കോട്ടയം: ലോക്ഡൗണില്‍ ബാറുകളും ബിവറേജസും അടഞ്ഞതോടെ കുക്കറുകള്‍ ഉപയോഗിച്ച് വീടുകളില്‍ ചാരായം വാറ്റ് സജീവം. വിദേശങ്ങളില്‍നിന്ന് മടങ്ങിയെത്തിയവരാണ് വീടിനെ ‘ഡിസ്റ്റിലറിയാക്കുന്നവരില്‍ ഏറെയും. മദ്യത്തിനു കര്‍ശനനിയന്ത്രണമുള്ള ചില രാജ്യങ്ങളില്‍ കുക്കറുകള്‍ ഉപയോഗിച്ച് അതിരഹസ്യമായി വാറ്റി വില്‍പനയടക്കമുണ്ട്.
ഇത്തരത്തിലുള്ള ‘പരിചയസമ്പന്നരാണ്’ അടച്ചിടല്‍ കാലത്ത് പരീക്ഷണത്തിനു മുതിരുന്നവരില്‍ ഭൂരിഭാഗവും. കുക്കര്‍ ഉപയോഗിച്ച് വാറ്റുന്നവരുടെ എണ്ണം ലോക്ഡൗണില്‍ വര്‍ധിച്ചതായാണ് എക്‌സൈസ് വിലയിരുത്തല്‍. സ്വന്തം ആവശ്യത്തിനായിട്ടാണ് ഭൂരിഭാഗവും ഈ രീതി തെരഞ്ഞെടുക്കുന്നതെന്നും ഇവര്‍ പറയുന്നു. അടുത്തിടെ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സമാനരീതിയില്‍ വാറ്റിയതായ വിവരം എക്‌സൈസിന് ലഭിച്ചിരുന്നു.
അടുക്കള കേന്ദ്രീകരിച്ചായതിനാല്‍ രഹസ്യവിവരം ലഭിച്ചാല്‍ മാത്രമേ ഇത്തരക്കാരെ കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനു തടയിടാന്‍ നിരീക്ഷണം ശക്തമാക്കിയതായും എക്‌സൈസ് അറിയിച്ചു. കോട പാകമാകാന്‍ എടുത്ത ആദ്യത്തെ ആറു ദിവസത്തിനുശേഷം ലോക്ഡൗണില്‍ ആവശ്യക്കാര്‍ക്ക് വാറ്റുചാരായം ലഭിക്കാന്‍ തുടങ്ങിയെന്നാണ് എക്‌സൈസ് കണ്ടെത്തല്‍.
കുക്കര്‍ വാറ്റിനൊപ്പം മലയോരങ്ങള്‍ കേന്ദ്രീകരിച്ച് വന്‍കിട വ്യാജവാറ്റ് സംഘങ്ങള്‍ സജീവമായതാണ് ഇതിനു കാരണം. ലിറ്ററിന് 1200-5000 രൂപ വരെയാണ് ഒരുകുപ്പി ചാരായത്തിനായി ഇവര്‍ വാങ്ങുന്നത്. ഈ വില നല്‍കിയും വാങ്ങിക്കുടിക്കാന്‍ ക്യൂവാണെന്നാണ് എക്‌സൈ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇതിനിടെ,വാറ്റും ചാരായവും എക്‌സൈസ് പിടികൂടുന്നുണ്ടെങ്കിലും വ്യാജമദ്യത്തിന് കുറവില്ല. കോട്ടയം ജില്ലയില്‍നിന്ന് മാത്രം കഴിഞ്ഞ എട്ടുമുതല്‍ ഇതുവരെ 3010 ലിറ്റര്‍ കോടയാണ് എക്‌സൈസ് പിടിച്ചെടുത്ത്. 71 ലിറ്റര്‍ ചാരായവും പിടികൂടി. ലോക്ഡൗണ്‍ തുടങ്ങിയതിനുശേഷം 60ഓളം അബ്കാരി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 70 പേരെ അറസ്റ്റും ചെയ്തു. കോവിഡ് പ്രശ്‌നംമൂലം 20 അറസ്റ്റ് നടക്കാനുമുണ്ട്.
പിടികൂടിയതിന്റെ പതിന്‍മടങ്ങ് വാറ്റ് നടന്നിട്ടുണ്ടാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സ്ഥിരം മദ്യപര്‍ക്ക് ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കേസൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാറ്റ് വ്യാപകമായതാകാം ഇതിനു കാരണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
അതിനിടെ, മറ്റ് സംസ്ഥാനങ്ങളില്‍നിന്നടക്കം വിദേശമദ്യവും വലിയ തോതില്‍ എത്തുന്നുണ്ട്. സ്വന്തം നിലയില്‍ മദ്യം തയാറാക്കുന്ന സംഘങ്ങളുമുണ്ട്.