വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ മുന്‍ എംഎല്‍എ പിസി ജോർജിന്റെ മുൻകൂർ ജാമ്യം എറണാകുളം ജില്ലാ സെഷൻസ് കോടതി തളളിയതിന് പിന്നാലെ പി സി ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. കൊച്ചി ഡിസിപി വി യു കുര്യാക്കോസ് ഈരാറ്റുപേട്ടയിലെ വസതിയില്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്. പി സി ജോര്‍ജിനെ തേടിയാണ് അന്വേഷണ സംഘം വീട്ടില്‍ എത്തിയത്. എന്നാല്‍ അദ്ദേഹം സ്ഥലത്തില്ല. സമീപത്തുള്ള സഹോദരന്റെ വീട്ടിലും പരിശോധന നടത്തുകയാണ്.
അതേ സമയം പിസി ജോര്‍ജിന്റെ വെണ്ണലയിലെ പ്രസംഗം പ്രകോപനപരമാണെന്ന് കോടതി വ്യക്തമാക്കി. പ്രസംഗം മതസ്പര്‍ദ്ധയ്ക്കും ഐക്യം തകരാനും കാരണമാകും. 153A, 295A എന്നീ വകുപ്പുകള്‍ ചുമത്തിയത് അനാവശ്യമെന്ന പറയാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചു. മുന്‍കൂര്‍ ജാമ്യം റദ്ദാക്കി കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.
വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി. പിസി ജോര്‍ജ് തുടര്‍ച്ചയായി സമാനരീതിയിലുള്ള കുറ്റകൃത്യം ആവര്‍ത്തിക്കുകയാണെന്ന് പൊലീസ് കോടതിയില്‍ വാദിച്ചു.
പ്രസംഗത്തിന്റെ വീഡിയോയും പൊലീസ് കോടതിയില്‍ ഹജരാക്കിയിരുന്നു. ഇത് പരിശോധിച്ചതിന് ശേഷമാണ് കോടതിയുടെ നടപടി. വിദ്വേഷ പ്രസംഗം നടത്തിയതിന് പാലാരിവട്ടം പൊലീസാണ് പിസി ജോര്‍ജിനെതിരെ കേസെടുത്തത്. വെണ്ണലയിലെ ഒരു ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന പ്രഭാഷണത്തിലാണ് പി.സി ജോര്‍ജ് വിദ്വേഷപ്രസംഗം നടത്തിയത്.
പി സി ജോര്‍ജിനെതിരെ തെളിവുകളുണ്ടെന്നും എന്നാല്‍ ഉടനെ അറസ്റ്റ് ചെയ്യില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചിരുന്നു.