കൊച്ചി :പിതാവില്‍ നിന്നുള്ള വിവാഹ സഹായത്തിന് പെണ്‍മക്കള്‍ക്കും അവകാശമെന്ന് കോടതി നിരീക്ഷിച്ചു. അതിനു മതം പ്രശ്‌നമല്ല. വിവാഹച്ചെലവിനായി പിതാവ് നല്‍കാന്‍ പാലക്കാട് കുടുംബക്കോടതി നിര്‍ദേശിച്ച തുക കുറഞ്ഞു പോയെന്നാരോപിച്ച് ക്രിസ്ത്യന്‍ മതവിശ്വാസികളായ 2 പെണ്‍മക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി.അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
പെണ്‍മക്കളുടെ വിവാഹച്ചെലവു വഹിക്കാന്‍ പിതാവിന് കടമയുണ്ടെന്നും മതത്തിന്റെ പേരില്‍ ഇത്തരമൊരു അവകാശം നിഷേധിക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പിതാവും മാതാവും തമ്മിലുളള വിവാഹബന്ധം തകര്‍ന്നതിനെ തുടര്‍ന്നു ഹര്‍ജിക്കാര്‍ മാതാവിനൊപ്പമാണു താമസം. മാതാവും പിതാവും തമ്മിലുള്ള കേസ് കോടതിയില്‍ നിലവിലുണ്ട്. ഇതിനിടെ വിവാഹ ചെലവിനായി പിതാവില്‍ നിന്ന് 45.92 ലക്ഷം രൂപ ലഭിക്കണമെന്നാവശ്യപ്പെട്ട് പെണ്‍മക്കള്‍ കുടുംബക്കോടതിയെ സമീപിച്ചു. പിതാവിന്റെ പേരിലുള്ള ഭൂമി കൈമാറ്റം ചെയ്യുന്നതു തടയണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ച കുടുംബക്കോടതി 7.50 ലക്ഷം രൂപ സഹായം നല്‍കാന്‍ പിതാവിനോടു നിര്‍ദേശിച്ചു.
മക്കളുടെ വിദ്യാഭ്യാസച്ചെലവ് താന്‍ വഹിച്ചെന്നും ഭാര്യയ്ക്കു തന്നോടു ശത്രുതാ മനോഭാവമാണെന്നുമായിരുന്നു പിതാവിന്റെ വാദം. ഹിന്ദു അഡോപ്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് നിയമപ്രകാരം അവിവാഹിതയായ ഹിന്ദു സ്ത്രീക്ക് പിതാവില്‍ നിന്ന് വിവാഹച്ചെലവിന് അര്‍ഹതയുണ്ട്. മകളുടെ വിവാഹച്ചെലവ് വഹിക്കാന്‍ മുസ്ലിം പിതാവിന് ബാധ്യതയുണ്ടോയെന്ന വിഷയം െഹെക്കോടതി മറ്റൊരു കേസില്‍ പരിഗണിച്ചിരുന്നു. ഏതു മതത്തിലുള്ളയാളാണെങ്കിലും പിതാവിന് ഇത്തരത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന് അതില്‍ കോടതി വ്യക്തമാക്കിയിരുന്നു.