Saturday, July 27, 2024

HomeNewsKeralaവധശിക്ഷയില്‍ നിന്ന് യൂസഫലി രക്ഷിച്ച ബെക്‌സ് കൃഷ്ണന് നാട്ടിലേക്ക് മടങ്ങാം

വധശിക്ഷയില്‍ നിന്ന് യൂസഫലി രക്ഷിച്ച ബെക്‌സ് കൃഷ്ണന് നാട്ടിലേക്ക് മടങ്ങാം

spot_img
spot_img

അബുദാബി: അബുദാബിയില്‍ വധശിക്ഷയില്‍ നിന്ന് മോചിതനായ ബെക്‌സ് കൃഷ്ണന് നാട്ടിലേക്ക് മടങ്ങി പോകുന്നതിനുള്ള ഔട്ട് പാസ് ലഭിച്ചു. യാത്രാ രേഖകള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ബെക്‌സിനെ സന്ദര്‍ശിച്ചിരുന്നു.

മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് തന്നെ ബെക്‌സ് നാട്ടിലേക്ക് പോകുമെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഇടപെട്ടാണ് ബെക്‌സ് കൃഷ്ണനെ വധശിക്ഷയില്‍ നിന്ന് മോചിപ്പിച്ചത്.

അബൂദബി മുസഫയില്‍ വച്ച് താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ബെക്‌സ് കൃഷ്ണന്റെ വധശിക്ഷ യൂസഫലിയുടെ ഇടപെടലില്‍ ഒഴിവായത്. അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ചകളുടെയും ദിയാധനമായി അഞ്ച് ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാന്‍ കോടതി വഴി സാധ്യമായത്.

2012 സെപ്തംബര്‍ ഏഴിനായിരുന്നു അബൂദബിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ബെക്‌സിന്റെ ജീവിതം മാറ്റിമറിച്ച സംഭവം. ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ സംഭവിച്ച കാറപടത്തില്‍ സുഡാന്‍ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യക്ക് കേസെടുത്ത അബൂദബി പൊലീസ് ബെക്‌സ് കൃഷ്ണനെതിരായി കുറ്റപത്രം സമര്‍പ്പിച്ചു.

സി.സി.ടി.വി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങള്‍ നീണ്ട വിചാരണകള്‍ക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013ല്‍ ബെക്‌സിനെ വധശിക്ഷക്ക് വിധിച്ചത്.

അബൂദബി അല്‍ വത്ബ ജയിലില്‍ കഴിഞ്ഞിരുന്ന ബെക്‌സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങള്‍ ഒന്നും ഫലവത്താകാതെ സര്‍വ്വപ്രതീക്ഷകളും തകര്‍ന്ന സമയത്താണ് ബന്ധു സേതു വഴി എം.എ യൂസഫലിയോട് മോചനത്തിനായി ഇടപെടാന്‍ കുടുംബം അഭ്യര്‍ത്ഥിച്ചത്.

കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരവധി തവണ ചര്‍ച്ചകള്‍ നടത്തുകയും കാര്യങ്ങള്‍ പറഞ്ഞ് അവരെ ബോധ്യപ്പെടുത്താനായതുമാണ് മോചനത്തിലേക്കുള്ള വഴി തെളിഞ്ഞത്. ഒരവസരത്തില്‍ ഇതിനായി സുഡാനില്‍ നിന്നും കുടുംബാംഗങ്ങളെ അബൂദബിയില്‍ കൊണ്ട് വന്ന് താമസിപ്പിക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്.

വര്‍ഷങ്ങള്‍ നീണ്ട നിരന്തര ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കു ശേഷം മാപ്പ് നല്‍കാമെന്ന് ബാലന്റെ കുടുംബം കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ബെക്‌സിന്റെ കാരഗ്രഹ വാസത്തിന് വിരാമമാകുന്നത്.

നഷ്ടപരിഹാരമായി കോടതി അഞ്ച് ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ടപ്പോള്‍ യൂസഫലി തന്നെ അത് കഴിഞ്ഞ ജനുവരിയില്‍ കോടതിയില്‍ കെട്ടിവെക്കുകയാണുണ്ടായത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ബെക്‌സ് കൃഷ്ണന്‍ അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

നാട്ടിലേക്ക് പോകാനായുള്ള ഔട് പാസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി അല്‍ വത്ബ ജയിലില്‍ തന്നെ കാണാന്‍ എത്തിയ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെ കണ്ട് ബെക്‌സ് വിങ്ങിപ്പൊട്ടി.

ഒരു നിമിഷത്തെ കയ്യബദ്ധത്തില്‍ സംഭവിച്ച അപകടം സ്വന്തം ജീവിതം അവസാനിക്കുമെന്ന് ഉറപ്പിച്ച സമയത്താണ് ദൈവദൂതനെ പോലെ അദ്ദേഹത്തിന്റെ ഇടപെടല്‍. വീണ്ടും ജീവിതത്തിലേക്ക് മടങ്ങി വരാന്‍ കാരണക്കാരനായ എം.എ യൂസഫലിയെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ബെക്‌സ് കൃഷ്ണന്‍ നിറകണ്ണുകളോടെ പറഞ്ഞു.

വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളുടെ ജീവിതം തിരിച്ചു നല്‍കാന്‍ സാധ്യമായതില്‍ സര്‍വശക്തനായ ദൈവത്തോട് നന്ദി പ്രകടിപ്പിച്ച് എം.എ യൂസഫലി പ്രതികരിച്ചു. യു.എ.ഇ എന്ന രാജ്യത്തിന്റെയും ദീര്‍ഘദര്‍ശികളായ ഭരണാധികാരികളുടെയും മഹത്വമാണ് ഇതിലൂടെ കാണാന്‍ സാധിക്കുന്നത്. കൃഷ്ണനും കുടുംബത്തിനും ഒരു നല്ല ഭാവി ജീവിതം ആശംസിക്കുന്നുവെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments