കൊച്ചി: കവരത്തി പോലീസ് ഫോണ്‍പിടിച്ചെടുത്ത വേളയില്‍ അടുത്ത ബന്ധുക്കളുടെ നമ്പര്‍ എഴുതിയെടുക്കാന്‍പോലും അനുവാദം തന്നില്ലെന്ന് ഐഷ സുല്‍ത്താന. നാല് മണിക്കൂറോളം സ്‌റ്റേഷനില്‍ വെറുതെ ഇരിക്കുകയായിരുന്നു.
12.15 മുതല്‍ 4.30 വരെ ഇരുന്നിട്ടും ആഹാരംപോലും ലഭിച്ചില്ല. തുടര്‍ ചോദ്യം ചെയ്യലിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും ശനിയാഴ്ച കൊച്ചിയിലേക്ക് മടങ്ങാനാണ് തീരുമാനമെന്നും ഐഷ വ്യക്തമാക്കി.
ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ഐഷ സുല്‍ത്താനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുകയും രണ്ട്, മൂന്ന് ഘട്ടത്തില്‍ ഇവ പരിശോധിക്കുകയുമാണ് ചെയ്തതെന്ന് കവരത്തി പൊലീസ് വ്യക്തമാക്കി. കൂടുതല്‍ പരിശോധനകള്‍ക്കാണ് ഫോണ്‍ വാങ്ങിവെച്ചതെന്നും മറ്റുരേഖകള്‍ വരും ദിവസങ്ങളില്‍ പരിശോധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇനിയും ചോദ്യം ചെയ്യല്‍ ഉണ്ടായേക്കും. ബന്ധു ആശുപത്രിയില്‍ ആണെന്ന് പറഞ്ഞതിനാലാണ് കൊച്ചിയിലേക്ക് മടങ്ങാന്‍ അനുമതി നല്‍കിയതെന്നും പൊലീസ് പറയുന്നു.