തിരുവനന്തപുരം: ബി.ജെ.പിക്കക്ക് കീറാമുട്ടിയായിരിക്കുന്ന കുഴല്‍പ്പണക്കേസില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിജിപിയോട് വിശദീകരണം തേടി. അന്വേഷണത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടര്‍ നടപടിയിലേക്ക് പോകുമെന്നാണ് സൂചന.
തുക ഏതെങ്കിലും സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവിലേക്കാണോ സംസ്ഥാനത്ത് എത്തിയത് എന്ന വിശദാംശങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തേടിയിരിക്കുന്നത്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് 20 പ്രതികളെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.
96 സാക്ഷികളുടെ മൊഴി രേഖപെടുത്തി. ഇ.ഡി ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടാന്‍ പാടില്ല എന്നത് തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
അതേസമയം കേരളത്തില്‍ ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിയെങ്കിലും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അക്കൗണ്ടിലേക്കെത്തിയത് കോടികളാണെന്ന വെളിപ്പെടുത്തലുമായി ബി.ജെ.പി നേതാവ് തന്നെ രംഗത്തെത്തി. നിയമസഭാ തിരഞ്ഞെടുപ്പിനായി ബി.ജെ.പി കേന്ദ്രനേതൃത്വം നല്‍കിയ ഫണ്ട് സുരേന്ദ്രന്‍ തട്ടിയെടുത്തെന്നാണ് സി ജയകൃഷ്ണന്‍ പരസ്യമായി പ്രതികരിച്ചത്.
എന്നാല്‍ കുഴല്‍പ്പണ കേസ് പാര്‍ട്ടിയേയും നേതാക്കളേയും ഒരുപോലെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ പാര്‍ട്ടി നിലപാട് വിശദീകരിക്കാന്‍ സാമൂഹിക മാധ്യമമായ ക്ലബ് ഹൗസില്‍ കൊടകരയിലെ ബി.ജെ.പി വേട്ടയെന്ന വിഷയത്തില്‍ യുവമോര്‍ച്ച ചര്‍ച്ച സംഘടിപ്പിക്കുന്നുണ്ട്.