Saturday, July 27, 2024

HomeNewsKeralaകക്കുകളി നാടകത്തിലൂടെ ക്രൈസ്തവ വിശ്വാസികള്‍ അപമാനിക്കപ്പെടുന്നു: കെ. സുധാകരന്‍

കക്കുകളി നാടകത്തിലൂടെ ക്രൈസ്തവ വിശ്വാസികള്‍ അപമാനിക്കപ്പെടുന്നു: കെ. സുധാകരന്‍

spot_img
spot_img

തിരുവനന്തപുരം: ‘കക്കുകളി’ നാടകത്തിലൂടെ ക്രൈസ്തവ മതവിശ്വാസികളും പുരോഹിതരും അപമാനിക്കപ്പെടുന്നതില്‍ ആശങ്കയുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. നാടകത്തിന്റെ പേരില്‍ വര്‍ഗീയതയും വിദ്വേഷവും ജനങ്ങളില്‍ കുത്തിവെക്കുന്നത് ഈ കാലഘട്ടത്തിന് യോജിച്ചതല്ല. സി.പി.എമ്മും ബി.ജെ.പിയും ഈ നാടകം മുതലെടുക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്ന് സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

കേരളത്തിന്റെ വിദ്യാഭ്യാസ – സാംസ്‌കാരിക-സാമൂഹിക മുന്നേറ്റങ്ങളില്‍ നിസ്തുലമായ പങ്കുവഹിച്ചവരാണ് ക്രിസ്ത്യന്‍ സന്ന്യാസ സമൂഹം. ഏറ്റവും പാവപ്പെട്ടവര്‍ക്ക് പോലും ഏറ്റവും മികച്ച വിദ്യാഭ്യാസം ഒരുക്കുകയും ദരിദ്രരുടെ ഇടയിലേക്ക് അവരുടെ വിശപ്പകറ്റാന്‍ ഇറങ്ങിച്ചെല്ലുകയും ചെയ്ത് കേരളത്തിന്റെ കുതിപ്പിന് ചാലകശക്തിയായ സമൂഹമാണ് അവര്‍.

ആ സന്യാസ സമൂഹത്തെ അനുവാചകരുടെ ഹൃദയങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ‘കക്കുകളി’ എന്ന നാടകം ഇറങ്ങിയിരിക്കുന്നത്. നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ കാട്ടുതീ പോലെ പടരുന്ന കാലമാണിതെന്ന് നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മനസ്സിലാക്കണം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പുരോഹിത വര്‍ഗ്ഗത്തെ ഒന്നടങ്കം ആക്ഷേപിക്കുന്ന രീതിയില്‍ സൃഷ്ടികള്‍ ഉണ്ടാകുമ്പോള്‍ സമൂഹത്തില്‍ വിദ്വേഷം വര്‍ധിപ്പിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

ഒരു നാടകം ഇറങ്ങുന്നതും അത് അവതരിപ്പിക്കപ്പെടുന്നതും അതിന് കൈയ്യടി കിട്ടുന്നതും അതിനെതിരെ പ്രതിഷേധം ഉയരുന്നതും നമുക്ക് മനസ്സിലാക്കാം. എന്നാല്‍ നവ ഇന്ത്യയുടെ കലാപകലുഷിത സാഹചര്യങ്ങളില്‍ അരക്ഷിതത്വം അനുഭവിക്കുന്ന ഒരു സമൂഹം ഈ നാടകം തങ്ങളെ ഭയപ്പെടുത്തുന്നു എന്നും ഈ നാടകം തങ്ങളെ അപമാനിക്കുന്നു എന്നും ആശങ്കപ്പെടുമ്പോള്‍ അവരുടെ വിഹ്വലതകള്‍ക്ക് പുല്ലുവില കൊടുത്തുകൊണ്ട് കേരള സര്‍ക്കാര്‍ തന്നെ നാടകം പ്രചരിപ്പിക്കാന്‍ ഇറങ്ങുന്നത് അപകടകരമായ പ്രവണതയാണ്.

നാടകം പറയുന്നത് കമ്യൂണിസത്തിന്റെ മേന്മകളെ കുറിച്ച് കൂടിയാണ്. നാടകം പൊലിപ്പിച്ച് കാട്ടുന്നത് ക്രിസ്ത്യന്‍ പുരോഹിത വര്‍ഗത്തിലെ അത്യപൂര്‍വമായ ചില പുഴുക്കുത്തുകളെയാണ്. അടിമുടി ജീര്‍ണ്ണത പിടിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ പുകഴ്ത്തുകയും എണ്ണിയാല്‍ ഒടുങ്ങാത്ത നന്മകള്‍ സമൂഹത്തിന് സമ്മാനിച്ച ക്രിസ്ത്യന്‍ സന്യാസ സമൂഹത്തിനെ ഇകഴ്ത്തുകയും ചെയ്യുന്ന നാടകം സംഘ്പരിവാറും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ചേര്‍ന്ന് മനുഷ്യമനസ്സുകളില്‍ വര്‍ഗ്ഗീയതയും വിദ്വേഷവും കുത്തിവെക്കുന്ന ഈ കാലഘട്ടത്തിന് യോജിച്ചതല്ല. മനുഷ്യരെ തമ്മിലടിപ്പിച്ച് അധികാരം പിടിക്കാന്‍ നടക്കുന്ന സി.പി.എമ്മും ബി.ജെ.പിയും ഒക്കെ ഈ നാടകം മുതലെടുക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ തിരിച്ചറിയണമായിരുന്നു.

ക്രിസ്ത്യന്‍ പുരോഹിത സമൂഹവും ക്രിസ്തുമത വിശ്വാസികളും അപമാനിക്കപ്പെടുന്നതില്‍ ഞങ്ങള്‍ ആശങ്ക രേഖപ്പെടുത്തുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന ചെല്ലപ്പേരിട്ടു വിളിച്ചാലും സൃഷ്ടികള്‍ മനുഷ്യരെ തമ്മിലടിപ്പിക്കാന്‍ ഉള്ളതാകരുതെന്ന് നാടക പ്രവര്‍ത്തകരെ ഓര്‍മ്മപ്പെടുത്തുന്നു. -കെ. സുധാകരന്‍ വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments