കോഴിക്കോട്: സി.കെ ജാനുവിനെ സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയാക്കാന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ കൈമാറിയെന്ന് തെളിയിക്കുന്ന കൂടുതല്‍ ശബ്ദരേഖകള്‍ ജെ.ആര്‍.പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് പുറത്തുവിട്ടു. പണവുമായി ഹോട്ടലിലെത്താന്‍ സുരേന്ദ്രന്റെ സെക്രട്ടറിയോട് സി.കെ ജാനു നിര്‍ദ്ദേശിക്കുന്ന ശബ്ദരേഖയാണിത്.
ജാനുവിന് പണം കൈമാറുന്നതിന് മുന്‍പ് പലതവണ തന്റെ ഫോണിലേക്ക് സുരേന്ദ്രന്‍ വിളിച്ചിരുന്നുവെന്ന് പ്രസീത പറയുന്നു. ഇതിന്റെ വിവരങ്ങളും പ്രസീത പുറത്തുവിട്ടിട്ടുണ്ട്. തിരുവനന്തപുരത്തെ ഹൊറൈസന്‍ ഹോട്ടസിന്റെ 503-ാം നമ്പര്‍ മുറിയിലെത്താന്‍ ജാനു പ്രസീതയുടെ ഫോണില്‍ നിന്നും സുരേന്ദ്രന്റെ സെക്രട്ടറിയോട് ആവശ്യപ്പെട്ടതിന്റെ എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്ന് പ്രസീത പറയുന്നു.

ഫോണ്‍ റെക്കോര്‍ഡില്‍ സൂചിപ്പിച്ച പ്രകാരം തന്നെ ഹോട്ടല്‍ മുറിയില്‍വെച്ച് 10 ലക്ഷം രൂപ ജാനുവിന് കൈമാറിയെന്നാണ് പ്രസീത ആരോപിക്കുന്നത്. സുരേന്ദ്രന്റെ വിജയ യാത്രയ്ക്കിടയില്‍ മാര്‍ച്ച് മൂന്നിന് കൂടിക്കാഴ്ച്ചയ്ക്ക് സമയം ഒരുക്കാന്‍ പ്രസീതയോട് സുരേന്ദ്രന്‍ പറയുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. കൂടുതല്‍ ശബ്ദരേഖകളും വാട്ട്‌സ്ആപ്പ് ചാറ്റിന്റെ വിശദാംശങ്ങളും പ്രസീത പുറത്തുവിട്ടതോടെ ബി.ജെ.പി സംസ്ഥാന നേതൃത്വം കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുകയാണ്.
പ്രസീത അഴീക്കോട് തന്നെ വിളിച്ചിട്ടുണ്ടാവാമെന്നും ഇക്കാര്യം തനിക്ക് ഓര്‍മ്മയില്ലെന്നുമാണ് സുരേന്ദ്രന്‍ മുന്‍പ് പറഞ്ഞിരുന്നത്. ശബ്ദരേഖയില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും ഓഡിയോ പൂര്‍ണ്ണമായി കേട്ടാലെ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂവെന്നും പറയുന്ന സുരേന്ദ്രന്‍ എന്താണ് എഡിറ്റ് ചെയ്തതെന്നോ താന്‍ യഥാര്‍ഥത്തില്‍ എന്താണ് സംസാരിക്കാന്‍ ഉദ്ദേശിച്ചതെന്നോ വ്യക്തമാക്കിയിരുന്നില്ല.
സികെ ജാനുവിന് വ്യക്തിപരമായി ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നാണ് സുരേന്ദ്രന്‍ ആവര്‍ത്തിക്കുന്നത്. ഒരു രൂപ പോലും സി.കെ ജാനു തന്നോട് ആവശ്യപ്പെട്ടില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം സുല്‍ത്താന്‍ ബത്തേരിയില്‍ പാര്‍ട്ടിയുടെ ആവശ്യത്തിനായി നിയമാനുസൃതമായി പണം നല്‍കിയിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.