കൊച്ചി: ഭരണപരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കിടെ ഇന്ന് ലക്ഷദ്വീപ് സന്ദര്‍ശിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നെടുമ്പാശ്ശേരി വഴിയുള്ള യാത്ര ഒഴിവാക്കി. നേരത്തെ നല്‍കിയ അറിയിപ്പിന് വിരുദ്ധമായി അദ്ദേഹം ദാമന്‍ ദിയുവില്‍ നിന്നും വ്യോമസേന വിമാനത്തില്‍ നേരിട്ട് അഗത്തയിലേക്ക് പോയതാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ ലക്ഷദ്വീപ് വിഷയത്തില്‍ നടക്കുന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ നടപടിയെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഹൈബി ഈഡന്റെ നേതൃത്വത്തില്‍ ടി.എന്‍ പ്രതാപന്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ നേരിട്ടുകണ്ട് പരാതി നല്‍കാന്‍ വിമാനത്താവളത്തില്‍ കാത്തിരുന്നു.
എന്നാല്‍ ഇവര്‍ വിവരം നല്‍കിയിട്ടും ഒരു മറുപടി പോലും നല്‍കാതെ അദ്ദേഹം യാത്ര തിരിക്കുകയായിരുന്നു. ജനപ്രതിനിധികളെ കാണാത്ത അഡ്മിനിസ്‌ട്രേറ്ററുടെ നടപടി ധിക്കാരപരമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.
അതിനിടെ അഡ്മിനിസ്‌ടേറ്ററുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ലക്ഷദ്വീപില്‍ ഇന്ന് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ പോലീസ് രംഗത്തെത്തി. സേവ് ലക്ഷ്ദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കരിദിനം അടക്കമുള്ള ജനാധിപത്യ പ്രതിഷേധങ്ങള്‍ക്കെതിരായാണ് പോലീസ് ഭീഷണി.
വീടുകളില്‍ നാട്ടിയ കറുത്ത കൊടി നീക്കണമെന്ന് പോലീസ് വീടുകളില്‍ എത്തി ആവശ്യപ്പെട്ടു. എന്നാല്‍ ജനങ്ങള്‍ ഇത് അംഗീകരിച്ചില്ല. തുടര്‍ന്ന് കൊടി കെട്ടിയ ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് മടങ്ങി. പ്രതിഷേധം കണക്കിലെടുത്ത് വിവിധ ദ്വീപുകളില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.