കൊച്ചി: ലക്ഷദ്വീപിലേക്ക് മെഡിക്കല്‍ സംഘത്തെ അയച്ച മമ്മൂട്ടിയുടെ സഹായഹസ്തത്തിന്റെ വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇന്നിതാ മറ്റൊരു സഹായവും കൂടി അതേ സൂപ്പര്‍ താരത്തില്‍ നിന്ന് പിറന്നിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയിലായി ശസ്ത്രക്രിയ ചെയ്യാനാവാതെ ബുദ്ധിമുട്ടിയിരുന്ന മുന്‍ ഹൊസ്ദുര്‍ഗ് എം.എല്‍.എ എം നാരായണനാണ് മമ്മൂട്ടി സഹായം വാഗ്ദാനം നല്‍കിയിരിക്കുന്നത്. ആശുപത്രിയില്‍ എല്ലാ സൗകര്യവും മമ്മൂട്ടി ഒരുക്കി കഴിഞ്ഞു.
സി.പി.ഐ നേതാവാണ് നാരായണന്‍. കഴിഞ്ഞ ദിവസമാണ് നാരായണന് ശസ്ത്രക്രിയക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നുവെന്ന വാര്‍ത്തകള്‍ വന്നത്. ഹൃദയ ശസ്ത്രക്രിയക്കായി അഞ്ച് ലക്ഷം രൂപയായിരുന്നു കെട്ടിവെക്കേണ്ടിയിരുന്നത്. ഇത് അറിഞ്ഞ ഉടനെയാണ് മമ്മൂട്ടി വിളിച്ചത്. സഹായ വാഗ്ദാനം അറിയിക്കുകയും ചെയ്തു. തിരുവനന്തപുരം നിംസില്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കങ്ങളെല്ലാം ചെയ്‌തെന്നും, നാരായണനെ മമ്മൂട്ടി അറിയിച്ചു.
മമ്മൂട്ടിക്ക് പിന്നാലെ സി.പി.ഐ എല്ലാ സഹായങ്ങളും നാരായണന് വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാ സഹായവും വാഗ്ദാനം ചെയ്ത് കാനം രാജേന്ദ്രന്‍ അടക്കമുള്ളവര്‍ വിളിച്ചതായി നാരായണന്‍ പറയുന്നു. 70 ദിവസത്തേക്കുള്ള മരുന്ന് ശ്രീചിത്രയില്‍ നിന്ന് വാങ്ങിയെന്നും നാരായണന്‍ പറഞ്ഞു. ഓഗസ്റ്റ് 13നാണ് തനിക്കുള്ള ഓപ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിന് മുമ്പ് പാര്‍ട്ടി പണം ശരിയാക്കാമെന്ന് അറിയിച്ചെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
മമ്മൂട്ടി സാറിന്റെ ഓഫീസില്‍ നിന്ന് തന്നെ വിളിച്ചിരുന്നുവെന്ന് നാരായണന്‍ പറഞ്ഞു. ശസ്ത്രക്രിയക്ക് വേണ്ട എല്ല ഏര്‍പ്പാടുകളും മമ്മൂട്ടി നേരിട്ട് ചെയ്തിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. എന്ന് വേണമെങ്കില്‍ ശസ്ത്രക്രിയ ആവാമെന്ന് അറിയിച്ചിട്ടുണ്ടെന്നും നാരായണന്‍ വ്യക്തമാക്കി. സി.പി.ഐ പ്രവര്‍ത്തകനെന്ന നിലയില്‍ ശസ്ത്രക്രിയക്ക് പാര്‍ട്ടിയുടെ തന്നെ സഹായം സ്വീകരിക്കാനാണ് തീരുമാനമെന്നും, വേറെ സഹായങ്ങള്‍ നല്‍കുകയാണെങ്കില്‍ സ്വീകരിക്കുമെന്നും നാരായണന്‍ പറഞ്ഞു.
തന്നെ നേരിട്ട് വിളിക്കാമെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ നേരിട്ട് കാണാന്‍ ആഗ്രഹമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ യാത്രകള്‍ സാധിക്കില്ല. തന്നെ പോലുള്ള ഒരാളെ സഹായിക്കാനുള്ള അദ്ദേഹത്തിന്റെ മനസ്സിന് നന്ദി പറയുന്നുവനെന്നും നാരായണന്‍ പറഞ്ഞു. പണത്തിന്റെ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണ് ശസ്ത്രക്രിയ പതിമൂന്നിലേക്ക് മാറ്റിയത്. നേരത്തെ ചെയ്താല്‍ ആരോഗ്യം കുറച്ച് കൂടി മെച്ചപ്പെടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ടെന്നും നാരായണന്‍ പറഞ്ഞു. പെന്‍ഷന്‍ തുക കൊണ്ട് മാത്രം ജീവിക്കുന്ന നാരായണന് ഇത്രയും വലിയ തുക ഉണ്ടാക്കുക ബുദ്ധിമുട്ടായിരുന്നു.
മമ്മൂട്ടിയുടെ പിന്തുണ ഹൈബി ഈഡന്‍ നടപ്പിലാക്കുന്ന മരുന്ന് വിതരണ പദ്ധതിയിലും പ്രകടമായി. കൊവിഡ് പോസിറ്റീവ് രോഗികള്‍ക്കായുള്ള വൈറ്റമിന്‍ മരുന്നുകള്‍, പ്രതിരോധ പ്രവര്‍ത്തകര്‍ക്കുള്ള പള്‍സ് ഓക്‌സിമീറ്ററുകള്‍, സാനിറ്റൈസറുകല്‍ മുതലായവ മമ്മൂട്ടി ഹൈബി ഈഡന് കൈമാറി. ഈ മരുന്നുകള്‍ ഹൈബി മമ്മൂട്ടിയുടെ വീട്ടിലെത്തിയാണ് ഏറ്റുവാങ്ങിയത്. നടന്‍ രമേശ് പിഷാരടിയും കൂടെയുണ്ടായിരുന്നു. പദ്ധതിയുടെ വിശദാംശങ്ങളും മമ്മൂട്ടി ചോദിച്ചറിഞ്ഞു.