തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശിനെ പൊലീസ് ക്ലബില്‍ വച്ച് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. മുമ്പും അന്വേഷണ സംഘം ഗണേശിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുനെങ്കിലും ഗണേഷ് ഹാജരായിരുന്നില്ല. കേസിന്റെ അന്വേഷണം ബി.ജെ.പി ഉന്നത നേതാക്കളിലേക്ക് കൂടി നീങ്ങുന്നതിന്റെ സൂചനയാണിത്.
പ്രതികളടക്കമുള്ളവരുടെ മൊഴികളും മറ്റു തെളിവുകളും ശേഖരിച്ചതിന് ശേഷമാണ് അന്വേഷണം ബി.ജെ.പി നേതൃത്വത്തിലേക്ക് കടന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. കേസുമായി ബന്ധമില്ലെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഉയര്‍ന്ന നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് പാര്‍ട്ടിയെ ആശങ്കയിലാക്കുന്നുണ്ട്. ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷിനേയും ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ അദ്ദേഹം ഹാജരാകില്ലെന്നാണ് വിവരം. തട്ടിക്കൊണ്ടുപോകലില്‍ പങ്കാളികളായ ഓരോരുത്തര്‍ക്കും പത്ത് ലക്ഷം മുതല്‍ 25 ലക്ഷം വരെ ലഭിച്ചുവെന്നാണ് കണ്ടെത്തല്‍. കവര്‍ച്ചയ്ക്ക് ശേഷം പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് പ്രതികള്‍ താമസിച്ചത്. പ്രതികളുടെ പക്കല്‍ നിന്ന് ഇനിയും പണം കണ്ടെത്താനുണ്ടെന്ന് പൊലീസ് പറയുന്നു. അന്വേഷണസംഘം ഇതുവരെ 1.25 കോടി രൂപയോളം കണ്ടെത്തിയിട്ടുണ്ട്.
ബാക്കി തുക എവിടെയാണെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന.കേസില്‍ 19 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ ചിലര്‍ക്ക് ജയിലില്‍ കൊവിഡ് ബാധിച്ചതിനാല്‍ സുഖപ്പെട്ടശേഷം ഇവരുമായി തെളിവെടുപ്പ് നടത്തും. അതില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്നാണ് കണക്കാക്കുന്നത്.
തെരഞ്ഞെടുപ്പിന് വിനിയോഗിക്കാന്‍ ബിജെപി കര്‍ണാടകയില്‍നിന്ന് കൊണ്ടുവന്നതാണ് മൂന്നരക്കോടിയെന്ന് കോണ്‍ഗ്രസും സിപിഎമ്മും ആരോപിച്ചിരുന്നു. ഇതിന് അനുകൂലമായ തെളിവുകള്‍ ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു.
കുഴല്‍പണം കടത്തിയ കേസില്‍ വ്യാഴാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മരാജില്‍ നിന്നും ബിജെപി നേതാക്കളെ ബന്ധിപ്പിക്കുന്ന നിര്‍ണായക മൊഴി അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. തൃശൂരില്‍ മുറിയെടുത്ത് നല്‍കിയത് ബിജെപി തൃശൂര്‍ ജില്ലാ നേതാക്കളാണെന്ന് ധര്‍മരാജ് അന്വേഷണസംഘത്തിന് മൊഴി നല്‍കി.
വ്യാഴാഴ്ച ആറുമണിക്കൂറിലധികം നേരം നീണ്ട ചോദ്യം ചെയ്യലില്‍ കവര്‍ച്ചയില്‍ നേതാക്കളെ ബന്ധിപ്പിക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കിയത്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് വിളിച്ചു പറഞ്ഞ പ്രകാരം രണ്ട് മുറികള്‍ എടുത്തിരുന്നതായി നേരത്തെ അന്വേഷണ സംഘത്തിന് ലോഡ്ജ് ജീവനക്കാരന്റെ മൊഴി ലഭിച്ചിരുന്നു.