തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ബാറുകള്‍ വീണ്ടും തുറന്നു. എന്നാല്‍ മദ്യവില്‍പ്പന ഉടന്‍ ഉണ്ടാകില്ല. ബിയറും വൈനും മാത്രം പാഴ്‌സല്‍ ആയി വില്‍പ്പന നടത്താനാണ് ബാറുടമകളുടെ തീരുമാനം.
മദ്യത്തിന് വെയര്‍ ഹൗസ് മാര്‍ജിന്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ അറിയിച്ചു. രണ്ടാം ലോക്ക്ഡൗണിന് ശേഷം ബാറുകള്‍ക്ക് എം.ആര്‍.പി നിരക്കില്‍ മദ്യവില്‍പ്പനയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
എന്നാല്‍ ബെവ്‌റേജസ് കോര്‍പ്പറേഷന്‍ തൊട്ടുപിന്നാലെ വെയര്‍ഹൗസ് മാര്‍ജിന്‍ വര്‍ധിപ്പിച്ചു. 15 ശതമാനം വെയര്‍ഹൗസ് മാര്‍ജിനില്‍ എം.ആര്‍.പി നിരക്കില്‍ മദ്യം വില്‍ക്കാനാകില്ലെന്ന നിലപാടാണ് ബാറുടമകളുടേത്. അതേസമയം ഇരുന്ന് മദ്യപിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കുന്നതോടെ പെഗ് നിരക്കിന് ആനുപാതികമായി വിലവര്‍ധിപ്പിച്ച് ഈ നഷ്ടം ബാറുടമകള്‍ക്ക് പരിഹരിക്കാമെന്ന് ബെവ്‌റേജസ് കോര്‍പ്പറേഷന്‍ ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് സമയത്തെ ടേണ്‍ ഓവര്‍ ടാക്‌സ് പോലും അടയ്ക്കാന്‍ കഴിയാതെ ബാറുടമകള്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് വെയര്‍ഹൗസ് മാര്‍ജിന്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. വെയര്‍ഹൗസ് മാര്‍ജിന്‍ വര്‍ധന ബാറുകള്‍ക്ക് വന്‍ ബാധ്യത വരുത്തി വയ്ക്കുമെന്നാണ് ഉടമകള്‍ പറയുന്നത്.
ബാറുകളിലും പാര്‍ലറുകളിലുമുള്ള ബിയറും വൈനും കാലാവധി കഴിയുന്ന തിയ്യതിയിലേക്കടുക്കുകയാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഉടമകളുടെ പുതിയ തീരുമാനം. എന്നാല്‍ ബിയറിനും വൈനിനും എം.ആര്‍.പിയില്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ലെന്ന് ബാറുകള്‍ക്ക് അസോസിയേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.