ഇടുക്കി: കേരള കോണ്‍ഗ്രസില്‍ രാജി തുടരുന്നു. ജോസഫ് വിഭാഗം വൈസ് ചെയര്‍മാന്‍ മാത്യു സ്റ്റീഫന്‍ പാര്‍ട്ടിയില്‍നിന്നു രാജിവച്ചു. മുന്‍ ഉടുമ്ബന്‍ചോല എം.എല്‍.എയാണ്. കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് വിട്ട ഡെപ്യൂട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരിനു പിറകെയാണ് സ്റ്റീഫന്റെ രാജി.
വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നാണ് മാത്യു സ്റ്റീഫന്‍ അറിയിച്ചത്. രാജി പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫിനു കൈമാറിയിട്ടുണ്ട്. ജോണി നെല്ലൂര്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയായ നാഷനല്‍ പ്രോഗ്രസീവ് പാര്‍ട്ടി(എന്‍.പി.പി)യുടെ ഭാഗമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്നലെയാണ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ ഡെപ്യൂട്ടി ചെയര്‍മാന്‍, യു.ഡി.എഫ് സെക്രട്ടറി സ്ഥാനങ്ങള്‍ ജോണി നെല്ലൂര്‍ രാജിവച്ചത്. ബി.ജെ.പി പിന്തുണയോടെ സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ ക്രൈസ്തവ പാര്‍ട്ടിക്ക് നേതൃത്വം നല്‍കുക ജോണി നെല്ലൂരായിരിക്കും. 22ന് കൊച്ചിയില്‍ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.