകളോടും പാപ്പാന്മാരോടും ഒറ്റയാന്‍ ഇണങ്ങിയാല്‍ പിന്നീടുള്ളത് ചട്ടം പഠിപ്പിക്കലാണ്. മയക്കുവെടിയേറ്റ ശേഷം പ്രത്യക്ഷത്തില്‍ ആരോഗ്യപ്രശ്നങ്ങളില്ല. ക്ഷീണം മാറി. 23 വയസ്സ് മാത്രമുള്ള ഈ കൊമ്ബന്‍ കൂട്ടിനുള്ളില്‍ അസ്വസ്ഥനാണെന്നും രണ്ടാഴ്ചക്കുശേഷമേ ധോണിയെ കുങ്കിയാനയാക്കി മാറ്റുന്നതില്‍ തീരുമാനമെടുക്കാന്‍ സാധിക്കൂവെന്നും അധികൃതര്‍ അറിയിച്ചു. ധോണി കൂടുജീവിതവുമായി പരിപൂര്‍ണമായി പൊരുത്തപ്പെടേണ്ടതുണ്ട്. നാട്ടില്‍ നെല്ലും വിളകളും മറ്റും തിന്നുനടന്ന ധോണിക്ക് ഭക്ഷണരീതികളും ഇഷ്ടപ്പെടുന്നതോടെ നാട്ടാനകളെ താപ്പാനകളാക്കി മാറ്റുന്ന രീതികള്‍ ഓരോന്നായി പരിശീലിപ്പിക്കുന്നതാണ്.
പാപ്പാന്മാരും ആനവിദഗ്ധരുമാണ് പരിശീലനം നല്‍കുക. ഇതിന് രണ്ട് പാപ്പാന്മാരും നാല് വിദഗ്ധരും അടങ്ങിയ ടീം മുഴുസമയവും ആനയെ പരിപാലിക്കും. ധോണിക്ക് മദപ്പാട് കണ്ടതിനാല്‍ പൂര്‍ണ വിശ്രമമാണ് വെറ്ററിനറി ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ആനയെ നിരീക്ഷിക്കാന്‍ ഡോ. അരുണ്‍ സക്കറിയയുടെ മേല്‍നോട്ടത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ ചുമതലയും ക്രമീകരിച്ചിട്ടുണ്ട് .
ചൂട് കുറക്കാന്‍ വെള്ളം ഉപയോഗിച്ച് ഇടക്കിടെ നനക്കുന്നുണ്ട്. ഒരാഴ്ച കഴിഞ്ഞാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം റാഗി, ചെറുപയര്‍, പോഷകസമൃദ്ധമായ ധാന്യങ്ങള്‍, ശര്‍ക്കര തുടങ്ങിയ ഭക്ഷണം നല്‍കാനുള്ള പട്ടികയും തയാറാക്കി. പി.ടി ഏഴ് ദൗത്യം പൂര്‍ത്തിയാക്കിയ ദൗത്യസംഘം ചൊവ്വാഴ്ച വയനാട്ടിലേക്ക് മടങ്ങി.