എറണാകുളം: വധശിക്ഷക്ക് വിധിക്കപ്പെട്ട് അബുദാബി ജയിലില്‍ കഴിഞ്ഞിരുന്ന തൃശൂര്‍ പുത്തന്‍ചിറ ചെറവട്ട സ്വദേശി ബെക്‌സ് കൃഷ്ണന്‍ ഒടുവില്‍ നാട്ടില്‍ തിരിച്ചെത്തി. ഒരിക്കലും തിരിച്ചുവരില്ലെന്ന് ഉറപ്പിച്ച ബെക്‌സ് കൃഷണന് പുതിയ ജീവിതത്തിലേക്കുളള ചുവടുവെപ്പു കൂടിയായിരുന്നു നാട്ടിലേക്കുള്ള മടക്കം.
ചൊവ്വാഴ്ച രാത്രി യു.എ.ഇ സമയം 8.32ന് അബുദാബിയില്‍ നിന്നും പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിലാണ്‌ബെക്‌സ് നാട്ടിലെത്തിയത്. ഇത് പുതിയ ജീവിതംതനിക്കിതൊരു പുതിയ ജീവിതമാണെന്ന് ബെക്‌സ് കൃഷ്ണന്‍ പറഞ്ഞു. ഒമ്പത് വര്‍ഷത്തിന് ശേഷം കുടുംബാംഗങ്ങളെ കാണുന്നതില്‍ സന്തോഷമുണ്ട്. വ്യവസായി യൂസഫലിയുടെ ഇടപെടല്‍ കൊണ്ടാണ് തന്റെ മോചനം സാധ്യമായതെന്നും ബെക്‌സ് പറഞ്ഞു.
വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന തനിക്ക് രക്ഷപെടാന്‍ കഴിയുമെന്ന പ്രതീക്ഷ ലഭിച്ചത് യൂസഫലിയുടെ ഇടപെടലിന് ശേഷമാണ്.ഭര്‍ത്താവിന്റെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് ഭാര്യ വീണ പ്രതികരിച്ചു. നേരില്‍ കണ്ട ഓര്‍മ്മ പോലും ഇല്ലാതിരുന്ന മകന്‍ അദൈ്വതിന്, അച്ഛനെ കണ്ടതിന്റെ ആശ്ചര്യമായിരുന്നു. കുടുംബാംഗങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ അവസാനമായത്.
2012 സെപ്റ്റംബര്‍ ഏഴിനായിരുന്നു അബുദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ബെക്‌സിന്റെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്. ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ സംഭവിച്ച കാറപടത്തില്‍ സുഡാന്‍ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് ബെക്‌സ് കൃഷ്ണനെതിരായി കുറ്റപത്രം സമര്‍പ്പിച്ചു.
നീണ്ട വിചാരണകള്‍ക്ക് ശേഷം യു.എ.ഇ സുപ്രീം കോടതി 2013ല്‍ ബെക്‌സിനെ വധശിക്ഷക്ക് വിധിച്ചു. അബുദാബി അല്‍ വത്ബ ജയിലില്‍ കഴിഞ്ഞിരുന്ന ബെക്‌സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങള്‍ ഒന്നും വിജയിച്ചിരുന്നില്ല. തുടര്‍ന്ന് വ്യവസായി എം.എ യൂസഫലിയുടെ ഇടപെടലിലൂടെയാണ് ബെക്‌സിന് ജയില്‍ മോചനം ലഭിച്ചത്.
വര്‍ഷങ്ങള്‍ നീണ്ട നിരന്തര ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കു ശേഷം മാപ്പ് നല്‍കാമെന്ന് മരിച്ച ബാലന്റെ കുടുംബം കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ബെക്‌സിന്റെ ശിക്ഷ ഇളവ് ചെയ്ത് ജയില്‍ മോചിതനാകാന്‍ കഴിഞ്ഞത്. നഷ്ടപരിഹാരമായി കോടതി ഒരു കോടി ആവശ്യപ്പെട്ടപ്പോള്‍ യൂസഫലി തന്നെ അത് കഴിഞ്ഞ ജനുവരിയില്‍ കോടതിയില്‍ കെട്ടിവെക്കുകയാണുണ്ടായത്.