Saturday, July 27, 2024

HomeNewsKeralaകോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെ വിമര്‍ശിച്ച് വി.എം സുധീരന്റെ വാചാലമായ കുറിപ്പ്‌

കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെ വിമര്‍ശിച്ച് വി.എം സുധീരന്റെ വാചാലമായ കുറിപ്പ്‌

spot_img
spot_img

തിരുവനന്തപുരം: കെ.എസ്.യു സ്ഥാപക ദിനമാണിന്ന്. പഴയകാല നേതാക്കളെയും പ്രവര്‍ത്തനങ്ങളും ഓര്‍ത്തെടുത്ത് മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്‍. കെ.എസ്.യുവിന്റെ പഴയ പ്രതാപ കാലവും പിന്നീട് സംഭവിച്ച അപചയങ്ങളുമെല്ലാം വിവരിച്ചായിരുന്നു സുധീരന്റെ പ്രതികരണം. നിലവിലെ നേതൃത്വത്തിന് ശക്തമായ സാന്നിധ്യം അറിയിക്കാനും ഐക്യവും കെട്ടുറപ്പും നിലനിര്‍ത്താനും സാധിക്കട്ടെ എന്നും സുധീരന്‍ ആശംസിച്ചു.

സംഘടനയുടെ തുടക്കവും വളര്‍ച്ചയും പിന്നീടുണ്ടായ പാളിച്ചകളുമെല്ലാം വിവരിക്കുന്ന ‘ഗതകാല പ്രൗഢിയിലേക്കുള്ള തിരനോട്ടം കെ.എസ്.യുവിന് കൂടുതല്‍ കരുത്താകട്ടെ…’ എന്ന തലക്കെട്ടിലുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…

കേരളീയ സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ക്കിട വരുത്തിയ കേരള വിദ്യാര്‍ത്ഥി യൂണിയന്റെ സ്ഥാപകദിനമാണിന്ന്. വിദ്യാര്‍ത്ഥികളുടെ അവകാശ സമരങ്ങള്‍ക്ക് ക്രിയാത്മകമായി നേതൃത്വം നല്‍കിയ 64 വര്‍ഷത്തെ മഹത്തായ പാരമ്പര്യമുള്ളതും സമാനതകളില്ലാത്തതുമായ കെ.എസ്.യുവിന്റെ ജന്മദിനത്തില്‍ എല്ലാ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും കെ.എസ്.യുവിനെ അകമഴിഞ്ഞു സ്‌നേഹിക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തിനും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു; ആശംസകള്‍ നേരുന്നു.

വിദ്യാഭ്യാസ രംഗത്തെ പരിവര്‍ത്തനത്തിനും വിദ്യാര്‍ത്ഥി സമൂഹം കൈവരിച്ച നേട്ടങ്ങള്‍ക്കും ഉത്തരവാദി കെ.എസ്.യു ആണെന്നത് എന്നെന്നും അഭിമാനകരമാണ്. സെനറ്റ്, സിന്‍ഡിക്കേറ്റ് ഉള്‍പ്പെടെയുള്ള സര്‍വ്വകലാശാലാ സമിതികളിലെ വിദ്യാര്‍ത്ഥി പങ്കാളിത്തവും യൂണിവേഴ്‌സിറ്റി യൂണിയന്‍ ആരംഭിച്ചതും കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളിലെ ജനാധിപത്യവത്ക്കരണവും പ്രീഡിഗ്രി, എസ്.എസ്.എല്‍.സി വിദ്യാഭ്യാസം സൗജന്യമാക്കിയതും, അപരിഷ്‌കൃതമായ ഡീറ്റെന്‍ഷന്‍ സമ്പ്രദായം അവസാനിപ്പിച്ചതും ഉന്നതവിദ്യാഭ്യാസരംഗത്തെ ഫീസ് ഏകീകരണം തുടങ്ങി ഏറെക്കാലമായിട്ടുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും ധീരോദാത്തമായി പൊരുതിയ മഹത്തായ പ്രസ്ഥാനമാണ് കെ.എസ്.യു.

അതാത് കാലത്ത് സര്‍ക്കാരുകളുടെയും വിദ്യാഭ്യാസ അധികൃതരുടെയും കണ്ണുതുറപ്പിക്കാന്‍ കാരണക്കാരായത് കെ.എസ്.യു തന്നെയാണ്. അനാവശ്യ സമരങ്ങള്‍ ഒഴിവാക്കാനും ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ഥികളെ നയിക്കാനും കെ.എസ്.യുവിനായി. ഉമ്മന്‍ചാണ്ടി കെ.എസ്.യു അധ്യക്ഷനായിരുന്ന കാലത്ത് ആവിഷ്‌കരിച്ച് വിജയകരമായി നടപ്പാക്കിയ ‘ഓണത്തിന് ഒരുപറ നെല്ല്’ എന്ന ഭാവനാസമ്പന്നമായ കര്‍മപദ്ധതി വ്യാപകമായി പ്രശംസിക്കപ്പെട്ടിരുന്നു.

കേരളത്തിലെ സര്‍വ്വകലാശാല യൂണിയനുകളിലും കോളേജ് യൂണിയനുകളിലും സ്‌കൂള്‍ പാര്‍ലമെന്റുകളിലും കെ.എസ്.യു വന്‍ ആധിപത്യം പുലര്‍ത്തിയത് ഇന്നും അഭിമാനത്തോടെ ഞാനോര്‍ക്കുന്നു. കക്ഷിരാഷ്ട്രീയത്തിനതീതമായി വിദ്യാര്‍ത്ഥികളുടെ വിശ്വാസം ആര്‍ജ്ജിച്ചു കൊണ്ട് കെ.എസ്.യുവിന് മുന്നോട്ടുപോകാനായത് സുസജ്ജവും കെട്ടുറപ്പുള്ളതും ഐക്യബോധവും സാഹോദര്യവും സമ്പൂര്‍ണമായി നിലനിന്ന സംഘടനാ സംവിധാനത്തിന്റെ പരിണിതഫലമായിട്ടായിരുന്നു.

ഭരണഘടന പ്രകാരം സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യുവിലെ യൂണിറ്റ് കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റി വരെ ജനാധിപത്യപരമായ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടതായിരുന്നു. കെ.എസ്.യുവിന്റ പ്രധാന ശക്തിസ്രോതസ്സ് സ്‌കൂളുകള്‍ ആയിരുന്നു. ഹൈസ്‌കൂളുകളിലും കോളേജുകളിലുമൊക്കെ യൂണിറ്റ് കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് അതാത് വര്‍ഷം തന്നെ നടന്നിരുന്നു. ഓരോ വര്‍ഷവും സംസ്ഥാന സമ്മേളനത്തിന് മുമ്പ് കൃത്യമായി യൂണിറ്റ്താലൂക്ക്ജില്ലാ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് നടന്നിരുന്നു.

ഇപ്രകാരം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുത്തിരുന്നത്. കെ.എസ്.യു ഭാരവാഹിത്വത്തില്‍ നിന്നും ഒഴിഞ്ഞവര്‍ തന്നെയായിരുന്നു തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന് ബാധ്യതപ്പെട്ട റിട്ടേണിങ് ഓഫീസര്‍മാര്‍ ആകുന്നതും. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് പദം ഒഴിഞ്ഞ് തുടര്‍ന്നുള്ള വര്‍ഷത്തെ സംസ്ഥാന റിട്ടേണിംഗ് ഓഫീസര്‍ ആയി പ്രവര്‍ത്തിക്കാനായത് ഞാനോര്‍ക്കുന്നു.

സംഘടനയ്ക്കകത്ത് പൂര്‍ണമായ ഐക്യവും സഹോദര ബന്ധവും നിലനിന്നിരുന്നു. അത്യപൂര്‍വ്വമായ തലങ്ങളില്‍ മത്സരം ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം തികച്ചും ആരോഗ്യകരമായിരുന്നു. യാതൊരു തരത്തിലുള്ള ഗ്രൂപ്പിസവും ബാഹ്യമായ ഇടപെടലുകളും അന്നുണ്ടായിരുന്നില്ലെന്നത് എടുത്തുപറയേണ്ടതാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആശയങ്ങളോട് ആഭിമുഖ്യം ഉണ്ടായിരുന്നുവെങ്കിലും നയരൂപീകരണത്തിലോ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിലോ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീക്കുന്നതിലോ അതൊന്നും സ്വാധീനിക്കപ്പെട്ടതേയില്ല.

തികച്ചും സ്വതന്ത്രവും ജനാധിപത്യപരമായിട്ടുമായിരുന്നു പ്രവര്‍ത്തനം. അര്‍ഹതപ്പെട്ടവര്‍ അതാതു സ്ഥാനങ്ങളില്‍ വരുന്നതിന് തികഞ്ഞ ജാഗ്രത സര്‍വ്വ തലത്തിലും ഉണ്ടായിരുന്നു. ഒരിക്കല്‍ എ.സി ജോസിനെ സംസ്ഥാന പ്രസിഡന്റായി അദ്ദേഹത്തിന്റെ അഭാവത്തിലാണ് തെരഞ്ഞെടുത്തത് എന്നത് വളരെയേറെ ശ്രദ്ധേയമാണ്. കൃത്യമായി നടന്നിരുന്ന യൂണിറ്റ്, താലൂക്ക്, ജില്ല,സംസ്ഥാന സമ്മേളനങ്ങള്‍ക്ക് പുറമേ മുടക്കമില്ലാതെ നടന്നിരുന്ന വിവിധ തലങ്ങളിലുള്ള ക്യാമ്പുകളും കെ.എസ്.യുവിനെ സംഘടനാപരമായും ആശയപരമായും ശക്തിപ്പെടുത്തിയ പ്രധാന ഘടകങ്ങളായിരുന്നു.

ദേശീയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യയ്ക്ക് രൂപം കൊടുക്കുന്നതിലും പ്രചോദനമായത് കെ.എസ്.യുവും ബംഗാളിലെ ചത്ര പരിഷത്തുമാണ്. ഒറ്റപ്പാലത്ത് നടന്ന കെ.എസ്.യു സംസ്ഥാന ക്യാമ്പില്‍ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയുടെ നേതൃത്വത്തില്‍ ബംഗാളില്‍ നിന്നും ചത്ര പരിഷത്ത് നേതാക്കള്‍ പങ്കെടുത്തിരുന്നു. ആന്ധ്ര ഉള്‍പ്പെടെ മറ്റു പല സംസ്ഥാനങ്ങളില്‍ നിന്നും സൗഹാര്‍ദ്ദ പ്രതിനിധികളും ഉണ്ടായിരുന്നു.

അവിടെ വെച്ചാണ് ദേശീയ വിദ്യാര്‍ത്ഥി പ്രസ്ഥാനം രൂപീകരിക്കുന്നതിനെ കുറിച്ച് പ്രാരംഭ ആശയവിനിമയം നടക്കുന്നത്. പിന്നീട് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമായിരുന്ന വയലാര്‍ജി കോണ്‍ഗ്രസ് അധ്യക്ഷ ഇന്ദിരാഗാന്ധിയുമായി ചര്‍ച്ച ചെയ്തിട്ടാണ് 1971-72 കാലഘട്ടത്തില്‍ എന്‍.എസ്.യു ഐ സ്ഥാപിച്ചത്. കേരളത്തില്‍ നിന്നുള്ള ടി.ജി വിശ്വനാഥന്‍ ആയിരുന്നു കണ്‍വീനര്‍.

പിന്നീട് രംഗരാജന്‍ കുമാരമംഗലം പ്രസിഡണ്ടും കെ.സി ജോസഫ്, അഷിത് മിത്ര, ഹരികേശ് ബഹാദൂര്‍, ഗീതാഞ്ജലി ശര്‍മ്മ എന്നിവര്‍ സെക്രട്ടറിമാരുമായി ദേശീയ കമ്മിറ്റി പുനസംഘടിപ്പിക്കപ്പെട്ടു. കെ.എസ്.യു ചത്ര പരിഷത്ത് കാര്യങ്ങളില്‍ ഇടപെടേണ്ടതില്ല എന്നായിരുന്നു എന്‍.എസ്.യു ഐ നിലവില്‍ വന്നപ്പോള്‍ ഉണ്ടായിരുന്ന ധാരണ. ഈ ധാരണപ്രകാരമാണ് വര്‍ഷങ്ങളോളം മുന്നോട്ടു പോയത്.

ദേശീയതലത്തിലുള്ള യാതൊരു ഇടപെടലുകളും ഏറെക്കാലം കെ.എസ്.യു പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്നില്ല. പില്‍ക്കാലത്ത് കേരളത്തില്‍ ശക്തിയാര്‍ജ്ജിച്ച കോണ്‍ഗ്രസ്സ് ഗ്രൂപ്പിസമാണ് ദേശീയതലത്തിലുള്ള അനാരോഗ്യകരമായ ഇടപെടലുകള്‍ക്ക് വഴിവെച്ചത്. എന്‍.എസ്.യു ഐ കേന്ദ്രനിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും സംഘടനാ രീതിയും പലതരത്തിലും കേരളത്തിന് അപ്രായോഗികമായിരുന്നു.

സ്‌കൂള്‍ യൂണിറ്റുകള്‍ പാടില്ല എന്ന തീരുമാനവും കെ.എസ്.യുവിന് ദോഷകരമായി. അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പഴയ രീതിയില്‍ തന്നെ സ്വതന്ത്ര സ്വഭാവത്തോടെ കെ.എസ്.യുവിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം പുനസ്ഥാപിക്കേണ്ടത് ആവശ്യമാണ്. കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കെ.എസ്.യുവിനെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിന് കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ശക്തവും ഭാവനാസമ്പന്നവുമായ ശ്രമങ്ങള്‍ തുടരട്ടെ.

മാരകമായ ഗ്രൂപ്പിസത്തില്‍ നിന്നും കെ.എസ്.യുവിനെ മുക്തമാക്കാനും വിദ്യാര്‍ത്ഥി ലോകം രണ്ട് കൈയും നീട്ടി ഉള്‍ക്കൊണ്ട പഴയ സംഘടനാ രീതിയും പ്രവര്‍ത്തനശൈലിയും ആധുനിക കാലഘട്ടത്തിനനുസരിച്ച് ഉചിതവും സ്വീകാര്യവുമായ നിലയില്‍ ഭേദഗതിയോടെ തിരിച്ചുകൊണ്ടു വന്ന് വിദ്യാര്‍ത്ഥികളുടെ വിശ്വാസം കൂടുതല്‍ കൂടുതല്‍ ആര്‍ജിക്കാനാകുന്ന കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകേണ്ടിയിരിക്കുന്നു.

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും ഗ്രൂപ്പ് താല്‍പര്യങ്ങളും വെടിഞ്ഞ് കെ.എസ്.യുവിന്റെ നന്മയ്ക്കും വളര്‍ച്ചയ്ക്കും വേണ്ട പരിപൂര്‍ണ്ണ സഹകരണം ഇക്കാര്യത്തില്‍ അഭിജിത്തിനും സഹപ്രവര്‍ത്തകര്‍ക്കും നല്‍കാന്‍ എല്ലാവരും തയ്യാറാകണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. ആലപ്പുഴയില്‍ കെ.എസ്.യു ജന്മം കൊണ്ടപ്പോള്‍ അതിനെല്ലാം നേതൃത്വം നല്‍കിയ വയലാര്‍ രവി, ആദ്യ പ്രസിഡണ്ട് ജോര്‍ജ് തരകന്‍, തുടര്‍ന്ന് കെ.എസ്.യുവിന് ശക്തി പകര്‍ന്ന എ.സി ജോസ്, എം.എ ജോണ്‍, എ.എ സമദ്, എ.സി ഷണ്‍മുഖദാസ്, തോപ്പില്‍ രവി, വി.എം മോഹന്‍ദാസ് തുടങ്ങിയ ആദ്യകാല നേതാക്കളുടെ മഹനീയ സേവനം ഇത്തരുണത്തില്‍ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു.

വയലാര്‍ജി കെ.എസ്.യു പ്രസിഡന്റായ 21 അംഗ സംസ്ഥാന കമ്മിറ്റിയില്‍ അംഗമായി വന്ന് പിന്നീട് എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, കടന്നപ്പള്ളി എന്നിവര്‍ക്ക് പിന്നാലെ കെ.എസ്.യു പ്രസിഡന്റാകാനായത് ജീവിതത്തിലെ മഹാഭാഗ്യമായി കരുതുന്നു. അതിനെല്ലാം കളമൊരുക്കിയ നേതാക്കളെയും സഹപ്രവര്‍ത്തകരെയും കടപ്പാടോടുകൂടി ഓര്‍ക്കുന്നു.

തുടര്‍ന്നുള്ള കാലങ്ങളിലും കെ.എസ്.യു നേതൃ രംഗത്ത് കടന്ന് വന്നവരെയും ത്യാഗനിര്‍ഭരമായി പ്രവര്‍ത്തിച്ചവരെയും തികഞ്ഞ മതിപ്പോടെ മനസ്സില്‍ കാണുന്നു. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പോരാട്ടങ്ങളിലും കെ.എസ്.യു പ്രവര്‍ത്തകനരംഗത്തും രക്തസാക്ഷിത്വം വരിച്ച സഹോദരങ്ങളുടെ ധീരസ്മരണയ്ക്കു മുന്നില്‍ സ്‌നേഹാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments