തിരുവനന്തപുരം: വാര്‍ത്തകളിലൂടെ താരമായ വര്‍ക്കല സബ് ഇന്‍സ്‌പെക്ടര്‍ ആനി ശിവയ്ക്ക് കൊച്ചി സിറ്റിയിലേക്ക് സ്ഥലംമാറ്റം. ആനി കഷ്ടപ്പെട്ട് പഠിച്ചുവളര്‍ന്ന വര്‍കലയില്‍ തന്നെയായിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്. സ്‌റ്റേഷന്‍ ഭരണത്തില്‍ പരിശീലനം നേടിയത് നിലമ്പൂരിലാണ്. നാരങ്ങാവെളളവും ഐസ്‌ക്രീമും വിറ്റു നടന്ന നാട്ടില്‍ തന്നെ ആനി എസ്‌ഐ ആയി ചുമതലയേറ്റു.
ഭര്‍ത്താവ് ഉപേക്ഷിച്ചതും മകനുമായി കഷ്ടപ്പെട്ട് പഠിക്കുകയും പരീക്ഷ എഴുതി എസ്.ഐ പോസ്റ്റ് നേടിയെടുത്തതും വരെയുള്ള പരിശ്രമങ്ങളുടെ കഥ സമൂഹമാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും വാര്‍ത്തയായതോടെ ആനി ശിവക്ക് താരപരിവേഷം തന്നെ കൈവന്നിരുന്നു.
പ്രതിസന്ധികളില്‍ പതറുന്ന പെണ്‍കുട്ടികള്‍ ആത്മഹത്യയിലേക്ക് വഴുതുന്ന പതിവ് വാര്‍ത്തകള്‍ക്ക് പകരം ആനിയുടെ അതിജീവനകഥ ഏറെ ചര്‍ച്ചയാവുകയും ചെയ്തു. സൂപര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ അടക്കം നിരവധിപേര്‍ ആനിയെ അഭിനന്ദിച്ച് ഫേസ്ബുക്കിലും സമൂഹമാധ്യമങ്ങളിലും രംഗത്തുവന്നിരുന്നു.
ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരിക്കെ വിവാഹിതയായ ആനി ശിവയുടെ ജീവിതം പോരാട്ടങ്ങളുടെതാണ്. വൈകാതെ മകനും ആനിയും ഒറ്റയ്ക്കായി. ജീവിതം കടവരാന്തകളിലായിട്ടും പഠനം നിര്‍ത്തിയില്ല. വിദൂര വിദ്യാഭ്യാസം കോഴ്‌സിനു ചേര്‍ന്ന് ബിരുദാനന്തര ബിരുദം നേടി. നാരങ്ങാവെള്ളം, ഐസ് ക്രീം, കൃത്രിമ പൂക്കള്‍ എന്നിവയുടെ വില്‍പന ഉള്‍പെടെ പല തൊഴിലുകള്‍ ചെയ്തു.
ജീവിക്കാനുള്ള പോരാട്ടത്തില്‍ വീണിടത്തു കിടക്കാതെ ദിവസം 20 മണിക്കൂര്‍ വരെ പഠിച്ച് പി എസ് സി പരീക്ഷ എഴുതി ആണ് എസ്‌ഐ സെലക്ഷന്‍ നേടിയത്. ഒടുവില്‍ തന്റെ കണ്ണുനീര്‍ വീണ മണ്ണില്‍ തന്നെ എസ്.ഐ ആകാനുള്ള അപൂര്‍വ ഭാഗ്യത്തിന് ഉടമയുമായി.
2020 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇന്‍സ്‌പെക്ടര്‍ ടി.എസ് ബിനുവിന്റെ മേല്‍നോട്ടത്തില്‍ ആയിരുന്നു നിലമ്പൂരില്‍ പരിശീലനം. വനത്തില്‍ മാവോയിസ്റ്റ് തിരച്ചില്‍ ഉള്‍പെടെ പരിശീലനങ്ങളിലും പ്രാവീണ്യം തെളിയിച്ചു. അന്നൊന്നും തന്റെ ജീവിത സാഹചര്യം ആനി ശിവ വെളിപ്പെടുത്തിയിരുന്നില്ല.
സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞദിവസമാണ് വിവരങ്ങള്‍ അറിയുന്നത്. എസ്.ഐ ആനി ശിവ നിലമ്പൂരില്‍ എത്തുന്നത് കാത്തിരിക്കുകയാണ് സ്‌റ്റേഷനില്‍ എല്ലാവരും.
അതിനിടെ ഇപ്പോള്‍ ആനിയുടെ സ്ഥലംമാറ്റവും ചര്‍ച്ചയായിരിക്കയാണ്. ആനിയുടെ സ്ഥലം മാറ്റത്തിന് പിന്നില്‍ ശിക്ഷാനടപടിയാണോ എന്ന തരത്തില്‍ വ്യാപകമായി അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ആനിയുടെ അഭ്യര്‍ഥന പ്രകാരമാണ് അവരെ കൊച്ചിയിലേക്ക് മാറ്റിയതെന്നാണ് വിവരം.